തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധിപ്പിച്ചതിന് പിന്നാലെ, ഇന്ധന സർചാർജിനത്തിൽ യൂനിറ്റിന് ഈടാക്കുന്ന 19 പൈസ പുതുവർഷത്തിലും തുടരും. നിലവിൽ യൂനിറ്റിന് 19 പൈസ തുടർച്ചയായി ഈടാക്കിവരുന്നുണ്ട്. ഇതിൽ 10 പൈസ കെ.എസ്.ഇ.ബി സ്വന്തം നിലയിൽ പിരിക്കുന്നതും ഒമ്പത് പൈസ റെഗുലേറ്ററി കമീഷൻ അംഗീകരിച്ച നിരക്കുമാണ്. ഒമ്പത് പൈസ എന്നത് 17 പൈസയാക്കി വർധിപ്പിക്കണമെന്ന ആവശ്യം തള്ളിയ കമീഷൻ, ഒമ്പത് പൈസ ഈടാക്കുന്നത് തുടരാൻ അനുവദിച്ചു. 2024 ഏപ്രിൽ മുതൽ ജൂലൈ വരെ ഇന്ധന സർചാർജിനത്തിൽ 37.70 കോടി രൂപ പിരിക്കാൻ ലക്ഷ്യമിട്ടാണ് കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷന് അപേക്ഷ നൽകിയത്.
ഇന്ധന സർചാർജ് വർധിപ്പിക്കാതെ പിടിച്ചുനിൽക്കാനാവില്ലെന്നായിരുന്നു ഇതുസംബന്ധിച്ച തെളിവെടുപ്പിൽ കെ.എസ്.ഇ.ബിയുടെ വാദം. എന്നാൽ, നിലവിൽ ഈടാക്കുന്ന നിരക്കിൽനിന്ന് ഇന്ധന സർചാർജ് ഉയർത്തുന്നതിനോട് കമീഷൻ വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു. ഉപഭോക്താക്കൾക്ക് മേൽ കൂടുതൽ ഭാരം അടിച്ചേൽപിക്കാനാവില്ലെന്ന് കമീഷൻ ചെയർമാൻ തന്നെ തെളിവെടുപ്പിൽ വ്യക്തമാക്കി. ഇന്ധന സർചാർജിനത്തിൽ പിരിക്കേണ്ട നാലുമാസത്തെ തുക ഒരുമിച്ച് കണക്കാക്കി സമർപ്പിച്ചതിൽ തിരുത്തൽ ആവശ്യപ്പെട്ട കമീഷൻ, മൂന്നുമാസത്തെ കണക്ക് സമർപ്പിക്കാൻ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടിരുന്നു. ഉപഭോക്താക്കൾക്ക് അധികഭാരം വരുത്താത്തവിധം കണക്കുകൾ തയാറാക്കി സമർപ്പിക്കാനും റെഗുലേറ്ററി കമീഷൻ കെ.എസ്.ഇ.ബിക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.