പകരംവെക്കാനില്ലാത്ത വ്യക്തിത്വത്തിനുടമയായ കല്‍പനയുടെ വേര്‍പാട് സിനിമാ ലോകത്തിന് വലിയ നഷ്ടമാണ്. ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കുതിരവട്ടം പപ്പു തുടങ്ങിയ ജനുസ്സില്‍പെട്ടവര്‍ക്ക് പകരമുണ്ടായിട്ടില്ല. അവരെപ്പോലെയുള്ള ശൈലിയായിരുന്നു കല്‍പനക്കും. ആ ജനുസ്സില്‍പെട്ട കല്‍പനയുടെനിര്യാണം മലയാള സിനിമയില്‍ വലിയ ശൂന്യത സൃഷ്ടിക്കും. കല്‍പനയുടെ പ്രകൃതം എല്ലാവര്‍ക്കും അറിയാവുന്നതാണ്. എല്ലാവരോടും സ്നേഹത്തോടെയും ചിരിയോടെയുമാണ് ഇടപെട്ടിരുന്നത്. അവരെക്കുറിച്ച് ആരും പരാതിപറഞ്ഞ് കേട്ടിട്ടില്ല. എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാക്കിയതായൊ ആരെയെങ്കിലും ബുദ്ധിമുട്ടിച്ചതായൊ അറിവില്ല. ഒരു സഹപ്രവര്‍ത്തക എന്നനിലയില്‍ അതായിരുന്നു കല്‍പനയുടെ ഏറ്റവുംവലിയ ഗുണം.
സെറ്റിലായാലും പുറത്തായാലും നിര്‍ത്താതെ സംസാരിക്കുന്ന പ്രകൃതക്കാരിയായിരുന്നു. ‘കലപിലാ’യെന്ന് സംസാരിക്കും. എന്നെ ‘ഇക്കാ’ എന്നാണ് വിളിച്ചിരുന്നത്. സിനിമാജീവിതം തുടങ്ങിയകാലത്തുള്ള ബന്ധമാണ്. തുടക്കക്കാലത്ത് കോടമ്പാക്കത്ത് താമസിച്ചിരുന്നപ്പോള്‍ കല്‍പനയുടെ അച്ഛന്‍ ചവറ വി.പി. നായരുമായി നല്ല ബന്ധത്തിലായിരുന്നു. നാടക നടനായിരുന്ന അദ്ദേഹവും കുടുംബവും അന്ന് ചെന്നൈയിലായിരുന്നു. കല്‍പനയും കലാരഞ്ജിനിയും ഉര്‍വശിയും അന്ന് കുട്ടികളായിരുന്നു. 1979-80 കാലത്താണത്. അന്നത്തെ സൗഹൃദം അവസാന കാലംവരെ നിലനിര്‍ത്തി.
‘പോക്കുവെയില്‍’ പോലെയുള്ള സിനിമകളില്‍ വളരെ ഗൗരവമുള്ള കഥാപാത്രങ്ങളെയാണ് കല്‍പന അവതരിപ്പിച്ചിരുന്നത്. മുഴുനീള കോമഡി വേഷം ചെയ്യുന്നത് എന്‍െറ ‘പെരുവണ്ണാപുരത്തെ വിശേഷങ്ങളി’ലാണ്. കോമഡി തനിക്ക് നന്നായി ഇണങ്ങുമെന്ന് കല്‍പന തെളിയിച്ചു. താന്‍ കോമഡി ചെയ്താല്‍ നന്നാവുമോയെന്ന് ചോദിക്കുമായിരുന്നു. പിന്നീട് കോമഡിത്താരമായി പ്രശസ്തയായി. അതേസമയം, എല്ലാ വേഷങ്ങളും കല്‍പന ചെയ്തു. കഴിവിനുള്ള അംഗീകാരവും തേടിയത്തെി. ദേശീയ അവാര്‍ഡുവരെ.
‘നിറം’ തുടങ്ങി എന്‍െറ നാലു സിനിമകളില്‍ കല്‍പന അഭിനയിച്ചു. അധികം പ്രായമാകുംമുമ്പുള്ള നിര്യാണമാണ് ഇത്. ശാരീരികക്ഷീണം നേരത്തേ അനുഭവപ്പെട്ടിരുന്നു. അന്വേഷിക്കുമ്പോഴൊക്കെ ഒഴിഞ്ഞുമാറുകയായിരുന്നു. തന്‍െറ ശാരീരികാസ്വാസ്ഥ്യം അവര്‍ സര്‍വരില്‍നിന്നും മറച്ചുവെച്ചു. മരിച്ചപ്പോഴാണ് കല്‍പനയുടെ ആരോഗ്യപ്രശ്നങ്ങള്‍ അറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.