വിഴിഞ്ഞം പുനരധിവാസ പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ പുനരധിവാസ പാക്കേജിന് മന്ത്രിസഭ അംഗീകാരം നൽകി. ഒന്നാം ഘട്ട പുനരധിവാസത്തിനായി 23.8 കോടി രൂപ അനുവദിച്ചതായി മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു.

വിഴിഞ്ഞം തുറമുഖ പദ്ധതി മൂലം തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് 23.8 കോടി രൂപയുടെ പുനരധിവാസ പാക്കേജ് നടപ്പാക്കും. കോട്ടപ്പുറം/വലിയ കടപ്പുറം ഭാഗത്ത് കരമടി മത്സ്യബന്ധനം നടത്തുന്ന ഉടമകള്‍, പ്രവര്‍ത്തനമില്ലാത്ത കരമടി ഉടമകള്‍, സ്ഥലപരിശോധനയിലും രേഖാ പരിശോധനയിലും കണ്ടെത്തിയ കരമടി മത്സ്യത്തൊഴിലാളികള്‍/ പെന്‍ഷണര്‍മാര്‍, മുല്ലൂര്‍/സൂര്യ സമുദ്ര ബീച്ചുകളിലെ ചിപ്പി/ലോബ്സറ്റര്‍ തൊഴിലാളികള്‍/പെന്‍ഷണര്‍മാര്‍ എന്നിവര്‍ക്കാണ് നഷ്ടപരിഹാരം നല്‍കുന്നത്.

പദ്ധതി പ്രദേശത്തിന്‍റെ തീരത്തു നിന്നും കട്ടമരം ഉപയോഗിക്കാതെ ചിപ്പി ശേഖരിക്കുന്നവരുടെ വരുമാനം കട്ടമരം ഉപയോഗിച്ച് ചിപ്പി ശേഖരിക്കുന്നവരുടെ വരുമാനത്തിന്‍റെ ആറിലൊന്ന് മാത്രമാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ രണ്ടുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. മുല്ലൂര്‍ പ്രദേശത്തെ സമീപ തീരപ്രദേശങ്ങളില്‍ നിന്നും പദ്ധതി പ്രദേശത്തു വന്ന് വര്‍ഷത്തില്‍ ഒരു മാസം ചിപ്പി ശേഖരിച്ചിരുന്നവര്‍ക്കും രണ്ടുലക്ഷം വീതം നല്‍കും. പദ്ധതി പ്രദേശത്ത് കട്ടമരം കെട്ടുന്നതിന് സഹായിക്കുന്നവര്‍, ചിപ്പി/ലോബ്സ്റ്റര്‍ കച്ചവടം നടത്തുന്നവര്‍ എന്നിവര്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുന്നതാണ്.

സ്ഥിരമായി ജീവനോപാധി നഷ്ടപ്പെടുന്നവര്‍ക്ക് വിഴിഞ്ഞം പദ്ധതിക്കായി സംസ്ഥാന ബജറ്റില്‍ അനുവദിച്ചിട്ടുള്ള തുകയില്‍ നിന്നും നഷ്ടപരിഹാരം നല്‍കുന്നതിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിക്ക് അംഗീകാരം നല്‍കി. പുനരധിവാസത്തിന് നല്‍കുന്ന തുക ബാങ്ക് അക്കൗണ്ട് ട്രാന്‍സ്ഫര്‍ മുഖേനയോ ക്രോസ് ചെയ്ത ചെക്കായോ നല്‍കും. നഷ്ടപരിഹാര പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ഉപകരണങ്ങള്‍ സബ് കമ്മിറ്റി അംഗങ്ങളുടെ മേല്‍നോട്ടത്തില്‍ വിഴിഞ്ഞം തുറമുഖ കമ്പനി മഹസര്‍ തയാറാക്കി ഏറ്റെടുത്ത് ലേലം ചെയ്യും.

ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ മൂന്ന് വിഭാഗങ്ങള്‍

ഐ.കെ.എമ്മിലെ സ്റ്റാഫ് ഘടന പുനരേകീകരിച്ച് മൂന്ന് വിഭാഗങ്ങളാക്കി. റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്‍റ്, ഓപ്പറേഷന്‍ ആന്‍ഡ് മെയിന്‍റനന്‍സ്, ഹ്യൂമന്‍ റിസോഴ്സ് എന്നിവയാണവ. റിസര്‍ച്ച് ആന്‍ഡ് ലോജിസ്റ്റിക്സ്, സോഫ്റ്റ്വെയര്‍ ഡവലപ്മെന്‍റ്, ടെസ്റ്റിങ് ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍, ഹെല്‍പ് ഡസ്ക് ആന്‍ഡ് ഗ്രീവന്‍സ് സെല്‍ എന്നീ ഉപ വിഭാഗങ്ങളുണ്ടാകും.

