സമരത്തിന് താല്‍ക്കാലിക ഒത്തുതീര്‍പ്പ്; ഐ.ഒ.സി പ്ലാന്‍റുകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തിക്കും

തൃപ്പൂണിത്തുറ: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ ഉദയംപേരൂര്‍ എല്‍.പി.ജി ബോട്ട്ലിങ് പ്ളാന്‍റില്‍ കരാര്‍ തൊഴിലാളികള്‍ നടത്തിവന്ന അനിശ്ചിതകാല സമരം ചൊവ്വാഴ്ച ഉച്ചയോടെ താല്‍ക്കാലികമായി പിന്‍വലിച്ചു. സമരത്തിനാധാരമായ വിഷയങ്ങള്‍ 15 ദിവസത്തിനകം സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചചെയ്യാന്‍ അവസരമൊരുക്കാമെന്നും അതുവരെ സമരം നിര്‍ത്തണമെന്നുമുള്ള കലക്ടറുടെ നിര്‍ദേശം സംയുക്ത സമരസമിതി അംഗീകരിക്കുകയായിരുന്നു. ചര്‍ച്ച പരാജയപ്പെടുകയും സമരം തുടരുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്താല്‍ അവശ്യസാധന നിയമപ്രകാരം നടപടിയെടുക്കുകയും പ്ളാന്‍റ് പൊലീസ് സഹായത്തോടെ പ്രവര്‍ത്തിപ്പിക്കുമെന്നും കലക്ടര്‍ എം.ജി. രാജമാണിക്യം കടുത്ത നിലപാടെടുത്തതും സമരം ഒത്തുതീര്‍ക്കുന്നതിന് പ്രേരകമായി.
കുണ്ടന്നൂരില്‍ ഐ.ഒ.സി മാനേജ്മെന്‍റ് പ്രതിനിധികളും കരാറുകാരും സംയുക്ത സമരസമിതി ഭാരവാഹികളും ഉള്‍പ്പെടെ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ തൊഴിലാളികള്‍ക്ക് 10000 രൂപ വീതം ഇടക്കാലാശ്വാസമായി ഈ മാസം 15നകം നല്‍കാമെന്ന ഉറപ്പ് സമരസമിതി അംഗീകരിക്കുകയായിരുന്നു. കാലാവധി കഴിഞ്ഞ സേവന-വേതന കരാര്‍ പുതുക്കണമെന്ന ആവശ്യവും അടിസ്ഥാനവേതനം 15,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നതും ഫെബ്രുവരി 28നകം കരാറുകാരുമായി ചര്‍ച്ചനടത്തി പരിഹാരമുണ്ടാക്കാനും തീരുമാനമായി.
സംയുക്ത സമരസമിതി ഉന്നയിച്ച ആവശ്യങ്ങളില്‍ ന്യായമായവ ഫെബ്രുവരി 28നകം ഉണ്ടാകുന്നില്ളെങ്കില്‍ മാര്‍ച്ച് മാസം മുതല്‍ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.ഐ.ഒ.സി മാനേജ്മെന്‍റിനെ പ്രതിനിധാനം ചെയ്ത് മാനേജര്‍മാരായ നാഗരാജന്‍, ജി.പി.എസ്. റെഡ്ഡി, കരാറുകാരനായ നിയാസ് മുഹമ്മദ്, സമരസമിതി നേതാക്കളായ ടി.കെ. പ്രസാദ്, ടി.കെ. ബാബു, പി.എസ്. പങ്കജാക്ഷന്‍, സതീശന്‍, ടി.വി. ഗോപിദാസ്, ഗോപാലകൃഷ്ണന്‍, കിഷോര്‍, സുനിലാല്‍, വിനോദ് കുമാര്‍, നവീന്‍, സുകുമാരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.