വിറപ്പിച്ചു, അത്യപൂര്‍വ വിമര്‍ശം നേരിട്ടു; മറുപടി പറഞ്ഞ് മടക്കം

തൃശൂര്‍: സര്‍ക്കാറിനെയും  മുന്നണിയെയും അടിക്കടി രണ്ട് ഉത്തരവുകളിലൂടെ വിറപ്പിക്കുകയും അതിന്‍െറ പേരില്‍ ‘സ്വന്തം അധികാരം അറിയാത്തയാള്‍’ എന്ന അത്യപൂര്‍വ വിമര്‍ശം ഹൈകോടതിയില്‍ നിന്ന് കേള്‍ക്കുകയും ചെയ്ത തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി എസ്.എസ്. വാസന്‍ വിമര്‍ശകര്‍ക്ക് മറുപടി പറഞ്ഞ് സ്വയം വിരമിക്കുന്നു.  സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന ഉത്തരവാണ് വിജിലന്‍സ് ജഡ്ജിക്കെതിരെ രൂക്ഷമായ വിമര്‍ശം ക്ഷണിച്ചു വരുത്തിയതും സ്വയം വിരമിക്കാനുള്ള തീരുമാനത്തില്‍ എത്തിച്ചതും.

ആരോപണം ഉയര്‍ന്നതിന്‍െറ തൊട്ടു പിറ്റേന്ന്, പരാതി ലഭിച്ചയുടന്‍ കേസെടുക്കാന്‍ ഉത്തരവിടുക എന്ന അപൂര്‍വ നടപടിയാണ് വ്യാഴാഴ്ച തൃശൂര്‍ വിജിലന്‍സ് ജഡ്ജി എസ്.എസ്. വാസന്‍െറ ഭാഗത്തുനിന്ന് ഉണ്ടായത്.  കേസെടുക്കുന്നതിനെ നിയമവശങ്ങള്‍ പറഞ്ഞ് എതിര്‍ത്ത സര്‍ക്കാര്‍ അഭിഭാഷകനോട് ‘അസാധാണ സാഹചര്യങ്ങളില്‍ അസാധാരണ നടപടി’ എന്ന് പറഞ്ഞാണ് ജഡ്ജി ഉത്തരവിട്ടത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും തുല്യ നീതിയെന്നും ഉപ്പുതിന്നവന്‍ വെള്ളം കുടിക്കട്ടേയെന്നും പറഞ്ഞ ജഡ്ജി, കോടതിക്ക് പോസ്റ്റുമാന്‍െറ റോളാണെന്നും ലഭിച്ച കത്ത് ഉടമസ്ഥനെ ഏല്‍പിക്കുകയാണെന്നും പറഞ്ഞുവെച്ചു.  വിജിലന്‍സ് ജഡ്ജിക്ക് തന്‍െറ ഉത്തരവാദിത്തം അറിയില്ളെന്നാണ് ഹൈകോടതി പറഞ്ഞത്. പത്രവാര്‍ത്തകളെ അടിസ്ഥാന പരാതിയായി പരിഗണിക്കാനാവില്ല. ഇങ്ങനെ ഒരു ജഡ്ജിയെ വെച്ച് എങ്ങനെ മുന്നോട്ടു പോകാനാകുമെന്നും ഹൈകോടതി വിമര്‍ശിച്ചു.

വിജിലന്‍സ് കോടതിയുടെ അന്വേഷണ ഉത്തരവെന്നപോലെ അതിനെതിരെ ഹൈകോടതി നടത്തിയ വിമര്‍ശവും അത്യപൂര്‍വമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജഡ്ജിക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യം വരെ കോടതി പരാമര്‍ശിച്ചു. ഇതിനു മുമ്പ് ഇത്രയും കടുത്ത പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടില്ല. സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയ ദിവസം തന്നെ തനിക്കെതിരായ വിമര്‍ശങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വിജിലന്‍സ് ജഡ്ജി മറുപടി നല്‍കി. സര്‍ക്കാര്‍ അഭിഭാഷകനോടാണ് ജഡ്ജി തനിക്ക് പറയാനുള്ളത് പറഞ്ഞത്. ‘പുനര്‍ജന്മമല്ല, മരിച്ചാല്‍ ഫ്രീസറില്‍ വെക്കുന്നത് ഇഷ്ടമല്ല, മാവിന്‍മുട്ടിയില്‍ വെച്ച് കത്തിക്കണം’ ഇങ്ങനെയൊക്കെയായിരുന്നു മറുപടി. ഇതിന് ശേഷം പരിഗണിച്ച രണ്ട് പരാതികളില്‍ ഒന്ന് ധനകാര്യ സെക്രട്ടറി കെ.എം. അബ്രഹാമിനെതിരെ ജോമോന്‍ പുത്തന്‍പുരക്കല്‍ നല്‍കിയതാണ്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാണ് പരാതി. കരുണാകരന്‍െറ വിശ്വസ്തനായിരുന്ന സോളാര്‍ കേസിലെ കക്ഷി ചാലക്കുടി സ്വദേശി സി.എല്‍. ആന്‍േറാ  കുന്നംകുളം നഗരസഭക്കെതിരെ നല്‍കിയ പരാതിയാണ് മറ്റൊന്ന്. രണ്ടിലും ഫെബ്രുവരി ആറിന് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വിധി പുറപ്പെടുവിച്ചു.

മാസങ്ങളോളം ജഡ്ജി ഇല്ലാതിരുന്ന തൃശൂര്‍ വിജിലന്‍സ് കോടതി അടുത്തകാലത്തെ ശ്രദ്ധേയമായ വിധികളിലൂടെ ചര്‍ച്ചാ വിഷയമാണ്. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പാമോയിന്‍ കേസ്, വിവാദമായ മലബാര്‍ സിമന്‍റ്സ് കേസ്, ടി.ഒ. സൂരജിനും ടോമിന്‍ തച്ചങ്കരിക്കുമെതിരായ അന്വേഷണം, ആരോഗ്യ സര്‍വകലാശാല, കലാമണ്ഡലം എന്നിവയുമായി ബന്ധപ്പെട്ട അഴിമതി കേസുകള്‍, തൃശൂര്‍ സെന്‍റ് തോമസ് കോളജിന്‍െറ പാട്ടക്കുടിശ്ശിക സര്‍ക്കാര്‍ എഴുതിത്തള്ളിയതിന് എതിരായ കേസ് എന്നിങ്ങനെ  പല കേസ് കാത്തുകിടക്കുന്നുണ്ട്. പാമോയിന്‍ കേസ് മുമ്പ് തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് പരിഗണിച്ചിരുന്നത്. തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയപ്പോളാണ് കേസ് തൃശൂരിലേക്ക് മാറ്റിയത്. ഡിസംബറില്‍ ത്വരിതാന്വേഷണത്തിന് വിട്ട മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ എതിര്‍കക്ഷിയായ കണ്‍സ്യൂമര്‍ ഫെഡ് കേസ് ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് ജഡ്ജി വാസന്‍ സ്വയം വിരമിക്കലിന് അപേക്ഷിച്ചിരിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.