വാളയാര്‍ വഴി ഗ്രാനൈറ്റ് കടത്ത്: സംഭവത്തിന് പിന്നില്‍ ഉദ്യോഗസ്ഥ ഒത്താശയെന്ന് വാണിജ്യനികുതി ഇന്‍റലിജന്‍സ്

പാലക്കാട്: വാളയാര്‍ ചെക്പോസ്റ്റ് വഴി നികുതിവെട്ടിച്ച് ഗ്രാനൈറ്റ് കടത്തിയത് വില്‍പനനികുതി ഉദ്യോഗസ്ഥറുടെ അറിവോടെയെന്ന് വാണിജ്യനികുതി ഇന്‍റലിജന്‍സിന്‍െറ പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പിടിക്കപ്പെട്ട ലോറിയില്‍ മുമ്പ് അഞ്ച് തവണ വാളയാര്‍ വഴി നികുതിവെട്ടിച്ച് ഗ്രാനൈറ്റ് കടത്തിയതായും വ്യക്തമായി. 32 ടണ്‍ ഗ്രാനൈറ്റ് കഴിഞ്ഞ 18ന് അര്‍ധരാത്രി മുന്‍ ഗതാഗത കമീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി വാളയാര്‍ ടോള്‍പ്ളാസയില്‍ പിടികൂടിയിരുന്നു. വാണിജ്യനികുതി വകുപ്പിന് കൈമാറിയ ലോറി അന്വേഷണത്തിന് വാളയാര്‍ പൊലീസിന് കൈമാറി. ലോറി ഡ്രൈവര്‍ നിലമ്പൂര്‍ സ്വദേശി സല്‍മാനെ (22) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ചെക്പോസ്റ്റിലെ ടോക്കണ്‍ കലക്ഷന്‍ ബൂത്ത് ഓഫിസ് അറ്റന്‍ഡര്‍ ചന്ദ്രമോഹനെ വാണിജ്യനികുതി വകുപ്പ് സസ്പെന്‍റ് ചെയ്തിരുന്നു. നിലമ്പൂരിലെ വ്യാപാര സ്ഥാപനത്തിലേക്കുള്ളതായിരുന്നു ഗ്രാനൈറ്റ്. ലോറിയും വ്യാപാരിയുടേതാണ്. ബംഗളൂരു ഹൊസൂര്‍ റോഡില്‍നിന്നാണ് ഗ്രാനൈറ്റ് കൊണ്ടുവന്നത്. രാത്രി 9.40ന് എക്സൈസ് ചെക്പോസ്റ്റില്‍ ട്രിപ്പ് ഷീറ്റ് നല്‍കി ചരക്ക് രേഖപ്പെടുത്തി സീല്‍ ചെയ്ത് വാങ്ങിയെങ്കിലും വാണിജ്യനികുതി ചെക്പോസ്റ്റില്‍ ക്ളിയറന്‍സെടുക്കാതെ ലോറി കടന്നുപോകുകയായിരുന്നു. ടോക്കണ്‍ ഇല്ലാത്ത വാഹനം കടന്നുപോയത് കലക്ഷന്‍ ബൂത്തിലെ ഉദ്യോഗസ്ഥന്‍െറ ഒത്താശയോടെയാണെന്നാണ് പ്രാഥമിക കണ്ടത്തെല്‍.
ഈ വര്‍ഷം മാത്രം ഈ ലോറി വാണിജ്യനികുതി ചെക്പോസ്റ്റില്‍ ക്ളിയറന്‍സ് വാങ്ങാതെ അഞ്ചുതവണ കടന്നുപോയതായി ഇന്‍റലിജന്‍സ് കണ്ടത്തെിയിട്ടുണ്ട്.
അഞ്ച് തവണയും എക്സൈസ് ചെക്പോസ്റ്റില്‍ ചരക്ക് ഗ്രാനൈറ്റ് എന്ന് രേഖപ്പെടുത്തി ട്രിപ്പ്ഷീറ്റ് സീല്‍ ചെയ്തുവാങ്ങിയതിന് രേഖയുണ്ട്. ലോറി കടന്നുപോയ സമയങ്ങളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നത് സസ്പെന്‍ഷനിലായ ജീവനക്കാരനായിരുന്നു.

വാളയാര്‍ കേന്ദ്രീകരിച്ച് നികുതിവെട്ടിപ്പിന് ഒത്താശ ചെയ്യുന്ന മാഫിയ സംഘം സര്‍ക്കാറിന് ലക്ഷങ്ങള്‍ നഷ്ടമുണ്ടാക്കുന്ന കടത്തിന് ചരടുവലിച്ചതായും വാണിജ്യനികുതി വകുപ്പിന്‍െറ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സംഭവത്തില്‍ വാണിജ്യനികുതി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നുമാവശ്യപ്പെട്ടാണ് വാണിജ്യനികുതി വകുപ്പ് പൊലീസില്‍ പരാതി നല്‍കിയത്. ടോള്‍പ്ളാസയിലെ സി.സി.ടി.വി ദൃശ്യങ്ങളും എക്¥ൈസസ് ചെക്പോസ്റ്റിലെ രേഖകളും കേസില്‍ സുപ്രധാന തെളിവാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.