സോളാര്‍ കമീഷന്‍െറ ഇടക്കാല റിപ്പോര്‍ട്ട്: തീരുമാനം ഇന്ന്

കൊച്ചി: സോളാര്‍ കമീഷന്‍ അന്വേഷണത്തില്‍ ഇടക്കാല റിപ്പോര്‍ട്ട് വേണമെന്ന് കക്ഷികളുടെ ആവശ്യം. പൂര്‍ണമായ അന്വേഷണ റിപ്പോര്‍ട്ടാണ് അഭികാമ്യമെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ അറിയിച്ചെങ്കിലും ഇടക്കാല റിപ്പോര്‍ട്ട് ആവശ്യത്തെ അദ്ദേഹം എതിര്‍ത്തില്ല. ഇത് സംബന്ധിച്ച് കമീഷന്‍െറ തീരുമാനം ചൊവ്വാഴ്ച അറിയിക്കും. ഏപ്രില്‍ 27 ന് സോളാര്‍ കമീഷന്‍െറ കാലാവധി അവസാനിക്കാനിരിക്കെ സാക്ഷികള്‍ പലരും ഹാജരാകാതിരിക്കുന്നത് പരിഗണിച്ച് ജസ്റ്റിസ് ശിവരാജന്‍ കമീഷന്‍ വിളിച്ചു ചേര്‍ത്ത ബന്ധപ്പെട്ട കക്ഷികളുടെ അഭിഭാഷകരുടെ യോഗത്തിലായിരുന്നു ഇടക്കാല റിപ്പോര്‍ട്ട് എന്ന ആവശ്യം ഉയര്‍ന്നത്. എന്നാല്‍, ഇടക്കാല റിപ്പോര്‍ട്ടുകൊണ്ട് ഒരു പ്രയോജനവുമുണ്ടാകില്ളെന്ന് കേസിലെ കക്ഷികളിലൊരാളായ ജിക്കുമോന്‍െറ അഭിഭാഷകന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയടക്കം നാല്‍പതോളം പേരെ ഇനിയും വിസ്തരിക്കാനും മൊഴിയെടുക്കാനുമുണ്ടെന്ന് ആമുഖത്തില്‍ കമീഷന്‍ സൂചിപ്പിച്ചു. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കേണ്ടി വന്നേക്കാം. കാലാവധി ഏപ്രിലില്‍ അവസാനിക്കുകയാണ്. അതിനു മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സമയം വളരെ കുറവാണ്. 2013 ല്‍ കമീഷന്‍ രൂപവത്കരിച്ചശേഷം ഒന്നര വര്‍ഷത്തോളം പലരും മൊഴി നല്‍കാനത്തൊഞ്ഞത് സമയപരിധിയെ ബാധിച്ചിട്ടുണ്ട്.
സോളാര്‍ കേസിലെ പ്രധാന പ്രതികളിലൊരാളായ സരിത എസ്. നായരും, പി.എ. മാധവന്‍ എം.എല്‍.എയും ചില പൊലീസ് ഉദ്യോഗസ്ഥരും കമീഷന്‍ മൊഴിയെടുക്കുന്നതില്‍നിന്ന് മന$പൂര്‍വം വിട്ടുനില്‍ക്കുകയാണെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഇവരെ കമീഷനില്‍ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് ഹാജരാകാന്‍ പ്രേരിപ്പിക്കണം. കമീഷന്‍ നിശ്ചയിക്കുന്ന തീയതികളില്‍ ബന്ധപ്പെട്ടവര്‍ മൊഴിയെടുക്കാന്‍ എത്തണമെന്ന് നിഷ്കര്‍ഷിക്കണം.
സോളാര്‍ കേസില്‍ ഉള്‍പ്പെട്ട ബിജു രാധാകൃഷ്ണന്‍ കമീഷനില്‍ ഹാജരാക്കാമെന്ന് സമ്മതിച്ച സീഡി ഇതുവരെ ഹാജരാക്കിയിട്ടില്ല. സരിത നായര്‍ എഴുതിയ കത്തും ഹാജരാക്കിയിട്ടില്ല. ഇതു രണ്ടും കണ്ടെടുക്കാന്‍ കമീഷന്‍ അധികാരമുപയോഗിക്കണമെന്നും ആവശ്യമുയര്‍ന്നു. നിശ്ചിത തീയതിക്കകം തെളിവുകള്‍ ഹാജരാക്കിയില്ളെങ്കില്‍ ഒരു ലക്ഷം രൂപ വരെ പിഴയൊടുക്കാന്‍ കമീഷന് അധികാരമുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ 25 ന് വിസ്തരിക്കാനാണ് കമീഷന്‍ നിശ്ചയിച്ചിട്ടുള്ളത്. അതിന് മുമ്പ് സരിത ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കണം. മുഖ്യമന്ത്രിയുടെ മൊഴിയെടുക്കല്‍ സരിതയുടെ സാന്നിധ്യത്തിലാകണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു.  ജോസ്.കെ.മാണി, എ.ഡി.ജി.പി പത്മകുമാര്‍, ഡി.വൈ.എസ്.പി ഹരികൃഷ്ണന്‍ എന്നിവരുടെ മൊഴി വിശദമായി രേഖപ്പെടുത്തണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.