പ്രധാന തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ മുഖേനയും നേരിട്ടും ഉദ്യോഗക്കയറ്റം വഴിയും നിയമനം നടത്തും. ഉദ്യോഗസ്ഥരെ പ്രൊഫഷണല്‍, ടെക്നിക്കല്‍, നോ ടെക്നിക്കല്‍ വിഭാഗങ്ങളായി വിന്യസിക്കും. റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് വിങ്ങില്‍ 54 പേരെ നിയമിക്കുന്നതില്‍ 40 പേരെ സോഫ്റ്റ്വെയര്‍ ഡെവലപ്മെന്‍റില്‍ നിയമിക്കും. ദിവസവേതന/കസോളിഡേറ്റഡ് പേ അടിസ്ഥാനത്തില്‍ ജോലി ചെയ്യുവരെ നിലനിര്‍ത്തും.

8,730 രൂപ മുതല്‍ 40,640 രൂപ വരെയുള്ള ശമ്പള സ്കെയില്‍ ആണ് വിവിധ തസ്തികകള്‍ക്ക് ശിപാര്‍ശ ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്കെയിലുകളും ഡി.എ, എച്ച്.ആര്‍.എ, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയും അനുവദിക്കും.

ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍ എന്നിവയുടെ പ്ളാന്‍ ഫണ്ടിന്‍റെ 25 ശതമാനവും ജില്ലാ പഞ്ചായത്തുകള്‍, ബ്ളോക്ക് പഞ്ചായത്തുകള്‍ എന്നിവയുടെ പ്ളാന്‍ ഫണ്ടിന്‍റെ 10 ശതമാനവും ഐ.കെ.എമ്മിന്‍റെ പ്രവര്‍ത്തന ഫണ്ടായി നല്‍കും. ഇത് 10 കോടി വരും. ബജറ്റ് വിഹിതമായി 10 കോടി വകയിരുത്തിയിട്ടുണ്ട്. കസള്‍ട്ടന്‍സി വഴി രണ്ടുകോടി സമാഹരിക്കാനാകും. ഇപ്രകാരം ലഭിക്കുന്ന 22 കോടി ജീവനക്കാരുടെ ശമ്പളത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ചെലവഴിക്കാനാകും എന്നതിനാല്‍ സര്‍ക്കാരിന് അധികബാധ്യത വരില്ല.

മറ്റ് മന്ത്രിസഭാ യോഗ തീരുമാനങ്ങൾ:

1. കൊച്ചി മെഡിക്കൽ കോളജ് കാമ്പസിൽ സ്ഥാപിക്കുന്ന കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്‍ററിന് ആവശ്യമായ 31 തസ്തികകൾ അനുവദിക്കാൻ തീരുമാനിച്ചു.

2. സർക്കാരിന്‍റെ അവയവദാന പദ്ധതിയുമായി ബന്ധപ്പെട്ട് എയർ ആംബുലൻസ് നിലവിൽ വരുന്നതിന്‍റെ ഭാഗമായി ഒപ്പുവെക്കേണ്ട ധാരണാപത്രത്തിന്‍റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

3. കോഴിക്കോട് വിമാനത്താവള വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് ആവശ്യമായ തുക മേജർ ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്മെന്‍റ് പ്രോജക്ടിന് അനുവദിച്ച തുകയിൽ നിന്ന് ആവശ്യാനുസരണം നൽകുന്നതിന് തീരുമാനിച്ചു.

4. സംസ്ഥാനത്തെ 39 പഞ്ചായത്തുകളെ മുനിസിപ്പാലിറ്റികളാക്കി മാറ്റിയ സാഹചര്യത്തിൽ അവിടുത്തെ ജീവനക്കാർക്ക് പഞ്ചായത്തിൽ തുടരാനോ മുനിസിപ്പൽ സർവീസിലേക്ക് മാറാനോ അവസരം നൽകും.

5. മുതിർന്ന പൗരന്മാർക്കു വേണ്ടി റഗുലേറ്ററി ബോഡി രൂപീകരിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.