അനധികൃത സ്വത്ത്: വീര്‍ഭദ്ര സിങ്ങിനെതിരെ കുറ്റപത്രം തയാറെന്ന് സി.ബി.ഐ

ന്യൂഡല്‍ഹി: വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിനും കൂട്ടാളികള്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സി.ബി.ഐ ഡല്‍ഹി ഹൈകോടതിയുടെ അനുമതി തേടി. എന്നാല്‍, വാദം കേള്‍ക്കേണ്ട ജസ്റ്റിസ് എ.കെ. പഥക് കേസില്‍നിന്ന് പിന്മാറി. പിന്മാറ്റത്തിന്‍െറ കാരണം അദ്ദേഹം വ്യക്തമാക്കിയില്ല. ഇതേതുടര്‍ന്ന് ഈ മാസം 30ന് മറ്റൊരു ബെഞ്ച് മുമ്പാകെ കേസില്‍ വാദം തുടരും. വീര്‍ഭദ്ര സിങ്ങിന്‍െറ അഭിഭാഷകന്‍ രണ്ടാഴ്ചത്തെ സമയം നീട്ടിചോദിച്ചെങ്കിലും കുറ്റപത്രം തയാറായതിനാല്‍ വാദംകേള്‍ക്കല്‍ ഉടന്‍ ആരംഭിക്കണമെന്ന് സി.ബി.ഐ അഭിഭാഷകന്‍ സഞ്ജയ് ഭണ്ഡാരി ആവശ്യപ്പെട്ടു.
സിങ്ങിന്‍െറ അറസ്റ്റ്, ചോദ്യം ചെയ്യല്‍, കുറ്റപത്രം സമര്‍പ്പിക്കല്‍ എന്നിവ കോടതിയുടെ അനുമതിയില്ലാതെ നടത്തരുതെന്ന് ആവശ്യപ്പെട്ട്  2015 ഒക്ടോബറില്‍ ഹിമാചല്‍ ഹൈകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. പിന്നീട് സുപ്രീംകോടതി കേസ് ഡല്‍ഹി ഹൈകോടതിയിലേക്ക് മാറ്റി. എന്നാല്‍, നേരത്തെയുള്ള ഹിമാചല്‍ കോടതിയുടെ സ്റ്റേ പിന്‍വലിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് സി.ബി.ഐ ഡല്‍ഹി ഹൈകോടതിയുടെ അനുമതി തേടിയത്.
സി.ബി.ഐ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിങ് നേരത്തെ ഹിമാചല്‍ ഹൈകോടതിയില്‍ നല്‍കിയ ഹരജി തള്ളിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.