പിണറായി വിജയൻ നയിക്കുന്ന നവകേരള മാർച്ചിന് തുടക്കം 

കാസര്‍കോട്: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് ഉപ്പളയില്‍ ഉജ്ജ്വല തുടക്കം. മുന്‍ ജനറല്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട്, പിണറായി വിജയന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. 
ഇടതുപക്ഷ സര്‍ക്കാറിന് മാത്രമേ അഴിമതിയില്‍നിന്ന് കേരളത്തെ രക്ഷിക്കാനാകൂവെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രകാശ് കാരാട്ട് പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയിലാണ് കേരളത്തിലെ യു.ഡി.എഫ് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. സോളാര്‍ മുതല്‍ ബാര്‍ കോഴവരെ മുങ്ങിനില്‍ക്കുകയാണ്. വിലക്കയറ്റം സാധാരണ ജീവിതത്തെ ബാധിക്കുന്നു. തൊഴില്‍ദാന പദ്ധതികള്‍ നടപ്പായില്ല. 
കേന്ദ്രത്തിലെ അധികാരത്തിന്‍െറ ബലത്തില്‍ കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിനായി സാമുദായിക ശക്തികളെ അവര്‍ ഒപ്പംനിര്‍ത്തുകയാണ് -കാരാട്ട് പറഞ്ഞു. 
കേരളത്തില്‍ കാലാനുസൃത പുരോഗതിയാണ് ആവശ്യമെന്ന് ജാഥാ നായകന്‍ പിണറായി വിജയന്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങള്‍ക്ക് അസൂയ തോന്നിയ ചില മേഖലകള്‍ കേരളത്തിനുണ്ടായിരുന്നു. ഇന്ന് അവ പരിശോധിച്ചാല്‍ ഈ രംഗങ്ങളിലും സംസ്ഥാനം പിറകിലാണെന്ന് മനസിലാകും. അഴിമതിയില്ലാത്ത സംസ്ഥാനമാണ് കേരളത്തിന്‍െറ ലക്ഷ്യം. അത് സാധ്യമാകണമെങ്കില്‍ ഇടതുമുന്നണി അധികാരത്തില്‍ വരണം -അദ്ദേഹം പറഞ്ഞു. 
പിണറായി നയിക്കുന്ന ജാഥ ആവേശകരമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുമെന്ന് ആശംസയര്‍പ്പിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. സുധീരന്‍െറ ജാഥ കള്ളപ്രചാരണങ്ങളുമായി കറങ്ങിക്കൊണ്ടിരിക്കുകയാണെന്ന് വി.എസ് പരിഹസിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംസാരിച്ചു. 
ചടങ്ങില്‍ ആദ്യകാല നേതാക്കളെ പിണറായി വിജയന്‍ ആദരിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ ടീച്ചര്‍, ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു. 
സംഘാടക സമിതി ചെയര്‍മാന്‍ പി. കരുണാകരന്‍ എം.പി അധ്യക്ഷത വഹിച്ചു. വി.പി.പി. മുസ്തഫ സ്വാഗതം പറഞ്ഞു. 
എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, കെ.ജെ. തോമസ്, കെ.ടി. ജലീല്‍, എം.ബി. രാജേഷ്, പി.കെ. ബിജു, എ. സമ്പത്ത്, പി.കെ. സൈനബ എന്നിവരാണ് ജാഥയിലെ സ്ഥിരാംഗങ്ങള്‍. 140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിച്ച് ഫെബ്രുവരി 14ന് തിരുവനന്തപുരത്ത് സമാപിക്കും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.