പി. ജയരാജനെ ചോദ്യംചെയ്യല്‍: സി.ബി.ഐ വാശി ഉപേക്ഷിക്കണം –പിണറായി

കോഴിക്കോട്: ചികിത്സയില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ കസ്റ്റഡിയിലെടുത്തേ ചോദ്യം ചെയ്യാവൂ എന്ന വാശി സി.ബി.ഐ ഉപേക്ഷിക്കണമെന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍.ആശുപത്രി മുറിയില്‍ ഡോക്ടറുടെ സാന്നിധ്യത്തില്‍ വിവരങ്ങള്‍ തേടാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജയരാജനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയരാജനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണമെന്നത് ഒരുതരം വാശിയാണ്. ഈയൊരവസ്ഥയില്‍ കസ്റ്റഡിയിലെടുത്താല്‍ എന്തു സംഭവിക്കുമെന്ന് പറയാനാകില്ല.

കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജനെ പ്രതിചേര്‍ത്തത് സി.ബി.ഐയുടെ പാപ്പരത്തമാണ്. ആര്‍.എസ്.എസിന്‍െറ നിര്‍ദേശമാണ് സി.ബി.ഐ നടപ്പാക്കിയത്.  ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പങ്കെടുത്ത കണ്ണൂര്‍ ബൈഠകിലാണ്  പ്രതിയാക്കാന്‍ തീരുമാനിച്ചത്. ജയരാജന്‍ പ്രതിയല്ളെന്ന് കോടതിയില്‍ ആദ്യം സി.ബി.ഐ പറഞ്ഞതാണ്. പിന്നീടവര്‍ മാറ്റിപ്പറഞ്ഞു.ജയരാജന് ഗുരുതര ആരോഗ്യപ്രശ്നമുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. വിദഗ്ധ ചികിത്സയും ശിപാര്‍ശ ചെയ്തിരിക്കുന്നു.  ഈ സാഹചര്യത്തില്‍ ദീര്‍ഘമായ ചികിത്സയാണ് വേണ്ടത്. തെളിവില്ലാതെ പ്രതിചേര്‍ത്തയാളെ ചോദ്യംചെയ്താല്‍ ഒന്നും കിട്ടില്ല. അതിനാല്‍, ചോദ്യംചെയ്യല്‍ ഉപേക്ഷിക്കണം. ആര്‍.എസ്.എസിനെ തൃപ്തിപ്പെടുത്താനായിറങ്ങിയ  സി.ബി.ഐ നാണംകെട്ട അവസ്ഥയിലായി. ഗതികേടിലായ അവര്‍ക്ക്  വേണമെങ്കില്‍ ഡോക്ടറുടെ സാന്നിധ്യത്തില്‍ ചോദ്യംചെയ്യാമെന്നും പിണറായി പരിഹസിച്ചു. ജില്ലാ സെക്രട്ടറി പി. മോഹനന്‍, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. പി. സതീദേവി എന്നിവരും പിണറായിയോടൊപ്പമുണ്ടായിരുന്നു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.