‘നങ്ങ്യാരമ്മ’യുടെ ഓര്‍മകളില്‍ ഒമ്പതാംവേദി

തിരുവനന്തപുരം: കലോത്സവത്തിലെ ഒമ്പതാംവേദി വെള്ളിയാഴ്ച വെറുമൊരു മത്സരവേദി മാത്രമായിരുന്നില്ല. അതിനകം മുഴുവന്‍ ഒരു ദീപ്തസ്മരണയായി മാര്‍ഗി സതിയുണ്ടായിരുന്നു. നങ്ങ്യാര്‍കൂത്തിന്‍െറ അവസാനവാക്കായി കരുതപ്പെട്ടിരുന്ന മാര്‍ഗി സതി മരിച്ചശേഷമുള്ള ആദ്യ കലോത്സവമാണ് ഇത്തവണ. ‘ചേച്ചി’ക്ക് പൂര്‍ത്തിയാക്കാനാവാതെ അടച്ചുവെച്ച ചരിതങ്ങള്‍ക്ക് ബാക്കിയെഴുതാനായി കലാമണ്ഡലം പ്രസന്നയും അവിടെയുണ്ടായിരുന്നു. തന്‍െറ ശിഷ്യര്‍ക്ക് അവസാനവട്ട നിര്‍ദേശങ്ങള്‍ നല്‍കിയും മേക്കപ്പില്‍ ഒരുകൈ സഹായിച്ചും പ്രസന്ന കൂത്തിന് ആവേശം പകര്‍ന്നപ്പോള്‍ ഹൈസ്കൂള്‍ വിഭാഗം നങ്ങ്യാര്‍കൂത്തില്‍ മത്സരിച്ച നാലുപേര്‍ക്കും എ ഗ്രേഡ്.
ചെറുതുരുത്തിയിലെ വള്ളത്തോള്‍ നഗറില്‍ സതിയുടെ അയല്‍ക്കാരായിരുന്നു പ്രസന്നയും കുടുംബവും. സതിയുടെ വീട്ടില്‍ പാലുകൊടുത്ത് തുടങ്ങിയ ബന്ധമാണ് പ്രസന്നയെ ഇന്നത്തെ കലാമണ്ഡലം പ്രസന്നയാക്കിയത്. എന്നും പുലര്‍ച്ചെ വീട്ടിലത്തെുന്ന പാവാടക്കാരിയെ കണ്ടപ്പോള്‍ മാര്‍ഗി സതിയുടെ അമ്മ പാര്‍വതി അന്തര്‍ജനത്തിന് ഒരു മോഹം. ഇവളെ കലാമണ്ഡലത്തില്‍ നങ്ങ്യാര്‍കൂത്ത് അഭ്യസിപ്പിച്ചാലോ? അന്തര്‍ജനംതന്നെ അതിനുള്ള ചെലവും ഏറ്റെടുത്തു. അന്ന് സതി കലാമണ്ഡലത്തില്‍ പോസ്റ്റ് ഡിപ്ളോമ ചെയ്യുന്ന സമയമാണ്. അങ്ങനെ അന്തര്‍ജനത്തിന്‍െറ കൈയും പിടിച്ചാണ് പാര്‍വതി ആദ്യമായി കലാമണ്ഡലത്തിലത്തെുന്നത്.
പിന്നീട് അന്തര്‍ജനത്തിന്‍െറ ദത്തുപുത്രിയായി മാറിയ പ്രസന്ന സതിയുടെയും കളിക്കൂട്ടുകാരിയാകുകയായിരുന്നു. എന്നാല്‍, ഒരിക്കല്‍ മാത്രമാണ് പ്രസന്നക്ക് സതിയോടൊപ്പം തട്ടില്‍കയറാന്‍ ഭാഗ്യമുണ്ടായത്. പാലക്കാട്ടുനടന്ന കൂടിയാട്ടത്തില്‍ സതി നായികയായപ്പോള്‍ ചേടിയായി വേഷമിട്ടത് പ്രസന്നയായിരുന്നു. പിന്നീട് ഇരുവര്‍ക്കും ഒന്നിക്കാനായില്ല. അതിനുള്ള കാരണവും പ്രസന്ന പറയുന്നു. കലാമണ്ഡലത്തില്‍ പൈങ്കുളം രാമചാക്യാരുടെ ശൈലിയാണ് ചേച്ചി പിന്തുടര്‍ന്നത്. എന്നാല്‍, തിരുവനന്തപുരത്തത്തെിയപ്പോള്‍ അമ്മന്നൂര്‍ ശൈലിയിലായിരുന്നു കൂത്ത് അവതരിപ്പിച്ചത്. ഈ രണ്ട് ശൈലികളും തമ്മില്‍ വ്യത്യാസമുണ്ട്.
ഇനിയൊരു മാര്‍ഗി സതിയുണ്ടാകുമോ എന്ന ചോദ്യത്തോട് പ്രസന്നയുടെ മറുപടി ഇങ്ങനെ. ‘ഇപ്പോള്‍ എല്ലാവരും കലോത്സവത്തിന് ഗ്രേസ് മാര്‍ക്കിന് വേണ്ടിയാണ് കൂത്തും കൂടിയാട്ടവും പഠിക്കുന്നത്. അല്ലാതെ ഇതിനോടുള്ള സ്നേഹം കൊണ്ടല്ല. അങ്ങനെയുള്ളവരൊക്കെ എന്നേ ഈ ലോകത്തില്‍നിന്ന് മാഞ്ഞുപോയി’.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.