ലാവലിൻ കേസിൽ സർക്കാരിന് തിരിച്ചടി

കൊച്ചി: ലാവലിന്‍ കേസില്‍ പിണറായി വിജയനുള്‍പ്പെടെയുള്ള  പ്രതികളെ കുറ്റവിമുക്തനാക്കിയതിനെതിരായ റിവിഷന്‍ ഹരജികള്‍ ഹൈകോടതി രണ്ട് മാസത്തിനുശേഷം പരിഗണിക്കാന്‍ മാറ്റി. 15 വര്‍ഷം മുമ്പ് മുതലേ കോടതിക്ക് മുന്നില്‍ നീതികാത്ത് കഴിയുന്ന കേസുകളേക്കാള്‍ അടിയന്തര പ്രാധാന്യം ലാവലിന്‍ റിവിഷന്‍ ഹരജികള്‍ക്കുള്ളതായി തോന്നുന്നില്ളെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് പി. ഉബൈദിന്‍െറ ഉത്തരവ്.

ഈ കേസ് ഉടനടി കേട്ട് തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കൂട്ടുന്നതെന്തിനെന്ന് കോടതി ആരാഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെ കോടതിയെ ഉപയോഗപ്പെടുത്താന്‍ ആരും മുതിരരുതെന്ന മുന്നറിയിപ്പും കോടതി നല്‍കി. കേസ് പരിഗണനക്കെടുത്തയുടന്‍ സി.ബി.ഐക്ക് വേണ്ടി അഡീ. സോളിസിറ്റര്‍ ജനറലാണ് വാദം നടത്തുന്നതെന്നും മാര്‍ച്ച് 17ന് മാത്രമേ അദ്ദേഹത്തിന് എത്താനാവൂവെന്നും സി.ബി.ഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. മാര്‍ച്ച് 17ലേക്ക് കേസ് മാറ്റണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ഈ ആവശ്യത്തെ സര്‍ക്കാറും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ മുന്‍ പ്രൈവറ്റ് സെക്രട്ടറിയായ റിവിഷന്‍ ഹരജിക്കാരന്‍ കെ.എം. ഷാജഹാനും എതിര്‍ത്തു.

കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ സര്‍ക്കാറിന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസഫലി ഈ സമയത്ത് ഹാജരായിട്ടില്ലാത്തതിനാല്‍ ഗവ. പ്ളീഡറാണ് സര്‍ക്കാര്‍ വാദം ഉന്നയിച്ചത്. സര്‍ക്കാറിന് കോടികളുടെ വലിയ നഷ്ടമുണ്ടാക്കിയ കേസാണെന്നും അടിയന്തര പ്രാധാന്യത്തോടെ കേസ് പരിഗണിച്ച് തീര്‍പ്പാക്കേണ്ടതുണ്ടെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. പ്രതികളെ കുറ്റവിമുക്തരാക്കിയ 2013ലെ സി.ബി.ഐ കോടതി വിധിക്കെതിരെ നല്‍കിയ റിവിഷന്‍ ഹരജി രണ്ട് വര്‍ഷത്തിലേറെയായി പരിഗണിക്കപ്പെടാതെ കിടക്കുകയാണെന്നും അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തിയാക്കാന്‍ പ്രത്യേക പരിഗണന നല്‍കണമെന്നും ഷാജഹാനും വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയാണ് ലാവലിന്‍ കേസ് അടിയന്തരമായി കേള്‍ക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹരജി നല്‍കിയതെന്ന് പ്രതികളുടെ അഭിഭാഷകര്‍ വാദിച്ചു. തുടര്‍ന്നാണ് കേസ് ഉടന്‍ പരിഗണിക്കണമെന്നാവശ്യപ്പെടാനുള്ള അടിയന്തര പ്രാധാന്യമെന്താണെന്ന് കോടതി സര്‍ക്കാറിനോട് ആരാഞ്ഞത്.

സര്‍ക്കാറിന് കോടികളുടെ നഷ്ടമുണ്ടാക്കിയ സാമ്പത്തിക ഇടപാടിലെ പ്രതികളെ എത്രയുംവേഗം കണ്ടത്തെി ശിക്ഷിക്കേണ്ടതുണ്ടെന്ന മറുപടിയാണ് സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍, അടിയന്തര പ്രാധാന്യത്തോടെ ഈ ഹരജികള്‍ പരിഗണിക്കേണ്ട അസാധാരണ സാഹചര്യം നിലവിലുണ്ടെന്ന് തോന്നുന്നില്ളെന്ന് കോടതി വ്യക്തമാക്കി. 2000 മുതലുള്ള പഴയ കേസുകളുടെ നിര കോടതിയുടെ പരിഗണന കാത്തു കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ അവക്കാണ് ആദ്യ പരിഗണന നല്‍കുന്നത്. റിവിഷന്‍ ഹരജികള്‍ നേരത്തേ കേള്‍ക്കണമെന്ന സര്‍ക്കാറിന്‍െറ ആവശ്യത്തിന്‍മേലുള്ള കോടതിയുടെ നിലപാട് നേരത്തേതന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കോടതി വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.