സെന്‍സസ് റിപ്പോര്‍ട്ട്: ആദിവാസി പട്ടികയില്‍ വ്യാജന്മാര്‍

തിരുവനന്തപുരം:  സെന്‍സസ് റിപ്പോര്‍ട്ടില്‍ ആദിവാസികളുടെ പേരില്‍ വ്യാജന്മാര്‍. ആസൂത്രണ ബോര്‍ഡ് 2011 സെന്‍സസ് റിപ്പോര്‍ട്ടിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത.് 2001ലെ കണക്കെടുപ്പില്‍ മലപ്പുറത്താകെ 12267 പേരാണ് ഉണ്ടായിരുന്നത്. 2008 ല്‍ കില നടത്തിയ സര്‍വേയില്‍ ജനസംഖ്യ 14391 ആയി വര്‍ധിച്ചു. ഏഴുവര്‍ഷം കൊണ്ടുണ്ടായ വര്‍ധന 17.31 ശതമാനമായിരുന്നു.

2003ലാണ് മലപ്പുറത്തെ മലപ്പണിക്കര്‍ എന്ന ഗോത്രത്തെ പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. അവരാകട്ടെ 982 പേരുണ്ടായിരുന്നു. 2003വരെ കാട്ടുനായ്ക്ക ഗോത്രത്തിന്‍െറ ഉപഗോത്രമായിരുന്നു ചോലനായ്ക്കര്‍. അതിനാല്‍ 2001ലെ ജനസംഖ്യാകണക്കെടുപ്പില്‍ ചോലനായ്ക്കര്‍ എന്ന പേരില്ല. 2002ലെ  ഭേദഗതിയിലൂടെ 2003ല്‍ പട്ടികവര്‍ഗ വകുപ്പില്‍ ചോലനായ്ക്കര്‍ പ്രത്യേക ഗോത്രമായി.

2001ലെ സര്‍വേയില്‍ ഇല്ലായിരുന്ന 487 പേരെക്കൂടി 2008 സര്‍വേയില്‍ ഉള്‍പ്പടുത്തി. അതിനാല്‍ 2001-2008 കാലത്തെ വര്‍ധന സാധൂകരിക്കാവുന്നതാണ്. എന്നാല്‍, 2011ലെ ജനസംഖ്യാകണക്കില്‍ ജില്ലയിലെ ആദിവാസികള്‍ 22990 ആയി ഉയര്‍ന്നു. ഇതു കണക്കാക്കിയാല്‍ ഒരു പതിറ്റാണ്ടിലെ വര്‍ധന 87.41 ശതമാനമാണ്. 2008-2011 കാലത്തെ വര്‍ധന 59.75 ശമാനവും. ഇതില്‍നിന്ന് ആദിവാസി ഇതരവിഭാഗങ്ങള്‍ ആദിവാസികളെന്ന പേരില്‍ കണക്കെടുപ്പില്‍ കയറിക്കൂടിയെന്നത് വ്യക്തമാണെന്ന് ആസൂത്രണബോര്‍ഡ് കണ്ടത്തെി.

ജനസംഖ്യാകണക്കിലെ ഇതേ അട്ടിമറി കോഴിക്കോട് ജില്ലയിലും നടന്നു. ആകെ 13 ഗോത്രവിഭാഗങ്ങള്‍ ജില്ലയിലുണ്ട്. ഇതില്‍ കരിംപാലന്‍ സമുദായത്തെ 2003ലാണ് പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. 1199 കുടുംബങ്ങളിലായി 4581 പേരുണ്ട്. കോഴിക്കോട് ആദിവാസികളല്ലാത്ത 732പേരെ 2001ലെ കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയത് നേരത്തേ കണ്ടത്തെി. 2008ലെ സര്‍വേയില്‍ അവരെ നീക്കം ചെയ്തിരുന്നു. 2001ലെ ജില്ലയിലെ ആദിവാസി ജനസംഖ്യ 5940 ആയിരുന്നു. 2008ലെ സര്‍വേയില്‍ അത് 10508 ആയി.

ഏഴുവര്‍ഷത്ത വര്‍ധന 76.90 ശതമാനമാണ്. കരിംപാലന്‍ സമുദായത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഈ വര്‍ധന അംഗീകരിക്കാം. എന്നാല്‍, 2011ല്‍ ജനസംഖ്യ 15228 ആയി ഉയര്‍ന്നു. 2008-2011 കാലത്ത് മൂന്നു വര്‍ഷത്തിലുണ്ടായ വര്‍ധന 44.92 ശതമാനമാണ്. അനര്‍ഹര്‍ ആദിവാസികളുടെ ആനുകൂല്യം തട്ടിയെടുക്കുന്നത് സംബന്ധിച്ച സൂചനയാണ്  ആസൂത്രണ ബോര്‍ഡ് നല്‍കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.