കോട്ടയം:പള്ളിക്കത്തോട് തെക്കുംതലയിലെ കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് തിങ്കളാഴ്ച ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി രാഷ്ട്രത്തിന് സമര്‍പ്പിക്കും. തെക്കുംതലയിലെ കാമ്പസ് അങ്കണത്തില്‍ വൈകീട്ട് 3.15നാണ് ദേശീയനിലവാരത്തിലുള്ള രാജ്യത്തെ മൂന്നാമത്തെ സ്ഥാപനത്തിന്‍െറ ഉദ്ഘാടനം. ഗവര്‍ണര്‍ പി. സദാശിവം അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.കെ. അബ്ദുറബ്ബ്, ജോസ് കെ. മാണി എം.പി, സുരേഷ്കുറുപ്പ് എം.എല്‍.എ, ചലച്ചിത്രതാരം മോഹന്‍ലാല്‍, ഓസ്കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍പൂക്കൂട്ടി എന്നിവര്‍ പങ്കെടുക്കും.
2005ല്‍ പ്രഖ്യാപിച്ച സ്ഥാപനത്തിന്‍െറ നിര്‍മാണം തൊട്ടടുത്തവര്‍ഷം ആരംഭിച്ചെങ്കിലും കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞവര്‍ഷമാണ് ക്ളാസുകള്‍ ആരംഭിച്ചത്. രണ്ടാം ബാച്ചിന്‍െറ പ്രവേശത്തിനൊപ്പമാണ് ഒൗദ്യോഗിക ഉദ്ഘാടനം നടക്കുന്നത്. സ്ഥാപനത്തില്‍ ഡിജിറ്റല്‍ കേന്ദ്രീകൃതമായ ഏറ്റവും അത്യാധുനിക ഉപകരണങ്ങളും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ ഫീസ് ഈടാക്കുന്ന സ്ഥാപനത്തില്‍ ആറ് കോഴ്സുകളുണ്ട്. ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍െറ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ സംവിധാനം, എഡിറ്റിങ്, സിനിമാട്ടോഗ്രഫി, ഓഡിയോഗ്രഫി, അനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ എഫക്ട്സ്, അഭിനയം എന്നീ വിഷയങ്ങളില്‍ ത്രിവത്സര ഡിപ്ളോമ കോഴ്സുകളാണ് നടത്തുന്നത്. സംസ്ഥാന സര്‍ക്കാറിന്‍െറ സര്‍ട്ടിഫിക്കറ്റും നല്‍കും. ജി. ശങ്കറിന്‍െറ കീഴിലുള്ള ഹാബിറ്റാറ്റ് ടെക്നോളജിയാണ് കെട്ടിടങ്ങളുടെ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍റ്. ചെലവുകുറഞ്ഞ നിര്‍മാണ രീതിക്കൊപ്പം രൂപകല്‍പനയും കെട്ടിടങ്ങളെ വ്യത്യസ്തമാക്കുന്നു. ആറ് കോഴ്സുകള്‍ക്കായി മൂന്നുനിലകള്‍ വീതമുള്ള രണ്ട് ബ്ളോക്കുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മിച്ചിരിക്കുന്നത്. 10 ഏക്കറിലധികം സ്ഥലത്താണ് കാമ്പസ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് എന്ന പേരില്‍ തുടക്കമിട്ട സ്ഥാപനം പിന്നാലെ കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നു നാമകരണം ചെയ്യുകയായിരുന്നു.
ദേശീയതലത്തില്‍ നടക്കുന്ന അഭിരുചി പരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. ഒരുബാച്ചില്‍ 60 പേര്‍ക്കാണ് പ്രവേശം. ഗവേഷണസൗകര്യം ഒരുക്കുന്നതിനൊപ്പം ഇതിനെ ഡീംഡ് യൂനിവേഴ്സിറ്റിയാക്കി മാറ്റാനും ലക്ഷ്യമിടുന്നുണ്ട്. രണ്ടാംഘട്ടമായി തുടക്കമിടുന്ന ഓഡിറ്റോറിയം, ഷൂട്ടിങ് ഫ്ളോര്‍, മിക്സിങ് സ്റ്റുഡിയോ എന്നിവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.