കുമളി: ഹൈറേഞ്ചില്‍ വികസന വെളിച്ചം തെളിച്ച മനുഷ്യസ്നേഹിയോടുള്ള ആദരവായി ഒരു ഗ്രാമം ആ പേരിനെ നെഞ്ചോട് ചേര്‍ക്കുന്നു. കുമളി ഗ്രാമപഞ്ചായത്തിലെ മുരുക്കടിയെന്ന പ്രദേശമാണ് പേരുമാറി വിശ്വനാഥപുരമാകുന്നത്. 104ാം പിറന്നാള്‍ ആഘോഷിക്കാന്‍ തയാറെടുക്കുന്ന മുരുക്കടി സ്വാമിയെന്ന എന്‍. വിശ്വനാഥയ്യരുടെ പേരാണ് ഇനി ഗ്രാമത്തിന്‍െറ പേരാകുന്നത്.
മങ്കൊമ്പ് ആണ്ടി അയ്യരുടെ അഞ്ചാമത്തെ മകനായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മലകയറി മുരുക്കടിയിലെ സ്വന്തം തോട്ടത്തിലത്തെിയ വിശ്വനാഥയ്യര്‍, പിന്നീട് കുമളിയുടെ പ്രിയപ്പെട്ടവനായി. എറണാകുളം മഹാരാജാസില്‍നിന്ന് ബി.എ പാസായ ശേഷം പിതാവിന്‍െറ ആഗ്രഹപ്രകാരമാണ് മുരുക്കടി മേഖലയിലെ തോട്ടങ്ങളുടെ മേല്‍നോട്ടത്തിന് സ്വാമി എത്തിയത്.
പ്രതികൂല കാലാവസ്ഥയില്‍ മണ്ണിനോടും വന്യജീവികളോടും പോരാടിയായിരുന്നു തൊഴിലാളികള്‍ക്കൊപ്പം സ്വാമിയുടെ ജീവിതവും. കുമളി, തേക്കടി മേഖലയിലെ ആദ്യ ടെലിഫോണ്‍ സ്വാമിയുടെ ആവശ്യപ്രകാരമാണ് തേക്കടിയിലത്തെിയത്.
1950കളില്‍ തേക്കടി സന്ദര്‍ശിച്ച സോവിയറ്റ് യൂനിയനിലെ കമ്യൂണിസ്റ്റ് നേതാവ് ക്രൂഷ്ചേവിനുവേണ്ടി താല്‍ക്കാലികമായി സര്‍ക്കാര്‍ സ്ഥാപിച്ച ടെലിഫോണ്‍ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ സ്വാമിയുടെ ആവശ്യപ്രകാരം തേക്കടിയില്‍ സ്ഥാപിക്കുകയായിരുന്നു. മുരുക്കടിയില്‍നിന്ന് 10 കി.മീ. നടന്നാണ് തേക്കടിയിലത്തെി സ്വാമി ഫോണ്‍ വിളിച്ചിരുന്നത്.
കുമളി ഗ്രാമപഞ്ചായത്തിന്‍െറ പ്രഥമ പ്രസിഡന്‍റായി 15 വര്‍ഷമാണ് സ്വാമി സേവനമനുഷ്ഠിച്ചത്. മുരുക്കടി ക്ഷേത്രം, കുമളി മേഖലയിലെ അങ്കണവാടി, പ്രാഥമികാരോഗ്യ കേന്ദ്രം, പോസ്റ്റ് ഓഫിസ് എന്നിങ്ങനെ വിവിധ സ്ഥാപനങ്ങള്‍ക്ക് സ്ഥലം സൗജന്യമായി നല്‍കിയും സ്വാമി വികസനത്തിന് വഴിതുറന്നു. കുമളി മേഖലയിലെ ആദ്യ സ്കൂള്‍ മുരുക്കടിയില്‍ ആരംഭിച്ചതും വിശ്വനാഥയ്യരാണ്. തൊഴിലാളികളുടെയും നാട്ടുകാരുടെയും മക്കളെ ആകര്‍ഷിക്കാന്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്കൂളില്‍ ഉച്ചഭക്ഷണം വിളമ്പിയതും സ്വാമിയായിരുന്നെന്ന് നാട്ടുകാര്‍ ഓര്‍മിക്കുന്നു.
മലയോര ഗ്രാമത്തെ ലോകവുമായി ബന്ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതിനൊപ്പം മലമ്പനിക്ക് കീഴടങ്ങി മരിച്ചുവീണിരുന്ന തൊഴിലാളികള്‍ക്കായി ആദ്യ ചികിത്സാ കേന്ദ്രം ഒരുക്കിയതും സ്വാമിതന്നെ.
വിശ്വനാഥയ്യരോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്‍െറ ജീവിതകാലഘട്ടത്തില്‍ തന്നെ മുരുക്കടി പ്രദേശം വിശ്വനാഥപുരമായി മാറുന്ന ചടങ്ങാണ് തിങ്കളാഴ്ച നടക്കുന്നത്. മുരുക്കടിയിലെ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ സ്ഥലനാമകരണം ഇ.എസ്. ബിജിമോള്‍ എം.എല്‍.എ നിര്‍വഹിക്കും.
പോസ്റ്റ്ഓഫിസ് കെട്ടിടവും സ്ഥലവും ഏറ്റുവാങ്ങി പോസ്റ്റല്‍ ഡയറക്ടര്‍ എസ്. രാമമൂര്‍ത്തി മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.