നന്മയുടെ പ്രകാശം പകര്‍ന്ന് ബിജു യാത്രയായി

കൊച്ചി: അഞ്ച് കുടുംബങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി ബിജു (47) യാത്രയായി. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂത്തകുന്നം സ്വദേശി ബിജുവിന്‍െറ അവയവങ്ങള്‍  അഞ്ച് പേരുടെ ജീവിതത്തിന് വെളിച്ചമാകുകയായിരുന്നു. പെട്ടെന്നുണ്ടായ ബോധക്ഷയത്തെ തുടര്‍ന്ന് ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബിജുവിന്‍െറ തലച്ചോറില്‍ ഗുരുതര രക്തസ്രാവം സ്ഥിരീകരിക്കുകയും തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ മസ്തിഷ്ക മരണം സംഭവിക്കുകയുമായിരുന്നു.

വേര്‍പാടിന്‍െറ നൊമ്പരങ്ങള്‍ക്കിടയിലും ബിജുവിന്‍െറ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ സമ്മതിച്ചതോടെ അവയവമാറ്റ ശസ്ത്രക്രിയക്കായുള്ള ഒരുക്കങ്ങള്‍ ലൂര്‍ദ് ട്രാന്‍സ്പ്ളാന്‍റ് സംഘത്തിന്‍െറ നേതൃത്വത്തില്‍ ആരംഭിച്ചു. ശസ്ത്രക്രിയകള്‍ക്കൊടുവില്‍ പുലര്‍ച്ചെ അഞ്ചോടെ ബിജുവിന്‍െറ ഹൃദയം എറണാകുളം അമൃത ആശുപത്രിയിലേക്കും, വൃക്കകളില്‍ ഒരെണ്ണം കോട്ടയം മെഡിക്കല്‍ കോളജിലേക്കും, നേത്രപടലങ്ങള്‍ ആലുവ ഡോ. ടോണിസ് ക്ളിനിക്കിലേക്കും കൊണ്ടുപോയി.

ഒന്നര വര്‍ഷത്തിലേറെയായി ലൂര്‍ദ് ആശുപത്രി നെഫ്രോളജി വിഭാഗം മേധാവി ഡോ. ബിനു ഉപേന്ദ്രന്‍െറ കീഴില്‍ ഡയാലിസിസ് നടത്തി വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി കാത്തിരുന്ന തിരുവനന്തപുരം സ്വദേശി വിമലക്കാണ്  (52) ബിജുവിന്‍െറ രണ്ടാമത്തെ വൃക്ക ലഭിച്ചത്. യൂറോളജി വിഭാഗം മേധാവി ഡോ. എച്ച്. കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ ആരംഭിച്ച വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.

ഡോ. വിമല്‍ ഐപ്പ്, ഡോ. ശോഭ ഫിലിപ്പ്, ഡോ. ബിജു പിള്ള, ഡോ. പുന്നൂസ് തോമസ് പുതുവീട്ടില്‍, ഡോ. ലൂസി ടോണി, ഡോ. കെ.എ. കോശി, ട്രാന്‍സ്പ്ളാന്‍റ് കോഓഡിനേറ്റര്‍മാരായ ശ്യാമ, എല്‍ദോ, നഴ്സിങ് സൂപ്പര്‍വൈസര്‍ റോസമ്മ എന്നിവരുള്‍പ്പെട്ട ട്രാന്‍സ്പ്ളാന്‍റ് സംഘമാണ് അവയവമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.