ബി.ജെ.പി വെള്ളാപ്പള്ളിയുമായി അകന്നു; മാണിയുമായി അടുക്കുന്നു

കോഴിക്കോട്: വെള്ളാപ്പള്ളി നടേശന്‍റെ ബി.ഡി.ജെ.എസുമായി കൂട്ടുചേർന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബി.ജെ.പി നീക്കത്തിന് തിരിച്ചടി. വെള്ളാപ്പള്ളിയുടെ വിലപേശൽ അതിര് കടന്നതാണെന്നും അതിനു വഴങ്ങാൻ പറ്റില്ലെന്നുമുള്ള നിലപാടിലാണ് ബി.ജെ.പി. പകരം കെ.എം മാണിയുടെ കേരള കോൺഗ്രസുമായി അടുക്കാൻ ബി.ജെ.പി കരുക്കൾ നീക്കുന്നു. മാണി ഇതിനു അർധ സമ്മതം മൂളിയതായാണ് വിവരം.

റബർ കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ഈ മാസം 20നു കേരള കോൺഗ്രസ്‌ നടത്തുന്ന പാർലമെന്‍റ് മാർച്ചിൽ പങ്കെടുക്കാൻ ഡൽഹിക്കു പോകുമ്പോൾ മാണിയും  മുതിർന്ന നേതാക്കളും അമിത്ഷാ അടക്കം ബി.ജെ.പിയുടെ ഉന്നത നേതാക്കളെ കാണുന്നുണ്ട്. റബർ വിലയിടിവിന് പരിഹാരം ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ധനമന്ത്രി അരുൺ ജെയ്റ്റ്ലിയെയും കാണാൻ മാണി അനുമതി ചോദിച്ചിട്ടുണ്ട്. വിഷയം റബർ ആണെങ്കിലും കേരള കോൺഗ്രസ്‌ ബി.ജെ.പി ബന്ധമായിരിക്കും പ്രധാന ചർച്ചാ വിഷയം. 
 
മകൻ തുഷാർ വെള്ളാപ്പള്ളിക്ക് കേന്ദ്ര സഹമന്ത്രി സ്ഥാനം നൽകണമെന്നാണ് ബി.ജെ.പിക്ക് മുന്നിൽ വെള്ളാപ്പള്ളി വെച്ച പ്രധാന ആവശ്യം. ഇത് ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്നു കേരള ബി.ജെ.പി നേതൃത്വം വ്യക്തമാക്കി. ഒ. രാജഗോപാലിനു ഗവർണർ പദവി നൽകണമെന്ന സംസ്ഥാന നേതാക്കളുടെ ആവശ്യം പോലും ഇതുവരെ പരിഗണിക്കാത്ത സാഹചര്യത്തിൽ വെള്ളാപ്പള്ളിയുടെ മകന് മന്ത്രിപദം നൽകുന്നത് ആത്മഹത്യാപരം ആകുമെന്നാണ് വിലയിരുത്തൽ. നിയമസഭ തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിയുമായി മാന്യമായ സീറ്റ് വിഭജനവും സാധ്യമാകില്ലെന്ന് ബി.ജെ.പി നേതാക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. വലിയ അവകാശവാദമാണ് വെള്ളാപ്പള്ളി ഉന്നയിക്കുന്നത്. ബി.ജെ.പി വിജയസാധ്യത കാണുന്ന സീറ്റുകളിലാണ് അദ്ദേഹം കണ്ണ് നട്ടിരിക്കുന്നത്. 
 
കെ.എം മാണിയുടെ മകൻ ജോസ് കെ. മാണിയെ കേന്ദ്രസഹമന്ത്രി ആക്കുന്നതിനോട് കേരള ബി.ജെ.പി നേതൃത്വം അനുകൂലമാണ്. മാണി യു.ഡി.എഫ് വിട്ടു വന്നാൽ ഇതു എളുപ്പമാകും. മാണിയുമായി ചേർന്ന് മത്സരിക്കുന്നത് തിരുവനന്തപുരത്തെ ചില സീറ്റുകളിൽ ഗുണം ചെയ്യുമെന്നും അവിടുത്തെ ക്രിസ്ത്യൻ വോട്ടുകൾ അനുകൂലമായാൽ ജയിക്കാൻ കഴിയുമെന്നുമാണ് ബി.ജെ.പി നേതാക്കളുടെ കണക്കു കൂട്ടൽ. 
 
ഇതേസമയം, ബി.ജെ.പി മുന്നണിയിൽ ചേരാൻ മാണി തയാറായാൽ കേരള കോൺഗ്രസ്‌ പിളരുമെന്ന് ഉറപ്പാണ്‌. പി.ജെ ജോസഫും ഫ്രാൻസിസ് ജോർജും മറ്റും ഈ നീക്കത്തോട് യോജിക്കാൻ ഇടയില്ല. പാർട്ടി പിളർത്തി പഴയ ജോസഫ് ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിച്ച്‌ അവർ എൽ.ഡി.എഫിലേക്ക് പോകും. പാർട്ടിയിൽ പിളർപ്പ് ഒഴിവാക്കി എങ്ങനെ മുന്നണി വിടാൻ കഴിയുമെന്നാണ് മാണി നോക്കുന്നത്. 
 
 
 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.