ഊരുകളില്‍ ഉശിരുള്ള വീടുകളുമായി സൊസൈറ്റികള്‍

മുട്ടില്‍: കാഴ്ചയില്‍ മനോഹരം, ഈടും ഉറപ്പും കെങ്കേമം. കാലതാമസമില്ലാതെ നിര്‍മാണവും. ജില്ലയിലെ ആദിവാസി കോളനികളില്‍ പാതിവഴിയില്‍ നിര്‍മാണം നിലച്ചുപോവുന്ന വീടുകളുടെ നിരാശജനകമായ ചിത്രങ്ങളെ മാറ്റിവരക്കുകയാണ് പട്ടികവര്‍ഗ വെല്‍ഫെയര്‍ സൊസൈറ്റികള്‍. കരാറുകാരുടെ കുത്സിത നീക്കങ്ങളെയും അധികാരിവര്‍ഗത്തിന്‍െറ ഒത്തുകളികളെയും തോല്‍പിച്ച് മുന്നേറുന്ന സൊസൈറ്റികളുടെ ഇച്ഛാശക്തിയില്‍ ലക്ഷണമൊത്ത കൊച്ചുവീടുകള്‍ ഉയര്‍ന്നുവരുമ്പോള്‍ ആദിവാസി ഊരുകളില്‍ വീടെന്ന പ്രതീക്ഷകള്‍ക്ക് ബലമേറുന്നു. മുട്ടില്‍ പഞ്ചായത്ത് പട്ടികവര്‍ഗ വെല്‍ഫെയര്‍ സൊസൈറ്റി ഇത്തരത്തില്‍ നിര്‍മിച്ച 17 വീടുകളുടെ താക്കോല്‍ദാനമാണ് ശനിയാഴ്ച കല്ലുപാടി, തെനേരി കോളനികളില്‍ നടക്കുന്നത്. രാവിലെ 11.30ന് നടക്കുന്ന ചടങ്ങില്‍  ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറിന്‍െറ അധ്യക്ഷതയില്‍ ശ്രേയാംസ്കുമാര്‍ എം.എല്‍.എ താക്കോല്‍ദാനം നിര്‍വഹിക്കും.

2014-15ല്‍ മുട്ടില്‍ പഞ്ചായത്തില്‍ പട്ടികവര്‍ഗ വകുപ്പിന് കീഴില്‍ മൊത്തം 75 വീടുകള്‍ അനുവദിച്ചപ്പോള്‍ 17 വീടുകളുടെ നിര്‍മാണച്ചുമതലയാണ് സൊസൈറ്റിക്ക് നല്‍കിയത്. ഗുണഭോക്താക്കളും കരാറുകാരുമൊക്കെ ഏറ്റെടുത്ത മറ്റു വീടുകളുടെ നിര്‍മാണം ഇപ്പോഴും പാതിവഴിയില്‍ ഇഴയുമ്പോഴാണ് സൊസൈറ്റി വീടുകള്‍ മികച്ചരീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നത്. സൊസൈറ്റി നിര്‍മിച്ച വീടുകള്‍ മതി തങ്ങള്‍ക്കെന്ന ആവശ്യവുമായി നിരവധി ആദിവാസി വിഭാഗക്കാരാണ് തങ്ങളെ സമീപിക്കുന്നതെന്ന് മുട്ടില്‍ പഞ്ചായത്ത് ട്രൈബല്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്‍റ് ശശി പന്നിക്കുഴി പറഞ്ഞു.

43 തൊഴിലാളികളാണ് മുട്ടില്‍ സൊസൈറ്റിയില്‍ ഉള്ളത്. ഇവര്‍ക്കെല്ലാം തൊഴില്‍ നല്‍കാന്‍ കഴിയുന്നുവെന്നത് ഏറെ സന്തോഷമാണ്. അതിനൊപ്പം അഴിമതിയില്ലാതെയും കാലതാമസം വരുത്താതെയും വീടിന്‍െറ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയും. പണിയ വിഭാഗത്തില്‍നിന്നുള്ളവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി ഇവരെ കെട്ടിടനിര്‍മാണത്തിന് പ്രാപ്തരാക്കുകയും ചെയ്യുന്നുണ്ട്.

500 ചതുരശ്ര അടിയോളം വിസ്തൃതിയുള്ള വീടുകളാണ് സൊസൈറ്റി നിര്‍മിച്ചുനല്‍കുന്നത്. രണ്ടു ബെഡ്റൂമും അടുക്കളയും സിറ്റൗട്ടും ബാത്ത്റൂമുമുള്ള ഈ വീടിന് നിര്‍മാണച്ചെലവ് മൂന്നരലക്ഷത്തോളം രൂപ മാത്രമാണെന്നും ശശി വ്യക്തമാക്കി. ജില്ലയിലെ പഞ്ചായത്തുകളില്‍ സൊസൈറ്റി ഏറ്റവും സജീവമായുള്ളത് മുട്ടിലിലാണ്. ജില്ലാതലത്തില്‍ ട്രൈബല്‍ സൊസൈറ്റി ജോലിക്കാര്‍ക്ക് നിര്‍മിതികേന്ദ്ര അടക്കമുള്ളവ പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്.

അതേസമയം, കരാറുകാരുടെ സമ്മര്‍ദത്തിനുവഴങ്ങി പല കോണുകളില്‍നിന്നും സൊസൈറ്റികള്‍ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും നീക്കങ്ങള്‍ ശക്തമാണ്. ഗുണഭോക്താവിനെ നേരിട്ട് സ്വാധീനിച്ച് കരാര്‍ കൈപ്പറ്റുന്ന കോണ്‍ട്രാക്ടര്‍മാരും സജീവമാണ്. സൊസൈറ്റി പ്രവര്‍ത്തനം തടയാന്‍ തുടക്കത്തില്‍ കരാറുകാര്‍ മന്ത്രിതലത്തില്‍വരെ സ്വാധീനം ചെലുത്തിയിരുന്നു. എന്നാല്‍, സൊസൈറ്റി നിര്‍മിച്ച വീടുകള്‍ കാണുന്നതോടെ ഇത്തരത്തിലുള്ളത് മതിയെന്ന ശക്തമായ ആവശ്യമുന്നയിച്ച് ഗോത്രവിഭാഗക്കാര്‍ രംഗത്തുവരുകയാണ്. ജില്ലാ കലക്ടറുടെ ഉറച്ച പിന്തുണയും സൊസൈറ്റിയുടെ നിലനില്‍പില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.