അഴിമതിയില്‍ ഒത്തുതീര്‍പ്പിനില്ല –രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഒത്തുതീര്‍പ്പിന് തയാറല്ളെന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആരോപണം ഉന്നയിക്കുന്നവര്‍ തെളിവിന്‍െറ ഒരു കണികയെങ്കിലും ഹാജരാക്കിയാല്‍ പാര്‍ട്ടി നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ നേതൃത്വത്തില്‍ നടന്ന ജനരക്ഷാ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍.

സി.പി.എമ്മിന്‍െറ നയങ്ങളുമായി നാടിനെ വികസനത്തിലേക്ക് നയിക്കാന്‍ കഴിയില്ളെന്ന് ചൂണ്ടിക്കാട്ടിയ രാഹുല്‍ മദ്യനയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ അവര്‍ തയാറാകണമെന്നും ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ രാഹുല്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് ചൂണ്ടിക്കാട്ടി. അഞ്ചുവര്‍ഷം മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കേരള ജനത ആവശ്യപ്പെട്ടത് തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഒരു നേതാവിനെ വേണമെന്നാണ്. ഇങ്ങനെ ആഗ്രഹിച്ചവര്‍ക്ക് അവരുടെ വീട്ടിലത്തെി കാര്യങ്ങള്‍ അറിയുന്ന ഒരുനേതാവിനെയാണ് ലഭിച്ചത്. സമ്പന്നര്‍ക്കായി മോദിയുണ്ടാക്കിയ ബുള്ളറ്റ് ട്രെയിനല്ല സാധാരണക്കാര്‍ക്കായി മെട്രോയാണ് കൊച്ചിയില്‍ ഉമ്മന്‍ ചാണ്ടി നടപ്പാക്കിയത്. പ്രധാനമന്ത്രി ഇപ്പോള്‍ ആലോചിക്കുന്ന സ്റ്റാര്‍ട്ട്അപ് വില്ളേജ് കേരളത്തില്‍ നടപ്പാക്കി രാജ്യത്തിന് മാതൃകയായി. ഇങ്ങനെയുള്ള ഈ സര്‍ക്കാറിന് ഭരണത്തില്‍ മടങ്ങിവരാനാകും. കോണ്‍ഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായിനിന്ന് നിശ്ചയദാര്‍ഢ്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഭരണത്തില്‍ തിരിച്ചുവരാം. ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നേടിയ മോദി തെരഞ്ഞെടുപ്പിനുമുമ്പ് നല്‍കിയ വാഗ്ദാനങ്ങളെല്ലാം വിസ്മരിച്ചിരിക്കുകയാണ്.

ഒരുവശത്ത് മേക് ഇന്‍ ഇന്ത്യ പറയുന്ന മോദി മറുവശത്ത് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ തച്ചുടക്കാനാണ് ശ്രമിക്കുന്നത്.  ഹൈദരാബാദില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി ദലിതന്‍ അല്ളെന്നാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പറയുന്നത്. മരിച്ചത് ദലിതന്‍ ആണോ അല്ലയോ എന്നതല്ല പ്രശ്നം മറിച്ച് വിദ്യാര്‍ഥികളുടെ ആശയങ്ങളെ തച്ചുടക്കാന്‍ ശ്രമിക്കുന്നുവെന്നതാണ്. വിദ്യാര്‍ഥികളുടെ ആശയങ്ങള്‍ തച്ചുടക്കാന്‍ കേന്ദ്രസര്‍ക്കാറിന് അവകാശമില്ളെന്ന് രാഹുല്‍ പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്‍റണി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി രമേശ് ചെന്നിത്തല, കരകുളം കൃഷ്ണപിള്ള, നെയ്യാറ്റിന്‍കര സനല്‍ എന്നിവര്‍ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.