സി.പി.എമ്മിൻറേത് കാപട്യത്തിൽ പൊതിഞ്ഞ ആദർശം -ഉമ്മൻ ചാണ്ടി

കുമ്പള: മാർക്സിസ്റ്റ് പാർട്ടിക്ക് യാഥാർത്ഥ്യ ബോധം നഷ്ടപ്പെട്ടതായും കാപട്യത്തിൽ പൊതിഞ്ഞ ആദർശമാണ് അവർക്കുള്ളതെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ നയിക്കുന്ന ജനരക്ഷാ യാത്രയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മുമായി ചർച്ചയാകാമെന്ന് ആർ.എസ്.എസ് നേതാവ് മോഹൻ ഭഗതും ആർ.എസ്.എസുമായി ചർച്ചയാകാമെന്ന് പിണറായി വിജയനും പറഞ്ഞത് പരാമർശിച്ചായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രസ്താവന.

ആർ.എസ്.എസിന്റെയും പിണറായിയുടെയും നയത്തിൽ വന്നിട്ടുള്ള മാറ്റം സമാധാനത്തിനാണെന്നിൽ കോൺഗ്രസ് അതിനെ സ്വാഗതം ചെയ്യുന്നു. മറിച്ച് അതിൻെറ മറവിൽ വോട്ട് തട്ടാനാണ് പദ്ധതിയെങ്കിൽ ജനങ്ങൾ രണ്ട് കാലുകൊണ്ടും ചവിട്ടി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
പത്താൻ കോട്ടിലെ സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ശബ്ദം ദുർബലമാണ്. ഈ സംഭവത്തിൻെറ ഗൗരവം ഉൾക്കൊണ്ടു കൊണ്ട് പ്രവർത്തിക്കാൻ മോദിക്ക് കഴിയുന്നില്ല. മോദിയിൽ വിശ്വാസമർപ്പിച്ച് അധികാരത്തിലേറ്റിയവർ ഇന്ന് നിരാശരാണ്. എങ്ങും അസഹിഷ്ണത മാത്രമാണ്. ബി.ജെ.പിക്കെതിരെ പ്രതികരിച്ചതിന് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെയും ഉപാധ്യക്ഷൻ രാഹുലിനെയും കള്ളക്കേസിൽ കുടുക്കി പ്രതികാരം ചെയ്യാൻ ശ്രമിക്കുന്നു.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ വർദ്ധിച്ചപ്പോൾ യു.പി.എ സർക്കാർ ഒന്നര ലക്ഷത്തോളം കോടി രൂപ വരെ സബ്സിഡി നൽകി. എന്നിട്ടും പിടിച്ചു നിൽക്കാൻ കഴിയാതായപ്പോഴാണ് വില വർദ്ധിപ്പിച്ചത്. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില നേർ പകുതിയായി കുറഞ്ഞിട്ടും ലിറ്ററിന് അഞ്ചു രൂപയിൽ താഴെ മാത്രമെ മോദി സർക്കാർ കുറച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ജാഥാ ക്യാപ്റ്റൻ വി.എം സുധീരന് മുഖ്യമന്ത്രി പതാക കൈമാറി. കേരളത്തിൻെറ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി മുകുൾ വാസ്നിക്, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ പി.പി തങ്കച്ചൻ, കെ. സി വേണുഗോപാൽ എം.പി, വി.ഡി സതീശൻ എം.എൽ.എ, മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.