കതിരൂർ മനോജ് വധക്കേസ്: ജയരാജന്‍റെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും തള്ളി

കണ്ണൂര്‍: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ഇത് മുന്നാം തവണയാണ് ജാമ്യാപേക്ഷ കോടതി തള്ളുന്നത്. കഴിഞ്ഞ രണ്ട് തവണയും കോടതി ജാമ്യം നിഷേധിച്ചിരുന്നു. കേസിൽ പ്രതിയാകാത്ത സാഹചര്യത്തിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ പരഗണിക്കാൻ സാധിക്കില്ലെന്നായിരുന്നു കോടതി നിലപാട്. ജാമ്യാപേക്ഷ തള്ളിയതിനാൽ സി.ബി.ഐക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാവും. കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ജയരാജൻ. അപ്പീല്‍ തളളിയ സാഹചര്യത്തില്‍ ഇനി ഹൈക്കോടതിയെ സമീപിക്കാനാണ് സി.പി.എമ്മിന്‍റെ തീരുമാനം.

ജയരാജനെ 25ാം പ്രതിയായി ഉള്‍പ്പെടുത്തി സി.ബി.ഐ തലശ്ശേരി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടർന്നാണ് ജയരാജൻ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

കഴിഞ്ഞദിവസം ഹരജിയില്‍ വിശദമായ വാദംപൂര്‍ത്തിയായിരുന്നു. കേസില്‍ യു.എ.പി.എ വകുപ്പ് ചുമത്തിയ മറ്റൊരുപ്രതിക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച പശ്ചാത്തലത്തില്‍ പി.ജയരാജനും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന് പി.ജയരാജനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ പി.ജയരാജന് ജാമ്യം നല്‍കിയാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്നും സി.ബി.ഐ കോടതിയില്‍ ചൂണ്ടിക്കാണിച്ചു.

ദിവസങ്ങള്‍ക്കുമുമ്പ് ജയരാജന്‍ പ്രതിയല്ലെന്ന് കോടതിയില്‍ അറിയിച്ച സി.ബി.ഐ, രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമാവുകയാണെന്നും ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തിന്‍റെ അജണ്ടക്കനുസരിച്ചാണ് കേസ് അന്വേഷിക്കുന്നതെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. ഗൂഢാലോചന ഉള്‍പ്പെടെ മനോജിന്‍റെ കൊലപാതകത്തില്‍ ജയരാജന് നേരിട്ട് ബന്ധമുണ്ടെന്നാണ് സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.