പ്രത്യേക അന്വേഷണസംഘത്തിന് കമീഷന്‍െറ പരോക്ഷവിമര്‍ശം

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസ് അന്വേഷിച്ച എ.ഡി.ജി.പി എ. ഹേമചന്ദ്രന്‍െറ നേതൃത്വത്തിലെ പ്രത്യേക അന്വേഷണസംഘത്തിന് ജുഡീഷ്യല്‍ കമീഷന്‍െറ പരോക്ഷ വിമര്‍ശം. സോളാര്‍ കേസില്‍ ഉന്നതര്‍ ആരോപണവിധേയരായിട്ടുണ്ട്. പക്ഷേ, ഇവരുടെയെല്ലാം പങ്ക് എന്താണെന്ന് പ്രത്യേകസംഘം പരിശോധിച്ചിട്ടില്ല. തട്ടിപ്പിനിരയായവരുടെ പരാതിയില്‍ പേരെടുത്ത് പറയുന്നവരെ കുറിച്ച് മാത്രമേ അന്വേഷിച്ചുള്ളൂവെന്നും അവര്‍ക്ക് ഉന്നതബന്ധം കാണാന്‍ കഴിഞ്ഞില്ളെന്നുമാണ് എ. ഹേമചന്ദ്രന്‍ കമീഷന് മൊഴിനല്‍കിയത്. ഇതിനെ, നോക്കിയാലല്ളേ കാണാന്‍ കഴിയൂ... എന്ന് പറഞ്ഞ് ജസ്റ്റിസ് ശിവരാജന്‍ പരിഹസിക്കുകയും ചെയ്തു.
കേസിലെ ഉന്നതബന്ധം പൊതുസമൂഹത്തിന് താല്‍പര്യമുള്ളതാണ്. തട്ടിപ്പിനിരയായ വ്യക്തികള്‍ക്ക് ഇതില്‍ താല്‍പര്യമുണ്ടാവണമെന്നില്ല. പ്രത്യേകസംഘത്തെക്കുറിച്ച് മുഖ്യമന്ത്രി നല്ല അഭിപ്രായം പറയുന്നു. ലഘുവായ ക്രിമിനല്‍ കേസുകളില്‍ തെളിവുശേഖരിച്ച് കുറ്റപത്രം നല്‍കുകയാണ് പ്രത്യേകസംഘം ചെയ്തത്. ഉന്നതബന്ധങ്ങളടക്കം അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ആ രീതിയില്‍ പ്രത്യേകസംഘം അന്വേഷിച്ചില്ല. മുഖ്യമന്ത്രിയുടെ മുന്‍പേഴ്സനല്‍ സ്റ്റാഫ് അംഗം ടെന്നിജോപ്പനെതിരെ ശ്രീധരന്‍നായര്‍ക്ക് പരാതിയുണ്ടായിരുന്നില്ളെന്നും ജോപ്പനെതിരെ മൊഴിയുണ്ടായപ്പോഴാണ് അന്വേഷിച്ചതെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി. അപ്പോള്‍ പരാതിക്കാരില്ളെങ്കില്‍ അന്വേഷിക്കില്ളേ? നിരവധി ആരോപണങ്ങളുയര്‍ത്തിയ ഇടതുമുന്നണിയും പിന്നീട് അന്വേഷണസംഘത്തെ വിട്ടുകളഞ്ഞു.പ്രത്യേകസംഘം അന്വേഷിച്ച ഒരുകേസില്‍ വിധിയായി. ഇതിനുമുമ്പുള്ള കേസുകള്‍ അതേ ഗതിയില്‍തന്നെ തുടരുന്നു.
ഇതിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഉത്തരം വേണ്ടെന്നും ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു. അതേസമയം, ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏറ്റവും നല്ലരീതിയില്‍ പ്രത്യേകസംഘം കേസ് അന്വേഷിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തെക്കുറിച്ച് ഒരു പരാതിപോലുമുണ്ടായിട്ടില്ല. സരിത എസ്. നായരും ബിജു രാധാകൃഷ്ണനും തന്‍െറ ലെറ്റര്‍ഹെഡ് വ്യാജമായുണ്ടാക്കിയതുപോലെ പല പ്രമുഖരുടേതും സംഘടിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ വല്ല ലെറ്റര്‍ഹെഡും കണ്ടിട്ടുണ്ടോയെന്ന് കമീഷന്‍ ആരാഞ്ഞെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.