സുപ്രീംകോടതി വിധി മദ്യനയത്തിനുള്ള അംഗീകാരം –മന്ത്രി കെ. ബാബു

തിരുവനന്തപുരം: സര്‍ക്കാറിന്‍െറ മദ്യനയത്തിനുള്ള അംഗീകാരമാണ് സുപ്രീംകോടതി വിധിയില്‍ പ്രതിഫലിച്ചതെന്ന് മന്ത്രി കെ. ബാബു.
ബിവറേജസ് കോര്‍പറേഷന്‍െറ പുതിയ ആസ്ഥാനമന്ദിരത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹികപുരോഗതി ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയത്തിന് മികച്ച ജനപിന്തുണയാണ് ലഭിച്ചത്. ഇത് ഉള്‍ക്കൊണ്ടാണ് ബാറുകള്‍ പൂട്ടിയ നടപടി കോടതി ശരിവെച്ചത്.
തീരുമാനം ചില തല്‍പരകക്ഷികള്‍ക്ക് നഷ്ടമുണ്ടാക്കി. ഇത്തരക്കാര്‍ നടത്തുന്ന അപവാദപ്രചാരണങ്ങള്‍ ജനം തള്ളുമെന്നും ബാബു പറഞ്ഞു.
ബാറുകള്‍ പൂട്ടിയതോടെ തൊഴില്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസം, എക്സൈസ് ജീവനക്കാര്‍ക്കുള്ള പരിശീലനം, ഗവേഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. ബിവറേജസ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചു.
എല്‍.ഐ.സിയുടെ സഹകരണത്തോടെയാണ് പെന്‍ഷന്‍ പദ്ധതി തയാറാക്കുക. പ്രോവിഡന്‍റ് ഫണ്ട് വിഹിതം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ കാര്യങ്ങളില്‍ ഉടന്‍ തീര്‍പ്പാകുമെന്നും മന്ത്രി പറഞ്ഞു.
കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷനായി. മന്ത്രി വി.എസ്. ശിവകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് കമീഷണര്‍ എച്ച്. വെങ്കിടേഷ്, കോര്‍പറേഷന്‍ എം.ഡി ഐ.ജി എച്ച്. വെങ്കിടേഷ്, മുന്‍ എം.ഡിമാരായ ശങ്കര്‍ റെഡ്ഡി, ജീവന്‍ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.