തലശ്ശേരി: മകന് അനുവദിച്ച പരോൾ വിവാദമാക്കേണ്ടതില്ലെന്ന് കൊടി സുനിയുടെ മാതാവ് ചൊക്ലി നിടുമ്പ്രത്തെ ഷാരോൺ വില്ലയിൽ എം.പി. പുഷ്പയും സഹോദരി സുജിനയും. പരോള്‍ ലഭിച്ചത് നിയമപരമായാണ്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പല പ്രതികള്‍ക്കും പരോള്‍ ലഭിച്ചിട്ടുണ്ട്. സുനിയും പരോളിന് അര്‍ഹനാണെന്ന് കുടുംബം തലശ്ശേരിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ടി.പി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനി എന്ന സുനിൽകുമാറിന് കഴിഞ്ഞ ആറു വർഷമായി പരോൾ അനുവദിച്ചിരുന്നില്ല. നിരവധി തവണ ജയിൽ വകുപ്പിനും സർക്കാറിനും അപേക്ഷ സമർപ്പിച്ചിരുന്നു. അപ്പോഴൊന്നും പരോൾ അനുവദിച്ചിരുന്നില്ല. ഒടുവിൽ തന്റെ ആരോഗ്യസ്ഥിതി കൂടി ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുനിക്ക് ഇപ്പോൾ പരോൾ ലഭിച്ചത്. കേസിലെ മറ്റു പ്രതികൾക്കും നിരവധിതവണ പരോൾ അനുവദിച്ചിരുന്നു. അന്നില്ലാത്ത വിവാദം ഇന്ന് ഉണ്ടാകേണ്ടതില്ല.
‘‘ശ്വാസംമുട്ടലും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളുമുള്ളയാളാണ് അമ്മ. മകന്റെ സാമീപ്യം ഏതൊരമ്മയും ആഗ്രഹിക്കും. പരോൾ അനുവദിച്ചതിൽ അത്രയേ കാണേണ്ടതുള്ളു. വിവാദമാക്കാനൊന്നുമില്ല’’-സഹോദരി സുജിന പറഞ്ഞു. സുനി പരോളിന് അർഹനാണെന്നും കുടുംബം പറഞ്ഞു. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പ്രവേശിക്കരുതെന്ന് ഉൾപ്പെടെയുള്ള കർശന ഉപാധികളോടെയാണ് സുനിക്ക് പരോൾ അനുവദിച്ചത്. നിലവിൽ വയനാട്ടിലെ ബന്ധുവീട്ടിലാണ് കൊടി സുനിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.