കൊടുത്ത പണം തിരിച്ചു കിട്ടാൻ ഇനി കാത്തിരിക്കാൻ വയ്യ -സരിത

കൊച്ചി: സോളാർ കേസിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി വീണ്ടും സരിത എസ്. നായർ. കൊടുത്ത പണം തിരിച്ചു കിട്ടാൻ ഇനി കാത്തിരിക്കാൻ വയ്യെന്നും അതിനാലാണ് സത്യം തുറന്ന് പറഞ്ഞതെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസുകാർ തന്നെ തെരുവു വേശ്യക്ക് സമാനമായി ചവിട്ടിത്തേക്കുന്നുവെന്നും കേസിൽ തന്നെ മാത്രമാണ് ക്രൂശിക്കുന്നതെന്നും സരിത കൂട്ടിച്ചേർത്തു.

കോൺഗ്രസുകാരെ സംരക്ഷിക്കാൻ ശ്രമിച്ചിട്ടും അവഹേളിച്ചു. സോളാറിന് ഭൂമിയും സബ്സിഡിയും നൽകാമെന്ന് മുഖ്യമന്ത്രിയാണ് പറഞ്ഞത്. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ആര്യാടനെ പോയി കണ്ടത്. സ്വകാര്യ ലാൻഡ് ഫോണിലേക്ക് വിളിക്കാനും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഒ.കെ പറഞ്ഞതിന് ശേഷമാണ് പണം കൈമാറിയത്. തോമസ് കുരുവിള വഴി മുഖ്യമന്ത്രിക്ക് 1.90 കോടി നൽകിയന്നും സരിത കൂട്ടിച്ചേർത്തു.

ടെനിജോപ്പന് സോളാര്‍ ഇടപാടുമായി ബന്ധമൊന്നുമില്ല. ജിക്കുമോനാണ് ഇടപാടുകള്‍ നടത്തിയത്. തട്ടിപ്പുകാരി എന്ന ലേബലില്‍ കഴിയുന്നതില്‍ കാര്യമൊന്നുമില്ല. ജിക്കുമോനെ പണം കൈമാറാന്‍ തയാറാണെന്ന് അറിയിച്ചിരുന്നു. പണം ആരെ ഏല്‍പ്പിക്കണമെന്ന് ചോദിച്ചപ്പോള്‍ ജിക്കുമോനാണ് തോമസ് കുരുവിളയുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടതെന്നും സരിത പറഞ്ഞു.

കടപ്ലാമറ്റത്തെ കൂടിക്കാഴ്ചക്ക് മുമ്പും മുഖ്യമന്ത്രിയെ കണ്ടിരുന്നു. കൂടിക്കാഴ്ചക്ക് ശേഷമാണ് സഹകരിക്കാൻ ശ്രീധരൻ നായർ തയാറായത്. പൊരുത്തക്കേട് ഉണ്ടെങ്കിൽ ആരോപണവിധേയർക്ക് ചൂണ്ടിക്കാണിക്കാമെന്നും സരിത പറഞ്ഞു.

മുഖ്യമന്ത്രിയും ബിജുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് താന്‍ ഒന്നും പറയാത്തത് അത് തന്‍റെ വ്യക്തി ജീവിതത്തെ ബാധിക്കുമെന്നതിനാലാണെന്നും സരിത പറഞ്ഞു. രണ്ട് ലക്ഷം രൂപ മടങ്ങിയ സാഹചര്യം മുഖ്യമന്ത്രി സൂചിപ്പിച്ചതായി താന്‍ അറിഞ്ഞു. രണ്ടു ലക്ഷം രൂപ കൊടുക്കാനില്ലാത്ത താന്‍ എങ്ങനെ ഇത്രയും വലിയ തുക നല്‍കുമെന്ന് സ്വാഭാവികമായും ജനങ്ങള്‍ക്കും സംശയം തോന്നും. അതുകൊണ്ടാണ് ഇത്രയും കാര്യങ്ങള്‍ വിശദീകരിച്ചതെന്നും സരിത പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.