മദ്യനയത്തില്‍ കാതലായ മാറ്റംവരും

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്‍െറ മദ്യനയത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷം കാതലായ മാറ്റം വരുത്താന്‍ ആലോചന. മദ്യവര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഗുണനിലവാരമുള്ള മദ്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കാന്‍ സംവിധാനം ഉണ്ടാക്കുക എന്നതാണ് നയത്തിന്‍െറ പൊരുള്‍. അടച്ച ബാറുകള്‍ മുഴുവന്‍ തുറക്കില്ല.  

അതേസമയം, ഫോര്‍ സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയേക്കും. മദ്യനിരോധം ഇടതു സര്‍ക്കാറിന്‍െറ അജണ്ടയില്‍ ഉണ്ടാകില്ല. ബിവറേജ് കോര്‍പറേഷന്‍െറയും കണ്‍സ്യൂമര്‍ ഫെഡിന്‍െറയും നിലവിലെ ഒൗട്ട് ലെറ്റുകള്‍ ഇനി അടച്ചുപൂട്ടില്ല. വന്‍കിട മാളുകളിലും ഷോപ്പിങ് കോംപ്ളക്സുകളിലും ബിവറേജ് ഒൗട്ട് ലെറ്റുകള്‍  പുതുതായി തുടങ്ങും. ഉപഭോക്താക്കള്‍ക്ക് റോഡില്‍ ക്യൂ നില്‍ക്കാതെ മദ്യം ലഭ്യമാക്കും. മദ്യത്തില്‍നിന്ന് ലഭിക്കുന്ന റവന്യൂ വരുമാനത്തില്‍ ഒരു ഭാഗം മദ്യവര്‍ജനം പ്രോത്സാഹിപ്പിക്കാന്‍ ചെലവഴിക്കും.

നിലവില്‍ യു.ഡി.എഫ് സര്‍ക്കാറിന്‍െറ മദ്യനയമാണ് പിണറായി സര്‍ക്കാര്‍ തുടരുന്നത്. അതു ഈ സാമ്പത്തിക വര്‍ഷം  മാറ്റമില്ലാതെ  തുടരും. എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ മദ്യനയം  അടുത്ത ഏപ്രില്‍ ഒന്നിനാണു  നിലവില്‍ വരുക. കോണ്‍ഗ്രസില്‍ വിരുദ്ധ അഭിപ്രായം ഉള്ളതിനാല്‍ പുതിയ മദ്യനയത്തില്‍ വലിയ രാഷ്ട്രീീയ എതിര്‍പ്പ് ഉണ്ടാകാന്‍ ഇടയില്ളെന്നാണ് എല്‍.ഡി.എഫിന്‍െറ പ്രതീക്ഷ.  കോണ്‍ഗ്രസിലെ രണ്ടു പ്രബല ഗ്രൂപ്പുകളും തെരഞ്ഞെടുപ്പ് തോല്‍വിയുടെ പ്രധാന കാരണങ്ങളില്‍ ഒന്നായി വിലയിരുത്തുന്നത്  മദ്യനയത്തെയാണ്.

കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും പാര്‍ട്ടിയില്‍ അദ്ദേഹത്തെ അനുകൂലിക്കുന്നവരും മാത്രമേ   യു.ഡി.എഫിന്‍െറ മദ്യനയത്തില്‍ ഉറച്ചുനില്‍ക്കുന്നുള്ളൂ. മുന്നണിയിലെ പാര്‍ട്ടികളില്‍ മുസ്ലിം ലീഗ് മാത്രമാണ് മദ്യനയം ശരിവെക്കുന്നത്.
718 ബാറുകള്‍ അടക്കുകയും ബിവറേജ് ഒൗട്ട് ലെറ്റുകളില്‍ ഇരുപതു ശതമാനം പൂട്ടുകയും ചെയ്തെങ്കിലും മദ്യ ഉപഭോഗത്തില്‍ ആനുപാതിക കുറവ് ഉണ്ടായിട്ടില്ളെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

മയക്കുമരുന്ന് ഉപയോഗത്തില്‍  ഗണ്യമായ വര്‍ധന ഉണ്ടാവുകയും ചെയ്തു. ടൂറിസം മേഖലയെ മദ്യനയം പ്രതികൂലമായി ബാധിച്ചതായി ബന്ധപ്പെട്ട വകുപ്പ് സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, മദ്യപാനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.