മലബാര്‍ ദേവസ്വം ബോര്‍ഡിന് ഹൈകോടതി വിമര്‍ശം

കൊച്ചി: നാലര വര്‍ഷം മുമ്പുള്ള കോടതിവിധി നടപ്പാക്കാത്തതിന് മലബാര്‍ ദേവസ്വം ബോര്‍ഡിന് ഹൈകോടതിയുടെ രൂക്ഷവിമര്‍ശം. പ്രവര്‍ത്തനം മെച്ചപ്പെടുത്താനാകില്ളെങ്കില്‍ കാര്യനിര്‍വഹണശേഷിയില്ലാത്ത മലബാര്‍ ദേവസ്വം ബോര്‍ഡ് സംവിധാനം തന്നെ പിരിച്ചുവിടാന്‍ സമയം അതിക്രമിച്ചെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

കേരള ക്ഷേത്രസംരക്ഷണ സമിതി പിടിച്ചെടുത്ത കോഴിക്കോട് കല്‍ച്ചിറ ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്രഭരണം തിരിച്ചുപിടിച്ച് ക്ഷേത്രത്തിന്‍െറ പാരമ്പര്യ ട്രസ്റ്റികള്‍ക്ക് കൈമാറണമെന്ന 2011ലെ ഉത്തരവ് നടപ്പാക്കാത്തതിനെയാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്. ക്ഷേത്രത്തിന്‍െറ ഉടമസ്ഥാവകാശം തങ്ങളുടേതാണെങ്കിലും ക്ഷേത്ര സംരക്ഷണസമിതി കൈയേറി ഭരണം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് മാവൂര്‍ സ്വദേശികളായ പി.ഇ. വാസുദേവന്‍ നമ്പൂതിരി, നാരായണന്‍ നമ്പൂതിരി, പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ 2011ല്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. ഈ ഹരജിയിലാണ് ക്ഷേത്രഭരണം തിരിച്ചുപിടിച്ച് ഹരജിക്കാര്‍ക്ക് കൈമാറാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡിനോട് കോടതി നിര്‍ദേശിച്ചത്. എന്നാല്‍, ഇതുവരെ ഉത്തരവ് നടപ്പാക്കാതിരുന്നതിനത്തെുടര്‍ന്ന് ഹരജിക്കാര്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

2011ലെ ഉത്തരവ് ഇതുവരെ നടപ്പാക്കാത്ത ദേവസ്വം  ബോര്‍ഡിന്‍െറയും കമീഷണറുടെയും നടപടി തൃപ്തികരമല്ളെന്ന് കേസ് പരിഗണിച്ച കോടതി വ്യക്തമാക്കി. നിയമവാഴ്ചയുടെ അടിസ്ഥാനത്തില്‍ ഭരിക്കപ്പെടുന്ന ജനാധിപത്യ സംവിധാനത്തെ ഭരണഘടനാതീത മാര്‍ഗങ്ങളിലൂടെ മറികടക്കാന്‍ അനുവദിക്കാനാകില്ല. ഭരണഘടനാപരമായി മേധാവിത്വമുള്ള കോടതിയുടെ ഉത്തരവുകളിലേക്ക് പൊറുക്കാനാകാത്തതും ദയയില്ലാത്തതുമായ കടന്നുകയറ്റമാണുണ്ടായത്. കോടതി ഉത്തരവുകള്‍ മാനിക്കപ്പെടേണ്ടതും നടപ്പാക്കേണ്ടതുമാണ്. പൊലീസടക്കം സര്‍ക്കാര്‍ സംവിധാനത്തിന് ഉത്തരവ് നടപ്പാക്കാനായിട്ടില്ല.

ഇത് ബോര്‍ഡിന്‍െറയും സര്‍ക്കാറിന്‍െറയും ഭരണപരമായ പരാജയമാണ്. ഈ സാഹചര്യത്തില്‍ ബോര്‍ഡിന്‍െറ ഭരണം കൂടുതല്‍ കാര്യക്ഷമമാക്കണം. അല്ളെങ്കില്‍ ആ സംവിധാനം ഇല്ലാതാക്കേണ്ട സമയമായി. ശരിയായ പാതയിലേക്ക് ഭരണം എത്തുന്നതുവരെ കഴിവുള്ള ആരെയെങ്കിലും ചുമതല ഏല്‍പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസുമായി ബന്ധപ്പെട്ട അധികൃതരും മേധാവികളും 1951ലെ മദ്രാസ് ഹിന്ദു റിലീജ്യസ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിലെ 21, 28 വകുപ്പുകള്‍ വായിച്ച് മനസ്സിലാക്കി ഫലപ്രദമായി നടപ്പാക്കണമെന്നും കോടതി ഉപദേശിച്ചു. കോടതിവിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വ്യക്തമാക്കിയ ഡിവിഷന്‍ ബെഞ്ച് ഈ മാസം 17ന് ഹരജി പരിഗണിക്കാനായി മാറ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.