എസ്.എന്‍.ഡി.പിയെ ആര്‍.എസ്.എസ് പാളയത്തില്‍ എത്തിച്ചത് ഉമ്മന്‍ചാണ്ടി –പിണറായി

നാദാപുരം: എസ്.എന്‍.ഡി.പിയെ ആര്‍.എസ്.എസിന്‍െറ പാളയത്തില്‍ കൊണ്ടുപോകുന്നതിന് വെള്ളാപ്പള്ളിക്ക് ഒത്താശ ചെയ്തത് ഉമ്മന്‍ ചാണ്ടിയാണെന്ന് പിണറായി വിജയന്‍. സി.പി.എം നവകേരള മാര്‍ച്ചിന് നാദാപുരത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളാപ്പള്ളിയുടെ വരവുകണ്ട് ആര്‍.എസ്.എസ് സന്തോഷിച്ചു. ഒത്താശചെയ്ത ഉമ്മന്‍ ചാണ്ടിയും ഉള്ളാലെ ചിരിച്ചു. എന്നാല്‍, കേരളത്തിന്‍െറ മതനിരപേക്ഷമനസ്സ് ഈ ആപത്ത് തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വര്‍ഗീയതക്കെതിരെ ഉറച്ച നിലപാടെടുത്ത എല്‍.ഡി.എഫിനെ ജനം പിന്തുണച്ചത്. ആര്‍.എസ്.എസ് അജണ്ട ഇവിടെ നടപ്പാവില്ളെന്ന് പ്രബുദ്ധരായ വോട്ടര്‍മാര്‍ തീരുമാനമെടുക്കുകയായിരുന്നു. നാലുവോട്ടിനുവേണ്ടി വര്‍ഗീയതയോട് രാജിയാവാന്‍ സി.പി.എമ്മിനെ കിട്ടില്ല. സി.പി.എമ്മില്‍ അണിനിരക്കുന്ന ബഹുഭൂരിഭാഗം വരുന്ന എസ്.എന്‍.ഡി.പി പ്രവര്‍ത്തകരും മതനിരപേക്ഷ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നവരാണ്.
വര്‍ഗീയതയോട് നിസ്സംഗത പാലിക്കലും വര്‍ഗീയതയുടെ ചില അംശങ്ങള്‍ ഏറ്റുവാങ്ങലും വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്. ഇത് മതനിരപേക്ഷകേരളം തിരിച്ചറിഞ്ഞിരിക്കുന്നു എന്നതാണ് അടുത്ത തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് തിരിച്ചുവരുമെന്നതിനുള്ള ഗാരന്‍റി. കേരളത്തിന്‍െറ ഇന്നത്തെ അവസ്ഥയില്‍ പൊതുജനം മനംനൊന്താണ് കഴിയുന്നത്. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കൊന്നും വിലയില്ല. തേങ്ങക്കും റബറിനും ഒരിക്കലുമില്ലാത്ത രീതിയിലാണ് വിലയിടിഞ്ഞത്. കേരളത്തിന്‍െറകുത്തകയായിരുന്ന കയര്‍ ഉല്‍പാദനം ഇപ്പോള്‍ തമിഴ്നാട് മറികടന്നിരിക്കുകയാണ്.
ജനകീയാസൂത്രണം പാടേ തകര്‍ത്തു. തദ്ദേശവകുപ്പിനെതന്നെ മൂന്നായി വിഭജിച്ച് അധികാരങ്ങള്‍ എടുത്തുകളഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് തകരാത്ത ഏതു മേഖലയാണ് കേരളത്തിലുള്ളത്? പി.എസ്.സി വഴി നികത്തേണ്ട 1500 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. 100 പേര്‍ക്കെങ്കിലും തൊഴില്‍ കൊടുക്കുന്ന സംരംഭങ്ങള്‍ ഒന്നെങ്കിലും തുടങ്ങാന്‍ ഉമ്മന്‍ ചാണ്ടിസര്‍ക്കാറിന് കഴിഞ്ഞോ? നാടിനെ ഗുണപരമായി മാറ്റാനും അഴിമതിമുക്തവും സുതാര്യവുമായ ഭരണം കൊണ്ടുവരുന്നതിനും എല്ലാവരും ഒത്തുപിടിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. വി.പി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ.ടി. ജലീല്‍, എം.ബി. രാജേഷ്, എളമരം കരീം, ടി.കെ. സൈനബ, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സി.എച്ച്. മോഹനന്‍ സ്വാഗതം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.