രാജ്യസുരക്ഷ മുസ്ലിംകളുടെ ബാധ്യത –ശൈഖ് ഫൈസല്‍ സുഊദ് അല്‍ അന്‍സി

കോഴിക്കോട്: രാജ്യത്തിന്‍െറ നിയമങ്ങള്‍ പാലിക്കുക എന്നത് വിശ്വാസവും ആദര്‍ശ നിഷ്ഠയുമുള്ള  മുസ്ലിമിന്‍െറ ബാധ്യതയാണെന്നും രാജ്യ സുരക്ഷ ഉറപ്പുവരുത്താനും വിവിധ മതവിഭാഗങ്ങള്‍ക്കിടയിലെ സൗഹാര്‍ദവും സമാധാനാന്തരീക്ഷവും കാത്തു സൂക്ഷിക്കാനും മുസ്ലിംകള്‍ മറ്റാരേക്കാളും പ്രതിജ്ഞാ ബദ്ധരാണെന്നും സൗദിയിലെ മതകാര്യവകുപ്പ് ഡയറക്ടറും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ ശൈഖ് ഫൈസല്‍ സുഊദ് അല്‍ അന്‍സി. അന്താരാഷ്ട്ര ഖുര്‍ആന്‍ സമ്മേളനത്തിന്‍െറ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസി ആലുശൈഖ്, സൗദി അറേബ്യയുടെ മുന്‍ മന്ത്രി ശൈഖ് സുലൈമാന്‍ അബല്‍ ഖൈല്‍, ലോക പ്രസിദ്ധ ഇസ്ലാമിക പണ്ഡിതനും സൗദി അറേബ്യയിലെ ഉന്നത പണ്ഡിതസഭയിലെ മുതിര്‍ന്ന അംഗവും കൂടിയായ ശൈഖ് സ്വാലിഹ് ഫൗസാന്‍ എന്നിവര്‍ സംസാരിച്ചു.
മുസ്ലിം ആദര്‍ശ പ്രതിബദ്ധത പുലര്‍ത്തിത്തന്നെ സൗഹാര്‍ദവും സാമൂഹിക സഹവര്‍ത്തിത്വവും കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥനാണ്. മദീനയിലെ പ്രവാചക ജീവിതത്തില്‍ നമുക്ക് ഇത് ദര്‍ശിക്കാനാവും.  കാരുണ്യത്തിന്‍െറ മതത്തിന് ഐ.എസിനെപ്പോലുള്ള ഭീകരമുഖങ്ങളെ എങ്ങനെ അംഗീകരിക്കാന്‍ കഴിയും. ഖുര്‍ആനിക വചനങ്ങളെ സന്ദര്‍ഭങ്ങളില്‍നിന്ന് അടര്‍ത്തി ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ന്യായീകരണം കണ്ടത്തെുന്നവര്‍ കുറ്റകരമായ അപരാധമാണ് ചെയ്യുന്നത് -ശൈഖ് അന്‍സി പറഞ്ഞു.
അന്താരാഷ്ട്ര ഖുര്‍ആന്‍ സമ്മേളനം ഐക്യസന്ദേശം പരത്താനുള്ള വേദിയാകട്ടെ എന്ന് അശ്റഫ് മൗലവി മദീന പറഞ്ഞു. അനാരോഗ്യം കാരണം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ ഓണ്‍ലൈനിലൂടെ മദീനയില്‍നിന്ന് ‘തഫ്സീര്‍ അമാനി; നാലു പതിറ്റാണ്ട്’ എന്ന സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. പി. അബൂബക്കര്‍, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, അബ്ദുല്‍ ജബ്ബാര്‍ മദീനി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ശുറൈഹ് സലഫി, സുഹൈര്‍ ചുങ്കത്തറ, അസ്ഹര്‍ അബ്ദുല്ല എന്നിവര്‍ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.