സോളാര്‍ പ്രതികളുമായി ക്രിമിനല്‍ ബന്ധം ജോപ്പന് മാത്രം –എ.ഡി.ജി.പി

കൊച്ചി: മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ടെനി ജോപ്പന് മാത്രമാണ് സോളാര്‍ തട്ടിപ്പ് കേസ് പ്രതികളുമായി ക്രിമിനല്‍ ബന്ധമുണ്ടായിരുന്നതെന്നും ജോപ്പനും ജിക്കുമോനും സലിംരാജും മുഖ്യമന്ത്രിയുടെ ഓഫിസിന്‍െറ അന്തസ്സ് തകര്‍ക്കുംവിധം പെരുമാറിയിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമാക്കിയിരുന്നെന്ന് സോളാര്‍ കേസിന്‍െറ പ്രത്യേകാന്വേഷണ സംഘത്തലവന്‍ എ.ഡി.ജി.പി എ. ഹേമചന്ദ്രന്‍ സോളാര്‍ കമീഷന്‍ മുമ്പാകെ മൊഴി നല്‍കി. ജിക്കുമോനും സലിംരാജും സരിത നായരും പരസ്പരം അശ്ളീലച്ചുവയോടെ തുടര്‍ച്ചയായി മൊബൈല്‍ ഫോണില്‍ സംസാരിച്ചിരുന്നെന്നും വ്യക്തമായതായി അദ്ദേഹം ജസ്റ്റിസ് ശിവരാജന്‍ കമീഷനോട് വെളിപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളില്‍ പ്രത്യേകാന്വേഷണ സംഘം സമഗ്ര അന്വേഷണം നടത്തി. അതില്‍ സോളാര്‍ കേസ് പ്രതികളുമായി സലിംരാജിനും ജിക്കുമോനും ക്രിമിനല്‍ ബന്ധമുണ്ടായിരുന്നതായി വെളിവായിട്ടില്ല. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേകാന്വേഷണ സംഘം 33 കേസുകളാണ് അന്വേഷിച്ചത്. പല കേസുകളിലും പരാതിക്കാര്‍ സ്വാധീനമുള്ള ഉന്നതരുടെ പേരുകള്‍ പറഞ്ഞ് തട്ടിപ്പ് നടത്തി. അതെല്ലാം അന്വേഷിച്ചതിനെ തുടര്‍ന്നാണ് ജോപ്പന്‍െറ ക്രിമിനല്‍ ബന്ധം ഉറപ്പിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫിസില്‍ മുഴുവന്‍ സുരക്ഷാ - ഇന്‍റലിജന്‍സ് സംവിധാനം ഉണ്ടായിട്ടും സരിത തട്ടിപ്പ് നടത്തിയത് അറിഞ്ഞില്ളെന്നത് വന്‍ വീഴ്ചയല്ളേയെന്ന് ജോപ്പന്‍െറ അഭിഭാഷക എം. സോണിയ ക്രോസ് വിസ്താരത്തില്‍ ചോദിച്ചപ്പോള്‍ അവിടെയാണ് ജോപ്പന്‍െറ പങ്കും തട്ടിപ്പില്‍ ഉള്‍പ്പെട്ടതും വെളിവാകുന്നത് എന്നായിരുന്നു എ.ഡി.ജി.പിയുടെ മറുപടി. മുഖ്യമന്ത്രിയുടെ ഓഫിസില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരി സരിതയുടെ ക്രിമിനല്‍ പശ്ചാത്തലം ജോപ്പനോട് ധരിപ്പിച്ചിരുന്നു. എന്നാല്‍, ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തരുതെന്ന് ആ പൊലീസുകാരിയോട് സരിത അഭ്യര്‍ഥിക്കുകയായിരുന്നു. ജോപ്പനെതിരെ മന$പൂര്‍വം  തെളിവ് കെട്ടിച്ചമച്ചതല്ളെന്നുംഎ.ഡി.ജി.പി പറഞ്ഞു. മൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രമല്ല, തക്കതായ തെളിവുകളും ഉണ്ടായിരുന്നു. ജോപ്പനെ അറസ്റ്റ്ചെയ്ത് ഒറ്റയടിക്ക് 30 ദിവസം റിമാന്‍ഡ് ചെയ്തതില്‍ തെറ്റുപറ്റിയിട്ടുണ്ട്. സാധാരണഗതിക്ക് 15 ദിവസമാണ് റിമാന്‍ഡ് ചെയ്യുക. ജിക്കുമോനും സലിംരാജും സരിതയോട് തുടര്‍ച്ചയായി അശ്ളീലച്ചുവയോടെ സംസാരിച്ചിരുന്നുവെന്ന് വ്യക്തമായതോടെയാണ് അവര്‍ക്കെതിരെ ശക്തമായ നടപടിക്ക് ശിപാര്‍ശ ചെയ്തത്.
പ്രത്യേകാന്വേഷണ സംഘത്തിന് ജോപ്പനോട് പ്രത്യേക വിരോധമില്ല. മുന്‍വിധിയോടെയുമല്ല അന്വേഷിച്ചത്. സരിതയും ശ്രീധരന്‍ നായരും ജോപ്പനും സെക്രട്ടേറിയറ്റില്‍ കണ്ടുമുട്ടിയിട്ടുണ്ട്. എന്നാല്‍, ഇവര്‍ മുഖ്യമന്ത്രിയെ കണ്ടതായി അറിയില്ല.
സോളാര്‍ സംഭവത്തിനുശേഷം അനഭിലഷണീയരായ വ്യക്തികള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാന്‍ പ്രത്യേക സുരക്ഷാ അലര്‍ട്ട് സംവിധാനം ഇപ്പോള്‍ നടപ്പാക്കിയിട്ടുണ്ട്. വിശ്വാസ്യത ബോധ്യപ്പെട്ടശേഷം മാത്രം സന്ദര്‍ശകരെ അനുവദിക്കുക എന്ന രീതി ഇപ്പോള്‍ നിലവിലുണ്ട്. നേരത്തേ ഉണ്ടായിരുന്ന സുരക്ഷാ സംവിധാനത്തില്‍ പരിമിതമായേ പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നുള്ളൂ - എ.ഡി.ജി.പി പറഞ്ഞു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.