മുഖംമൂടിയില്ലാത്ത നേതാവ്

ഇന്നലെ നിര്യാതനായ എ.സി. ജോസ് നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ക്കിടയിലെ  മുഖംമൂടിയില്ലാത്ത നേതാവാണ്. താന്‍ ഇടപെടുന്ന മേഖലകളിലെല്ലം തികഞ്ഞ ആത്മാര്‍ഥത പുലര്‍ത്തണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. ഞാന്‍ മുഖ്യ പത്രാധിപരായി വീക്ഷണം രണ്ടാമത് തുടങ്ങി; അഞ്ചുവര്‍ഷത്തോളം അവിടെയുണ്ടായിരുന്ന സമയത്ത് നിര്‍ണായകമായ പലകാര്യങ്ങളിലും അദ്ദേഹത്തിന്‍െറ അഭിപ്രായങ്ങള്‍ തേടിയിരുന്നു. അന്ന് അദ്ദേഹം ഡയറക്ടര്‍ ബോര്‍ഡിലെ ഒരു അംഗം മാത്രമായിരുന്നു. ഡയറക്ടര്‍ ബോര്‍ഡംഗം എന്നതിനപ്പുറം മറ്റ് ഒൗദ്യോഗിക ചുമതലകളൊന്നുമില്ലാതിരുന്നിട്ടും അക്കാലത്തും ‘വീക്ഷണ’ത്തെ സ്വന്തം മനസ്സിന്‍െറയും ശരീരത്തിന്‍െറയും ഭാഗമായാണ് അദ്ദേഹം കരുതിയിരുന്നത്.

‘വീക്ഷണം’ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മുഖപത്രമായി മാത്രം നിലനില്‍ക്കുകയും അവരുടെ അഭിപ്രായങ്ങള്‍ മാത്രം പ്രകടിപ്പിക്കുകയും ചെയ്യുക എന്നതിനപ്പുറം മൊത്തം മലയാളികളുടെ വീക്ഷണങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരുപത്രമായി മാറണമെന്നതായിരുന്നു എന്‍െറ അഭിപ്രായം. ആ അഭിപ്രായത്തിന് പൂര്‍ണപിന്തുണയും സഹകരണവുമാണ് അദ്ദേഹം നല്‍കിയത്.

പിന്നീട് ‘വീക്ഷണ’ത്തിന്‍െറ മുഖ്യ പത്രാധിപര്‍ സ്ഥാനവും മാനേജിങ് ഡയറക്ടര്‍ സ്ഥാനവും ഏറ്റെടുത്തശേഷം സാമ്പത്തികമായും ഭരണപരമായും ലളിതമായ തീരുമാനങ്ങളെടുത്ത് തന്‍െറ ശക്തമായ സാന്നിധ്യം അദ്ദേഹം അറിയിച്ചുകൊണ്ടിരുന്നു. ഒരു യഥാര്‍ഥ കോണ്‍ഗ്രസുകാരന്‍ ഏതെന്ന് ചോദിച്ചാല്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയുന്ന നേതാക്കളുടെ മുന്‍നിരയില്‍ അദ്ദേഹത്തിന് സ്ഥാനമുണ്ടായിരുന്നു. അദ്ദേഹത്തിന്‍െറ ആകസ്മിക നിര്യാണം ‘വീക്ഷണം’ പത്രത്തെ സംബന്ധിച്ചിടത്തോളം വലിയ വിടവാണ് സൃഷ്ടിക്കാന്‍ പോകുന്നത്. അദ്ദേഹം നയിച്ച വഴിയിലൂടെ പോകാന്‍ പിന്‍ഗാമികള്‍ക്ക് കഴിയേണ്ടതുണ്ട്.

വ്യക്തിപരമായി എനിക്ക് ഏറ്റവും അടുപ്പമുള്ള, എന്‍െറ പ്രായക്കാരനായ സുഹൃത്തിനെയാണ് നഷ്ടപ്പെട്ടത്. തമാശയും സ്നേഹവുമായി എപ്പോഴും സൗഹൃദം പുലര്‍ത്തുന്ന എ.സി. ജോസിന്‍െറ വിയോഗമുണ്ടാക്കിയ ദു$ഖം ശമിക്കാന്‍ ഏറെ സമയമെടുക്കുമെന്നുറപ്പ്. അദ്ദേഹത്തിന്‍െറ വിയോഗം കാരണമായി കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമുണ്ടായ വേദനയില്‍ ഞാനും പങ്കുചേരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.