തൃശൂർ: കേരളമുൾപ്പെടെ പലയിടത്തും ക്രിസ്മസ് ആഘോഷങ്ങൾ തടയുകയും അതേസമയം ഡൽഹിയിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷിക്കുകയും ചെയ്യുന്ന ബി.ജെ.പിയുടെ ഇരട്ടത്താപ്പിൽ രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മിലിത്തിയോസ്. 'അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുൽക്കൂട് വന്ദിക്കുന്നു. ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തിൽ എന്തോ പറയുമല്ലോ..!' -അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ വിമർശിച്ചു.
ഡൽഹിയിലെ ക്രിസ്മസ് വിരുന്ന് ബി.ജെ.പിയുടെയും പ്രധാനമന്ത്രിയുടെയും നാടകമെന്ന് യൂഹാനോൻ മിലിത്തിയോസ് പ്രതികരിച്ചു. 'ഒരു ഭാഗത്ത് പ്രധാനമന്ത്രി ക്രൈസ്തവ സമൂഹത്തെ ചേർത്തുനിർത്തുന്നതായി കാണിക്കാൻ ശ്രമിക്കുന്നു. മറുവശത്ത് ആർ.എസ്.എസിന്റെ സംഘടനകൾ കേരളത്തിലുൾപ്പെടെ പുൽക്കൂടും അലങ്കാരങ്ങളും നശിപ്പിക്കാൻ ശ്രമിക്കുന്നു. ഇത് ഇവിടെ മാത്രമുള്ള സംഭവമല്ല. രാജ്യത്ത് പൊതുവേ സവർണഹിന്ദുത്വം മാത്രം മതി എന്ന സവർക്കറുടെയും മറ്റും ചിന്തക്ക് അനുസൃതമായ കാര്യമാണ് നടക്കുന്നത്. വലിയ പ്രതിഷേധം ഉണ്ടാവാതിരിക്കാനാണ് സഭാ നേതാക്കളെ താൽക്കാലികമായി പ്രീതിപ്പെടുത്തുന്നത്'- യൂഹാനോൻ മിലിത്തിയോസ് പറഞ്ഞു.
ഡല്‍ഹിയിലെ കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ആസ്ഥാനത്ത് നടന്ന ആഘോഷപരിപാടികളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായി പങ്കെടുത്തത്. അതേസമയം, മോദിക്ക് ക്രൈസ്തവ മേലധ്യക്ഷന്മാരൊരുക്കിയ ക്രിസ്മസ് വിരുന്ന് വേട്ടയാടപ്പെടുന്ന ക്രൈസ്തവർക്കെതിരായ അവഹേളനമാണെന്ന രൂക്ഷ വിമർശനം ഉയർന്നുകഴിഞ്ഞു. രാജ്യത്ത് ക്രൈസ്തവർക്കെതിരെ അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നിഷ്ക്രിയനായി തുടരുന്നതിന് വിമർശനമേറ്റുവാങ്ങിയ പ്രധാനമന്ത്രിക്കൊപ്പമുള്ള ക്രിസ്മസ് ആഘോഷം തെറ്റായ സന്ദേശം നൽകുന്നതാണെന്ന് സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.