നുണപരിശോധനക്ക്​ തയാറല്ലെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാർ കേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിസ്താരം പൂർത്തിയായി. മൊഴിയെടുപ്പും വിസ്താരവും 14 മണിക്കൂർ നീണ്ടു നിന്നു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് അഴിമതിക്കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷന്‍ ഒരു മുഖ്യമന്ത്രിയില്‍നിന്ന് മൊഴിയെടുക്കുന്നത്.  നടപടികൾ ഒറ്റ ദിവസംകൊണ്ട് പൂര്‍ത്തിയാക്കണമെന്നുള്ളതുകൊണ്ടാണ് മൊഴിയെടുപ്പും ക്രോസ് വിസ്താരവും മണിക്കൂറുകൾ നീണ്ടത്.

രാത്രി 12.55 ഒാടെ വിസ്താരം പൂർത്തിയാക്കി മുഖ്യമന്ത്രി പുറത്തിറങ്ങി. നുണപരിശോധനക്ക് തയാറല്ലെന്ന് കമീഷന് മൊഴി നൽകിയതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് എന്ത് സാഹചര്യത്തിലാണ് നുണപരിശോധനക്ക് താൻ തയാറാകേണ്ടതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. സോളാർ ഇടപാടിൽ ഖജനാവിന്  നഷ്ടമോ അവർക്ക് ലാഭമോ ഉണ്ടായിട്ടില്ല. താൻ ഒരു കളവും പറഞ്ഞിട്ടില്ലെന്നും മന:സാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോളാർ ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നുണപരിശോധനക്ക് തയാറാണോ എന്ന് ബിജു രാധാകൃഷ്ണെൻറ അഭിഭാഷകനാണ് ആവശ്യപ്പെട്ടത്.  തെൻറ കക്ഷി നുണപരിശോധനക്ക് തയാറാണെന്നുംബിജു രാധാകൃഷ്ണെൻറ അഭിഭാഷകൻ വ്യക്തമാക്കി. അര്‍ധരാത്രി 12ഓടെയാണ് ബിജു രാധാകൃഷ്ണന്‍െറ അഭിഭാഷകന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിസ്തരിക്കാന്‍ ആരംഭിച്ചത്. ബിജുവിനെ നശിപ്പിക്കാനായിരുന്നോ നീക്കങ്ങള്‍ എന്ന ചോദ്യത്തിന്  നിയമം നിയമത്തിന്‍െറ വഴിക്ക് പോകും, നിരപരാധികളെ ശിക്ഷിക്കില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിച്ചതാണോ എന്ന ചോദ്യത്തിന് അത് ശരിയല്ലെന്നായിരുന്നു മറുപടി.
 

കണിശതയോടെ കമീഷന്‍; ചോദ്യങ്ങളില്‍ തളരാതെ മുഖ്യന്‍
തിരുവനന്തപുരം: കുറിക്കുകൊള്ളുന്ന ചോദ്യങ്ങള്‍. തെളിവുകളും പത്രവാര്‍ത്തകളും നിരത്തി മണിക്കൂറുകള്‍ നീണ്ട വിസ്താരം. നടപടിക്രമങ്ങള്‍ ഓരോന്നായി പിന്നിടുമ്പോഴും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉഷാറായിരുന്നു.
തനിക്കെതിരായ ആരോപണങ്ങള്‍ ഓരോന്നും ഖണ്ഡിച്ച് അദ്ദേഹം മൊഴിയെടുപ്പിനോട് പരമാവധി സഹകരിച്ചു. ഉത്തരംമുട്ടുന്ന ചോദ്യങ്ങളെ സ്വതസിദ്ധമായ ശൈലിയിലൂടെ നേരിട്ട മുഖ്യന്‍ കമീഷനെപ്പോലും അതിശയിപ്പിച്ചു. രാവിലെ 11നാണ് സിറ്റിങ് തീരുമാനിച്ചത്. 10.45ന് തന്നെ ഉമ്മന്‍ ചാണ്ടി തൈക്കാട് ഗെസ്റ്റ് ഹൗസില്‍ എത്തി.  കൃത്യം 11ന് തന്നെ മൊഴിയെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രിയുടെ തിരക്ക് മാനിച്ച് പരമാവധി വേഗത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായിരുന്നു കമീഷന്‍െറ ശ്രമം. 1.15ഓടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി.
 ഇതോടെ, കേസിലെ കക്ഷികളുടെ അഭിഭാഷകര്‍ക്ക് ക്രോസ് വിസ്താരം നടത്തണമെന്ന് ആവശ്യം ഉയര്‍ന്നു.തുടര്‍ന്ന് ഉച്ചയൂണിനായി ഒരു മണിക്കൂര്‍ വിശ്രമം. ഈ സമയം ക്ളിഫ് ഹൗസിലേക്ക് പോയ ഉമ്മന്‍ ചാണ്ടി നിമിഷങ്ങള്‍ക്കുള്ളില്‍ ഭക്ഷണം കഴിച്ച് സന്ദര്‍ശകര്‍ക്കിടയിലേക്കിറങ്ങി.  വീണ്ടും ഗെസ്റ്റ് ഹൗസിലേക്ക്. 2.15ന് ക്രോസ് വിസ്താരം ആരംഭിച്ചു. 4.30 ആയപ്പോഴും വിസ്താരം എങ്ങുമത്തെിയില്ല. വാദം തുടരണമോ മാറ്റണമോയെന്ന് കമീഷന്‍ ആരാഞ്ഞു. തുടരാമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. മുഖ്യമന്ത്രിയും അതിനോട് യോജിച്ചു.
വരുംദിവസങ്ങളില്‍ ബജറ്റ് ചര്‍ച്ച, നിയമസഭാ സമ്മേളനം തുടങ്ങിയ തിരക്കുകള്‍ ഉള്ളതിനാല്‍ സിറ്റിങ് തിങ്കളാഴ്ച തന്നെ പൂര്‍ത്തിയാക്കുന്നതാണ് നല്ലതെന്ന് മുഖ്യനും നിലപാടെടുത്തു. ഇതോടെ 20 മിനിറ്റ് ചായ കുടിക്കാന്‍ വിശ്രമം നല്‍കിയ കമീഷന്‍ 4.50ന് വീണ്ടും വാദം തുടര്‍ന്നു. ഒരു പകല്‍ നീണ്ട നടപടിക്രമങ്ങളാണ് രാത്രി  വൈകി  അവസാനിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.