മദ്യനയം അട്ടിമറിക്കാന്‍ അണിയറ നീക്കം –മന്ത്രി കെ.ബാബു

കൊച്ചി: സര്‍ക്കാറിന്‍െറ മദ്യനയം പരാജയമാണെന്ന് വരുത്തി തീര്‍ക്കാന്‍ ബോധപൂര്‍വം ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് എക്സൈസ് മന്ത്രി കെ.ബാബു. എറണാകുളം ടൗണ്‍ ഹാളില്‍ സംസ്ഥാനത്തെ രണ്ടാമത്തെ എക്സൈസ് മൊബൈല്‍ ടെസ്റ്റിങ് ലബോറട്ടറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാറിന്‍െറ മദ്യനയം പരാജയപ്പെട്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മദ്യ മുതലാളിമാരുടെ നഷ്ടത്തേക്കാള്‍ സാമൂഹികനന്മ നോക്കിയാണ് മദ്യനയം നടപ്പാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. മദ്യ മുതലാളിമാരും ചില രാഷ്ട്രീയക്കാരും ചേര്‍ന്നാണ് സര്‍ക്കാറിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. മദ്യനയം അട്ടിമറിക്കാന്‍ അണിയറ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും മദ്യനയം മൂലം പരിക്കേറ്റ വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു.  സംസ്ഥാനത്ത് മദ്യത്തിന്‍െറ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കേണ്ട രണ്ടാമത്തെ സഞ്ചരിക്കുന്ന ലബോറട്ടറിയാണ് ഉദ്ഘാടനം ചെയ്്തത്. 40 ലക്ഷം രൂപ ചെലവഴിച്ചാണ്്  മൊബൈല്‍ ടെസ്റ്റിങ് ലബോറട്ടറി സജ്ജീകരിച്ചിരിക്കുന്നത്. മൂന്നാമത്തെ സഞ്ചരിക്കുന്ന ലബോറട്ടറി കോഴിക്കോട്  ഉദ്ഘാടനം നിര്‍വഹിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ എക്സൈസ് വകുപ്പ് ലഹരി വിരുദ്ധ കാമ്പയിനിന്‍െറ ഭാഗമായി ഹയര്‍സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് മന്ത്രി കാഷ് പ്രൈസ് വിതരണം ചെയ്തു. കോഴിക്കോട് എന്‍.ഐ.ടിയിലെ യു.ആര്‍. ആരൂദ്, മുഹമ്മദ് അമീന്‍ മമ്മൂട്ടി എന്നിവര്‍ ഒന്നാംസ്ഥാനം നേടി. 1,50,000 രൂപയാണ് ഒന്നാം സമ്മാനം. പരിയാരം മെഡിക്കല്‍ കോളജിലെ പി.സരിന്‍, സായൂജ് മനോഹര്‍ എന്നിവര്‍ക്കാണ് രണ്ടാംസ്ഥാനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.