മദ്യനിരോധത്തോട് സി.പി.എമ്മിന് യോജിപ്പില്ലെന്ന് പിണറായി

തിരുവനന്തപുരം: മദ്യനിരോധത്തോട് സി.പി.എമ്മിന് യോജിപ്പില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. സി.പി.എമ്മിൻെറ നയം മദ്യവർജനമാണ്. മദ്യാസക്തിക്കെതിരെ ബോധവത്കരണം നടത്തണമെന്നാണ് സി.പി.എം ഉദ്ദേശിക്കുന്നതെന്നും പിണറായി പറഞ്ഞു. നവകേരള മാർച്ചിൻെറ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യം നിരോധിച്ച സന്ദർഭങ്ങളിലെല്ലാം വലിയ ആപത്തുകളാണ് ഇവിടെ വന്നിരിക്കുന്നത്. മദ്യനിരോധമുണ്ടായ സമയത്ത് കള്ള വാറ്റുകൾ വ്യാപകമായി. മദ്യത്തിൻെറ ഉപഭോഗം കേരളത്തിൽ കുറഞ്ഞിട്ടില്ല. ബിവറേജ് ഷോപ്പിൻെറ മുന്നിൽ വലിയ ക്യൂവാണ് കാണുന്നതെന്നും പിണറായി പറഞ്ഞു.

മദ്യ ഉപഭോഗം വർധിക്കണമെന്ന് സി.പി.എമ്മിന് അഭിപ്രായമില്ല. ബാർ വിഷയത്തിൽ ഇപ്പോൾ ഒരു നയം പ്രഖ്യാപിക്കേണ്ട കാര്യമില്ല. സർക്കാർ രൂപീകരിക്കുമ്പോൾ എൽ.ഡി.എഫ് ഇക്കാര്യത്തിൽ നയം ഉണ്ടാക്കുമെന്നും പിണറായി വ്യക്തമാക്കി.

ഉമ്മൻചാണ്ടിയെന്ന ഇത്രമാത്രം ജീർണത ബാധിച്ച ഒരു മനുഷ്യൻ നാടിൻെറ മുഖ്യമന്ത്രിയായിരിക്കുന്ന നാണം കെട്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. പുറത്തിറങ്ങാൻ സാധിക്കാത്ത ഒരു മുഖ്യമന്ത്രിയെന്ന പേരാണ് ഉമ്മൻചാണ്ടിക്ക് ലഭിക്കുക. മർദ്ദനം വർധിക്കുമ്പോൾ പ്രതിഷേധവും കൂടുമെന്നത് ഉമ്മൻചാണ്ടി ഓർക്കണം.

വിദേശ സർവകലാശാല എന്നു കേൾക്കുമ്പോൾ ഞങ്ങൾക്ക് അലർജിയില്ല. എന്നാൽ ഇവിടെയുള്ള യൂനിവേഴ്സിറ്റികളെ മികവിൻെറ കേന്ദ്രമാക്കണം എന്നാണ് സി.പി.എമ്മിൻെറ നിലപാട്. യുവാക്കൾക്ക് തൊഴിലെടുക്കാനുള്ള സാഹചര്യം വേണം. അത്തരത്തിലുള്ള സ്ഥാപനങ്ങൾ ഉയർന്നുവരണമെന്നും പിണറായി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.