തോല്‍പിച്ചത് മദ്യനയമല്ല, അഴിമതി –കെ.സി.ബി.സി മദ്യവിരുദ്ധ സമിതി

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്‍െറ പരാജയത്തിന് കാരണം മദ്യനയമല്ല, അഴിമതിയാണെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി. തോല്‍വിക്ക് കാരണം മദ്യനയമാണെന്ന പ്രതിപക്ഷനേതാവിന്‍െറ പ്രസ്താവന യാഥാര്‍ഥ്യത്തിന് നിരക്കാത്തതാണെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള പ്രസ്താവനയില്‍ പറഞ്ഞു.

സമ്പൂര്‍ണ മദ്യനിരോധം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപനം നടത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ബിഹാറിലും തമിഴ്നാട്ടിലും ഉണ്ടായ ഭരണകക്ഷിയുടെ മൃഗീയഭൂരിപക്ഷം ചെന്നിത്തല കണ്ടില്ളെന്ന് നടിക്കരുത്. മദ്യനയമാണ് പരാജയത്തിന് കാരണമെങ്കില്‍ തൊടുപുഴയില്‍ പി.ജെ. ജോസഫും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും ചരിത്രഭൂരിപക്ഷം നേടിയതും പാലായില്‍ കെ.എം. മാണി വിജയിച്ചതും എങ്ങനെയാണെന്ന് വ്യക്തമാക്കണം. കോണ്‍ഗ്രസ് 22 സീറ്റില്‍ ഒതുങ്ങിയതിന്‍െറ കാരണം കോണ്‍ഗ്രസിനുള്ളിലെ ‘ഘടകകക്ഷി’കളും അഴിമതി കുടുംബവത്കരിച്ചതുമാണ്.

ബാറുകള്‍ അടച്ചിട്ടും മദ്യ ഉപഭോഗം കൂടിയെന്നും ചെക്പോസ്റ്റുകള്‍ വഴി വ്യാജമദ്യം കേരളത്തിലേക്ക് ഒഴുകുന്നുണ്ടെന്നുമുള്ള എക്സൈസ് മന്ത്രിയുടെ പ്രതികരണം ദുസ്സൂചനകളാണ് നല്‍കുന്നതെന്നും പ്രസാദ് കുരുവിള പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.