ശമ്പളം നല്‍കാത്ത ചാനല്‍ ഉടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം –വൈക്കം വിശ്വന്‍

തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്ത ചാനല്‍ ഉടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു. ഇന്ത്യാവിഷന്‍, ടി.വി ന്യൂസ് ചാനലുകളിലെ തൊഴില്‍ അനിശ്ചിതത്വത്തിനും വേതനമില്ലായ്മക്കുമെതിരെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാന്യമായ ശമ്പളം നല്‍കുന്ന ചാനലുകള്‍ കേരളത്തിലുണ്ട്. മാസങ്ങളായി ശമ്പളം നല്‍കാത്ത ചാനലുകളും ഇവിടെയുണ്ട്. ചെയ്തജോലിക്ക് ശമ്പളത്തിനായി ജീവനക്കാര്‍ പലതവണ മാധ്യമ മുതലാളിമാരെ സമീപിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് തൊഴില്‍ മന്ത്രിയെ മാധ്യമപ്രവര്‍ത്തകരുടെ യൂനിയന്‍ സമീപിച്ചിട്ടും നിഷേധാത്മക നിലപാട് സ്വീകരിച്ചത് ഖേദകരമാണ്. ദിവസ വേതനക്കാര്‍ക്കുപോലും മാന്യമായ കൂലി ലഭിക്കുന്ന നാട്ടില്‍ വേതനമില്ലാതെ ജോലി ചെയ്യേണ്ടിവരുന്ന മാധ്യമ പ്രവര്‍ത്തകരുടെ നിസ്സഹായതയില്‍ നിശ്ശബ്ദമായിരിക്കുന്നത് ഒരു സര്‍ക്കാറിനും ഭൂഷണമല്ളെന്നും തൊഴില്‍വകുപ്പ് തൊഴിലാളികള്‍ക്കുവേണ്ടി നിലകൊള്ളണമെന്നും വിശ്വന്‍ ആവശ്യപ്പെട്ടു.

സി.പി.ഐ ദേശീയ നിര്‍വാഹക സമിതിയംഗം പന്ന്യന്‍ രവീന്ദ്രന്‍, വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ, പി.ടി.എ. റഹീം എം.എല്‍.എ, കേരള കോണ്‍ഗ്രസ് സെക്കുലര്‍ ലീഡര്‍ പി.സി. ജോര്‍ജ്, എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂര്‍ വിജയന്‍, ജനതാദള്‍ നേതാവ് നീലലോഹിത ദാസന്‍ നാടാര്‍, സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, ബി.ജെ.പി വക്താവ് വി.വി. രാജേഷ്, ജില്ലാ പ്രസിഡന്‍റ് എസ്. സുരേഷ്, ബെഫി സംസ്ഥാന പ്രസിഡന്‍റ് പി.വി. ജോസ്, എല്‍.ഐ.സി എംപ്ളോയീസ് യൂനിയന്‍ പ്രസിഡന്‍റ് എന്‍. ഗണപതികൃഷ്ണന്‍, കെ.യു.ഡബ്ള്യു.ജെ സംസ്ഥാന പ്രസിഡന്‍റ് പി.എ. അബ്ദുല്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി. നാരായണന്‍, മറ്റു നേതാക്കളായ എന്‍. പത്മനാഭന്‍, എസ്. ബിജു, ഡി. രാജ്മോഹന്‍, ബി.എസ്. പ്രസന്നന്‍ എന്നിവര്‍ സംസാരിച്ചു. പാളയത്തെ സ്വദേശാഭിമാനി സ്മൃതികുടീരത്തില്‍നിന്ന് പ്രകടനമായാണ് മാധ്യമ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനുമുന്നിലത്തെിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.