സി.പി.ഐക്ക് സീറ്റ് വിറ്റ പാരമ്പര്യം –മാണി

കോട്ടയം: സി.പി.ഐക്കും സംസ്ഥാന സെക്രട്ടറി കാനം രജേന്ദ്രനുമെതിരെ രൂക്ഷവിമര്‍ശവുമായി കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം. മാണി. കേരള കോണ്‍ഗ്രസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ സി.പി.ഐക്ക് വിറളിപിടിക്കുകയാണെന്നും അത് എന്തുകൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ളെന്നും മാണി പരിഹസിച്ചു. കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയില്‍ പ്രവേശിപ്പിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന കാനം രാജേന്ദ്രന്‍െറ പ്രസ്താവനക്കെതിരെ പാലായില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസിന്‍െറ രാഷ്ട്രീയ നിലപാട് യു.ഡി.എഫ് വിട്ടപ്പോള്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. നിലപാടില്‍ ഇപ്പോഴും മാറ്റമില്ല. പാര്‍ട്ടി എങ്ങോട്ടുമില്ല. സി.പി.ഐ കളങ്കിതരുടെ പാര്‍ട്ടിയാണ്. സ്വന്തം സീറ്റ് വിറ്റവരാണ് അവര്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിറ്റ സി.പി.ഐയുടെ പാരമ്പര്യം ഞങ്ങള്‍ക്കില്ല. കേരള കോണ്‍ഗ്രസിന് സി.പി.ഐയുടെ സാരോപദേശം ആവശ്യമില്ല. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് കേരള കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നതെന്നും മാണി പറഞ്ഞു.

സി.പി.ഐയെ ആക്ഷേപിക്കുന്നവര്‍ ബജറ്റ് കച്ചവടക്കാര്‍ –ഫ്രാന്‍സിസ് ജോര്‍ജ്
കോട്ടയം: ബജറ്റ് വിറ്റുവെന്നാരോപണം നേരിടുന്നവരാണ് സീറ്റ് കച്ചവടക്കാരെന്ന് സി.പി.ഐയെ ആക്ഷേപിക്കുന്നതെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്. കേരള കോണ്‍ഗ്രസ്  എം നേതാക്കള്‍ ആത്മപരിശോധനക്ക് തയാറാകണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.എല്‍.ഡി.എഫില്‍ കയറിക്കൂടണമെന്നത് കേരള കോണ്‍ഗ്രസിന്‍െറ ആഗ്രഹമാണ്. അവര്‍ വെറുതെ  പുകമറ സൃഷ്ടിക്കുകയാണ്. സി.പി.എം സഹകരിപ്പിക്കാമെന്ന് പറഞ്ഞതിന്‍െറ അര്‍ഥം രാഷ്ട്രീയ സഖ്യമെന്നല്ല. ആരുടെയും പിന്നാലെ അപേക്ഷയുമായി പോകില്ളെന്നാണ് മാണി ഗ്രൂപ് പറയുന്നത്. കേരള കോണ്‍ഗ്രസിനെ അപേക്ഷയില്ലാതെ സ്വീകരിക്കാന്‍ തയാറായിരിക്കുന്നത് എന്‍.ഡി.എ മാത്രമാണ്. കേരള കോണ്‍ഗ്രസുകളുടെ യോജിപ്പ് ഫലപ്രദമാകുമെന്ന വിശ്വാസം പാര്‍ട്ടിക്കില്ല. ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന പ്രതിനിധി സമ്മേളനവും കര്‍ഷകസംഗമവും ഒക്ടോബര്‍ ഏഴ്,ഏട്ട്, ഒമ്പത് തീയതികളില്‍ കോട്ടയം തിരുനക്കര മൈതാനത്ത് നടക്കും.

പ്രസ്താവന കുശിനിക്കാരന്‍െറ അഭിപ്രായം പോലെ
കോട്ടയം: വീട്ടുകാര്യങ്ങളില്‍ കുശിനിക്കാരന്‍ അഭിപ്രായം പറയുന്നതുപോലെയാണ് ഇടതുമുന്നണിയുടെ നിലപാട് സംബന്ധിച്ച് ഫ്രാന്‍സീസ് ജോര്‍ജിന്‍െറ പ്രസ്താവന എന്ന് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി അംഗം പ്രിന്‍സ് ലൂക്കോസ് അഭിപ്രായപ്പെട്ടു. രൂപംകൊണ്ടതിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ മത്സരിച്ച സീറ്റുകളിലെല്ലാം ‘വീരമൃത്യു’ പ്രാപിച്ച പാര്‍ട്ടിയാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ്. സ്വാഭാവിക മരണം സംഭവിച്ചുകഴിഞ്ഞ ഈ പാര്‍ട്ടിയുടെ അഭിപ്രായപ്രകടനങ്ങള്‍ക്ക് ആ വിലയേ നല്‍കുന്നുള്ളൂ.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.