യേശുദാസുമായി മത്സരിച്ച വേദിയില്‍ വീണ്ടും വാമനപ്രഭു എത്തിയപ്പോള്‍

തിരുവനന്തപുരം: കോട്ടണ്‍ഹില്‍ സ്കൂളിലെ ശാസ്ത്രീയസംഗീത മത്സരവേദിയിലേക്ക് പ്രവേശിച്ചപ്പോള്‍ വാമനപ്രഭുവിന്‍െറ മനസ്സ് 63 വര്‍ഷം പിന്നോട്ടുപോയി. ഗാനഗന്ധര്‍വന്‍ യേശുദാസിനോട് മത്സരിച്ച കഴിഞ്ഞകാലം അദ്ദേഹത്തിന് മധുരിക്കുന്ന ഓര്‍മയാണ്. അന്നത്തെ ശാസ്ത്രീയസംഗീത മത്സരം ഇന്നലെയെന്നപോല്‍ മനസ്സില്‍ തിരയടിക്കുന്നുണ്ട്. 1957ല്‍ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്താണ് ചരിത്രം കുറിച്ച ആ മത്സരം അരങ്ങേറിയത്. കനത്ത മത്സരത്തിനൊടുവില്‍ യേശുദാസ് ജേതാവായതും ഗ്രേഡൊന്നുമില്ലാത്ത കാലത്ത് വെറുംകൈയോടെ മടങ്ങിയതും മനസ്സില്‍ മായാത്ത മുദ്രയാണെന്ന് അന്നത്തെ വേദി ചൂണ്ടിക്കാണിച്ച് അദ്ദേഹം പറഞ്ഞു.

തൃപ്പൂണിത്തുറ ആര്‍.എല്‍.വി സംഗീത സ്കൂളിനെ പ്രതിനിധാനംചെയ്ത് ഇരുവരെയും കൂടാതെ മറ്റൊരാള്‍കൂടി മത്സരരംഗത്തുണ്ടായിരുന്നു അന്ന്. മൃദംഗത്തില്‍ ഒന്നാംസ്ഥാനം നേടിയ ഗായകന്‍ പി. ജയചന്ദ്രനായിരുന്നു അത്. 73 പിന്നിട്ടിട്ടും സ്മരണകള്‍ ഇരമ്പുന്ന വേദിയിലേക്ക് ആലപ്പുഴ ചേര്‍ത്തല പല്ലുവേലി ഗവ. യു.പി സ്കൂളില്‍നിന്ന് സംഗീതാധ്യാപകനായി വിരമിച്ച വാമനപ്രഭു എത്താന്‍ മറ്റൊരു കാരണംകൂടിയുണ്ട്. വയലിനില്‍ മത്സരിക്കുന്ന പേരക്കുട്ടിയുടെ പ്രകടനം കാണലാണത്. മകന്‍ ശ്യാംലാലിന്‍െറ മകന്‍ ശ്യാംകൃഷ്ണപ്രഭുവിന്‍െറ മത്സരത്തിനാണ് അച്ഛനും മകനും പേരക്കുട്ടിയും എത്തിയത്. തനിക്കുശേഷം മൂന്നാംതലമുറയെ മത്സരത്തിന് തയാറാക്കുകയാണ് ഈ സംഗീതപ്രേമി.
മത്സരം മുറുകുന്നതിനിടെ ഓര്‍മകളുടെ ഓളങ്ങളെ ഓരത്താക്കി അദ്ദേഹം സംഗീതാസ്വാദനത്തില്‍ മുഴുകി. രണ്ടാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍െറ കൗമാരത്തിളക്കം വര്‍ണിക്കുന്നതിനിടെ ന്യൂജെന്‍ കലോത്സവത്തിന്‍െറ പൊലിമ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാനാവട്ടെയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.