രജീഷിന്‍െറ സസ്പെന്‍ഷന്‍: പ്രതിഷേധവുമായി സാമൂഹികമാധ്യമങ്ങള്‍

കോഴിക്കോട്: മാവോവാദി നേതാക്കളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകിട്ടാന്‍ പ്രവര്‍ത്തിച്ചതിന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ രജീഷിനെ സര്‍ക്കാര്‍ സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് സാമൂഹികമാധ്യമങ്ങളില്‍ ഹാഷ്ടാഗ് പ്രചാരണം. കോഴിക്കോട് ഗവ. പോളിടെക്നിക് ജീവനക്കാരനായ രജീഷ് കൊല്ലക്കണ്ടിക്കെതിരെ യു.എ.പി.എ ചുമത്താനുള്ള നീക്കത്തില്‍നിന്ന് പിന്മാറുകയെന്നാണ് ഫേസ്ബുക് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളില്‍ ഇതിനകം നിരവധിപേര്‍ പങ്കുവെച്ചത്. മനുഷ്യാവകാശ പ്രവര്‍ത്തനത്തെ കുറ്റകൃത്യമാക്കരുത്, രജീഷിന്‍െറ സസ്പെന്‍ഷന്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചിട്ടുണ്ട്. സമൂഹത്തിന്‍െറ നാനാതുറകളില്‍നിന്നുള്ളവര്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. 
അനീതിയെ ചോദ്യംചെയ്യുന്നതാണ് സര്‍വിസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാകുന്നതെങ്കില്‍ ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച ആ സര്‍വിസ് ചട്ടങ്ങളും ചോദ്യം ചെയ്യപ്പെടട്ടെ എന്നും ജനാധിപത്യത്തിന്‍െറ വികാസത്തിന് നിരോധനങ്ങളും നിയന്ത്രണങ്ങളുമല്ല വേണ്ടതെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ പ്രശാന്ത് ഫേസ്ബുക്കില്‍ കുറിക്കുന്നു. നടപടി അനുവദിക്കാന്‍ കഴിയില്ളെന്നും ഒപ്പംനില്‍ക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.ആര്‍. അനൂപ് ഫേസ്ബുക്കില്‍ കുറിച്ചു. മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സംസാരിക്കുന്നതും നീതി നിഷേധത്തിനെതിരെ പ്രതിഷേധിക്കുന്നതും ഭരണകൂടത്തിന്‍െറ കണ്ണില്‍ കുറ്റമാകുന്നു എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായ തളിപ്പറമ്പ് സ്വദേശി ശ്യാം കൃഷ്ണയുടെ പ്രതികരണം. മലപ്പുറത്ത് മതംമാറിയതിന് ചെറുപ്പക്കാരനെ വെട്ടിക്കൊന്ന ആര്‍.എസ്.എസുകാര്‍ക്കെതിരെ യു.എ.പി.എ ഇല്ളെന്നാണ് സുബൈര്‍ തെക്കേപ്പുറത്തിന്‍െറ പ്രതികരണം. ഇടത് സര്‍ക്കാറിനെതിരായ വിമര്‍ശനവും സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമാണ്. 
കഴിഞ്ഞവര്‍ഷം കളമശ്ശേരിയിലെ ദേശീയപാത പ്രോജക്ട് ഓഫിസ് ആക്രമിക്കപ്പെട്ടതിനുപിന്നാലെ സംസ്ഥാന ഇന്‍ഷുറന്‍സ് ജീവനക്കാരനായ ജെയ്സണ്‍ സി. കൂപ്പറെയും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറിയും അഭിഭാഷകനുമായ തുഷാര്‍ നിര്‍മല്‍ സാരഥിയെയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെയും സാമൂഹികമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടന്നിരുന്നു.
 ഇതുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ സ്വമേധയാ പരാതിയായി പരിഗണിച്ച് മനുഷ്യാവകാശ കമീഷന്‍ സംസ്ഥാന സര്‍ക്കാറിന് നോട്ടീസയച്ചിരുന്നു.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.