കെ.എം. മാണിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് ഉത്തരവ്

മൂവാറ്റുപുഴ: കോഴിക്കച്ചവടക്കാര്‍ക്കും ആയുര്‍വേദ കമ്പനിക്കും നികുതിയിളവ് നല്‍കിയെന്ന ആരോപണത്തില്‍ മുന്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ എഫ്.ഐ.ആര്‍  രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്. വിജിലന്‍സ് സംഘം നടത്തിയ അന്വേഷണത്തില്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നാണ് മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജ് പി. മാധവന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. അഭിഭാഷകനായ നോബിള്‍ മാത്യു വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം.  കോഴിക്കച്ചവടക്കാര്‍ക്ക് കുടിശ്ശിക ഒഴിവാക്കി നല്‍കുകയും ആയുര്‍വേദ കമ്പനിക്ക് നികുതി ഇളവ് നല്‍കുകയും ചെയ്ത സംഭവത്തില്‍  അധികാരം ദുര്‍വിനിയോഗം ചെയ്ത് മാണി നടത്തിയ ഇടപാടില്‍ 200 കോടിയോളം രൂപ സംസ്ഥാന സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം. ഈ ആരോപണത്തില്‍ കഴമ്പുണ്ടെന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് എറണാകുളം സെന്‍ട്രല്‍ ഡിവൈ.എസ്.പി ഫിറോസ് എം.റഷീദ് നല്‍കിയത്.

തൃശൂരിലെ തോംസണ്‍ ഗ്രൂപ്പിന് സര്‍ക്കാര്‍ ചുമത്തിയ നികുതി കുടിശ്ശികയായ 65 കോടി  ഒഴിവാക്കി നല്‍കാന്‍ കെ.എം. മാണി ശ്രമം നടത്തിയെന്ന് പരാതിയില്‍ പറയുന്നു. കൂടാതെ 2014 ലെ ബജറ്റില്‍ ആയുര്‍വേദ സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് നികുതി ഇളവു നല്‍കിയ സംഭവത്തില്‍ 150 കോടിയോളം രൂപയുടെ സാമ്പത്തിക നഷ്ടം സര്‍ക്കാറിന് സംഭവിച്ചിട്ടുണ്ടെന്നും വിജിലന്‍സ് കണ്ടത്തെിയിട്ടുണ്ട്. സ്വകാര്യ കമ്പനികള്‍ക്കുവേണ്ടി നികുതി 12.5 ശതമാനത്തില്‍ നിന്ന് നാലു ശതമാനമായി കുറക്കുകയായിരുന്നു. മുന്‍കാല പ്രാബല്യത്തോടെ നികുതി ഇളവ് നല്‍കിയതും പരാതിയുടെ ബലം വര്‍ധിപ്പിച്ചു.

ഉല്‍പാദകരുടെ സ്വാധീനം മൂലമാണ് നികുതി കുറച്ചതെന്നാണ് ആരോപണം. 2009 ല്‍ 12.5 ശതമാനം ആയിരുന്നു  നികുതി. നികുതി കുറക്കാന്‍ വാണിജ്യ നികുതി കമീഷണറോട് ആവശ്യപ്പെട്ടെങ്കിലും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി തള്ളുകയായിരുന്നു. തുടര്‍ന്ന് ഉല്‍പാദകര്‍ ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും അനുമതി കിട്ടിയില്ല. അതിനുശേഷമാണ് 2014 ലെ ബജറ്റില്‍ കെ.എം. മാണി മുന്‍കാല പ്രാബല്യത്തോടെ നികുതി കുറച്ചു നല്‍കിയത്. കെ.എം. മാണിയെ കൂടാതെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി ജയചന്ദ്രന്‍, തോംസണ്‍ ഗ്രൂപ് ഡയറക്ടര്‍മാര്‍, ആയുര്‍വേദ മരുന്ന് ഉല്‍പാദകര്‍ എന്നിവര്‍ക്കെതിരെയും ആരോപണമുയര്‍ന്നിരുന്നു. ഇവര്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.