ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവം: നടപടി റിപ്പോര്‍ട്ട് ലഭിച്ച ശേഷം

തിരുവനന്തപുരം: ശര്‍ഭാശയ ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ തല്‍ക്കാലം നടപടിയില്ളെന്ന് ആരോഗ്യവകുപ്പ്.
ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ഇക്കാര്യത്തില്‍ അനാസ്ഥകാട്ടിയിട്ടില്ളെന്നും സംഭവം ബോധ്യമായ ഉടന്‍ കൂടുതല്‍ വിദഗ്ധചിത്സക്ക് കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് രോഗിയെ റഫര്‍ ചെയ്യുകയുണ്ടായെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്. അതിന്‍െറ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കെതിരെ നടപടി വേണ്ടെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നിലപാട്. എന്നാല്‍ ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ച സംഭവിച്ചെന്നും കര്‍ശനനടപടി എടുക്കണമെന്ന നിലപാടില്‍ ബന്ധുക്കള്‍ ഉറച്ചുനില്‍ക്കുകയുമാണ്.
പരാതിയുടെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് പൊലീസ് വീട്ടിലത്തെി ബന്ധുക്കളുടെയും മറ്റും മൊഴിയെടുത്തു. അതേമസയം, ആരോഗ്യ ഡയറക്ടറുടെ നേതൃത്വത്തില്‍ സംവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്. അതിന്‍െറ റിപ്പോര്‍ട്ട് വരാനിരിക്കുന്നേയുള്ളൂ. അത് വന്നശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍, വിശദ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് ലഭിക്കുന്ന മുറക്ക് നടപടി ഉണ്ടാകുമെന്നുമാണ് ആരോഗ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തൊളിക്കോട് സ്വദേശി ലൈലാബീവിക്ക് നടത്തിയ ശസ്ത്രക്രിയക്കിടെയാണ് ഉപകരണം വയറ്റില്‍ കുടുങ്ങിയത്.ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ രേണുകയാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.

ഉപകരണം കുടുങ്ങിയെന്ന് പരിശോധനയില്‍ തെളിഞ്ഞതോടെ എല്ലാവിധ സംവിധാനങ്ങളോടെയും ഡോക്ടര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് രോഗിയെ അയക്കുകയും മെഡിക്കല്‍ കോളജിലെ സര്‍ജനുമായി വിഷയം ചര്‍ച്ചചെയ്യുകയും ചെയ്തുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ ഡോക്ടറുടെ ഭാഗത്തുനിന്ന് വീഴ്ചസംഭവിച്ചിട്ടില്ളെന്നാണ് കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷനും (കെ.ജി.എം.ഒ.എ) വ്യക്തമാക്കിയത്. ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കൂട്ടാക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ശസ്ത്രക്രിയക്കുശേഷം ചകിത്സയില്‍ കഴിയുന്ന ലൈലാബീവി സുഖംപ്രാപിച്ചുവരുന്നതായി മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.


നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമീഷന്‍
തിരുവനന്തപുരം: നെടുമങ്ങാട് താലൂക്കാശുപത്രിയില്‍ ഗര്‍ഭപാത്രം നീക്കാനുള്ള ശസ്ത്രക്രിയക്കിടെ സ്ത്രീയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം തുന്നിക്കെട്ടിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു. ചികിത്സാപിഴവിന്‍െറ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് സംഭവമെന്ന് കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവില്‍ പറഞ്ഞു. ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവാദിത്തം സര്‍ക്കാറിനുണ്ടെന്നും കമീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാണിച്ചു. സംഭവത്തെക്കുറിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസറും മെഡിക്കല്‍ കോളജ് സൂപ്രണ്ടും നെടുമങ്ങാട് താലൂക്കാശുപത്രി സൂപ്രണ്ടും വിശദീകരണം നല്‍കണം. ശസ്ത്രക്രിയക്ക് വിധേയയായ സ്ത്രീക്ക് എത്ര നഷ്ടപരിഹാരം നല്‍കാം എന്നതിനെക്കുറിച്ച് സര്‍ക്കാറിനുവേണ്ടി ആരോഗ്യവകുപ്പ് സെക്രട്ടറിയും മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണം.
നഷ്ടപരിഹാരം നല്‍കിയശേഷം ഉത്തരവാദികളായവരില്‍ നിന്ന് തുക തിരിച്ചുപിടിക്കാവുന്നതാണെന്നും ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവില്‍ പറഞ്ഞു.
യുവതിക്കും കുടുംബത്തിനും ഉണ്ടായ മനോവിഷമം ശാരീരികവിഷമത്തേക്കാള്‍ കൂടുതലാണെന്നും ഉത്തരവില്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.