ഹജ്ജ് കമ്മിറ്റി വഴി ഇനി പുറപ്പെടാന്‍ 3095 തീര്‍ഥാടകര്‍

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പില്‍നിന്ന് ഇനി യാത്രയാകാനുള്ളത് 3095 തീര്‍ഥാടകര്‍. ഇതില്‍ കേരളത്തില്‍നിന്നുള്ളത് 2778 പേരാണ്. ലക്ഷദ്വീപില്‍നിന്നുള്ള 289 പേരും മാഹിയില്‍നിന്നുള്ള 28 പേരും ഇനി പോകാനുണ്ട്. കേരളത്തില്‍നിന്ന് ഇതുവരെ രണ്ട് വയസ്സില്‍ താഴെയുള്ള അഞ്ച് കുട്ടികളടക്കം 7505 പേരാണ് നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് വഴി പോയത്. സംസ്ഥാനത്തുനിന്ന് ഈ വര്‍ഷം 10283 പേര്‍ക്കാണ് അനുമതി ലഭിച്ചത്. ആഗസ്റ്റ് 22നാണ് യാത്ര ആരംഭിച്ചത്. നെടുമ്പാശ്ശേരിയില്‍നിന്ന് തീര്‍ഥാടകരെ ജിദ്ദയില്‍ എത്തിക്കാന്‍ സൗദി എയര്‍ലൈന്‍സ് ഇതുവരെ 19 സര്‍വിസാണ് നടത്തിയത്.

ചൊവ്വാഴ്ച രണ്ട് വിമാനങ്ങളിലായി 900 പേര്‍ യാത്രയായി. ഇന്നും രണ്ട് വിമാനങ്ങളിലായി 900 പേര്‍ തിരിക്കും. നാളെമുതല്‍ സെപ്റ്റംബര്‍ അഞ്ചുവരെ ഓരോ വിമാനത്തിലായി 450 പേര്‍ വീതമാണ് യാത്രയാവുക. ആകെ 24 സര്‍വിസാണ് സൗദി എയര്‍ലൈന്‍സ് നേരത്തേ ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍, ജംബോ വിമാനത്തിന് സൗദി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം യാത്രാനുമതി നിഷേധിച്ചതിനാല്‍ ചെറു വിമാനങ്ങളിലായി രണ്ട് സര്‍വിസ് അധികമായി നടത്തുകയായിരുന്നു.

കേരളത്തില്‍നിന്ന്10214 പേര്‍ക്കാണ് അനുമതി ലഭിച്ചത്. ഇതുകൂടാതെ 69 പേര്‍ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി കഴിഞ്ഞദിവസം അനുമതി നല്‍കി. ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ സെപ്റ്റംബര്‍ അഞ്ചിന് പുറപ്പെടുന്ന അവസാന വിമാനത്തില്‍ യാത്രയാകും. ഇതുവരെ പുറപ്പെട്ട തീര്‍ഥാടകരില്‍ ഏറിയപങ്കും കോഴിക്കോട് ജില്ലയില്‍നിന്നുള്ളവരാണ്. കോഴിക്കോട് ജില്ലയില്‍നിന്ന തെരഞ്ഞെടുക്കപ്പെട്ട 3244 ല്‍ 2589 പേരാണ് ഇതിനകം യാത്രയായത്. മലപ്പുറം ജില്ലയില്‍നിന്നുള്ള 2315 ല്‍ 1534 പേരും യാത്രതിരിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍നിന്ന് പോയവര്‍, തെരഞ്ഞെടുക്കപ്പെട്ടവര്‍ ബ്രാക്കറ്റില്‍: കണ്ണൂര്‍ 909 (1254), എറണാകുളം 641(770), കാസര്‍കോട് 559 (904), പാലക്കാട് 344(419), വയനാട് 270 (331), കൊല്ലം 135 (205), കോട്ടയം 91 (185), തിരുവനന്തപുരം 114 (187), തൃശൂര്‍ 96(137), ഇടുക്കി 77 (93), ആലപ്പുഴ 126(135), പത്തനംതിട്ട 20 (35).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.