ബാർ കോഴ ഗൂഢാലോചന: കോൺഗ്രസിനെ ലക്ഷ്യമിട്ട് മാണി

കോട്ടയം: ബാർ കോഴ കേസിൽ ഗൂഢാലോചനയുടെ ചുരുളഴിയുകയാണെന്ന് കേരളാ കോൺഗ്രസ് എം ചെയർമാനും മുൻ മന്ത്രിയുമായ കെ.എം മാണി. സത്യം ഉടൻ പുറത്തുവരും. ക്രൈംബ്രാഞ്ച് റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയ സംഭവത്തിൽ പ്രതികരിക്കാനില്ലെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു. ബാറുടമ ബിജു രമേശിനൊപ്പം സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെടുന്ന എസ്.പി ആർ. സുകേശനെതിരെ ക്രൈംബ്രാഞ്ച് ഒരു വർഷം മുമ്പ് നൽകിയ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയെന്ന വിവരം പുറത്തുവന്നിരുന്നു. മാണിക്ക് അനുകൂലമായേക്കാവുന്ന റിപ്പോർട്ട് പൂഴ്ത്തിയെന്നാണ് ആഭ്യന്തര വകുപ്പിനെതിരായ ആരോപണം.

അന്വേഷണത്തിലും തുടർനടപടികളും ഗൂഢാലോചനയുണ്ടെന്ന് മാണി പരസ്യമായി ആരോപിച്ചിട്ടും ധനമന്ത്രിസ്ഥാനം രാജിവെക്കും വരെ ക്രൈംബ്രാഞ്ച് റിപ്പോർട്ട് പരിഗണിക്കപ്പെട്ടില്ല. ഒടുവിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും ആരോഗ്യ മന്ത്രി വി.എസ് ശിവകുമാറിനും എതിരെ ബിജു രമേശ് കോഴയാരോപണം ഉന്നയിച്ചതിന് പിന്നാലെ അന്വേഷണത്തിന്‍റെ സാധുത ചോദ്യംചെയ്യുന്ന പഴയ റിപ്പോർട്ട് പുറത്തായത്. ബിജു രമേശുമായുള്ള ബന്ധത്തിന്‍റെ പേരിൽ സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ബാർ കോഴ കേസ് ഫെബ്രുവരി 16ന് കോടതി പരിഗണിക്കുമ്പോൾ അനുകൂല തീരുമാനമോ പരാമർശങ്ങളോ ഉണ്ടായാൽ കോൺഗ്രസിനെതിരെ മാണി ശക്തമായി പ്രതികരിച്ചേക്കും.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.