നന്ദകുമാറിന്‍െറ അറസ്റ്റ്: ഉമ്മന്‍ ചാണ്ടിയെ വിസ്തരിച്ചു

കോഴിക്കോട്: 1999ല്‍ തന്നെ അറസ്റ്റ് ചെയ്തത് കള്ളക്കേസിലാണെന്നും നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് ക്രൈം നന്ദകുമാര്‍ നല്‍കിയ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിസ്തരിച്ചു. തിങ്കളാഴ്ച മൂന്നാം അഡീഷനല്‍ സബ് കോടതിയിലാണ് സാക്ഷിയായ ഇദ്ദേഹത്തെ വിസ്തരിച്ചത്.
മുന്‍ എം.എല്‍.എ ശോഭന ജോര്‍ജിനെതിരെ വാര്‍ത്ത കൊടുക്കാതിരിക്കാന്‍ പണം ചോദിച്ചുവെന്ന കേസിലായിരുന്നു നന്ദകുമാറിന്‍െറ അറസ്റ്റ്.
ശോഭന ജോര്‍ജ് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ക്ക് പരാതി നല്‍കിയെന്നും അന്ന് രാത്രി 12.30ന് നന്ദകുമാറിനെ കോഴിക്കോട്ട് അറസ്റ്റ് ചെയ്തെന്നും ഉമ്മന്‍ ചാണ്ടി മൊഴി നല്‍കി. തുടര്‍ന്ന് അദ്ദേഹത്തിന്‍െറ ‘മനോലോകം’ ഓഫിസില്‍ പൊലീസ് പരിശോധന നടത്തി. 2002ല്‍ താന്‍ മുഖ്യമന്ത്രിയായപ്പോള്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും ശരിയായ നടപടി ക്രമപ്രകാരമല്ല അറസ്റ്റെന്ന് തിരിച്ചറിഞ്ഞ് കേസ് തള്ളുകയും ചെയ്തു. 2005ല്‍ ഹൈകോടതി എഫ്.ഐ.ആര്‍ റദ്ദാക്കുകയും ചെയ്തു. 2002ല്‍ എ.കെ. ആന്‍റണി മുഖ്യമന്ത്രിയായിരിക്കെ, നടപടിക്രമം പാലിക്കാതെയാണ് നന്ദകുമാറിന്‍െറ അറസ്റ്റ് നടന്നതെന്ന് നിയമസഭയില്‍ ചോദ്യത്തിനു മറുപടി നല്‍കിയതായും ഉമ്മന്‍ ചാണ്ടി മൊഴി നല്‍കി.

ഇ.കെ. നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശി, ശോഭന ജോര്‍ജ്, കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും അന്നത്തെ പൊലീസ് കമീഷണര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. എതിര്‍കക്ഷികളുടെ തെളിവെടുപ്പിനായി കേസ് സെപ്റ്റംബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും. പരാതിക്കാരന് വേണ്ടി അഡ്വ. കെ.ബി. ശിവരാമകൃഷ്ണന്‍ ഹാജരായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.