കണ്ണൂർ: കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്ത് സി.പി.എം നേതാക്കള്‍. വടക്കുമ്പാട് കൂളിബസാറിലെ ബി.ജെ.പി പ്രവര്ത്തകന് നിഖില്‍ വധക്കേസിലെ ഒന്നാം പ്രതി ശ്രീജിത്തിന്റെ വീട്ടിലെ ചടങ്ങിനാണ് സംസ്ഥാന സമിതി അംഗം പി. ജയരാജന്, ജില്ല സെക്രട്ടറി എം.വി. ജയരാജന് തുടങ്ങിയവര്‍ എത്തിയത്. പി. ജയരാജൻ നാടമുറിച്ച് നേതാക്കൾക്കും വീട്ടുകാർക്കുമൊപ്പം വീടിന്റെ അകത്ത് പ്രവേശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കാരായി രാജൻ, മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉൾപ്പെടെയുള്ള നേതാക്കളും ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
2008 മാര്‍ച്ച് അഞ്ചിനാണ് ബി.ജെ.പി പ്രവര്ത്തകന് നിഖില്‍ കൊല്ലപ്പെട്ടത്. കേസില്‍ വടക്കുമ്പാട് സ്വദേശി ശ്രീജിത്ത് അടക്കം അഞ്ച് സി.പി.എം പ്രവർത്തകരെ തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ശിക്ഷ അനുഭവിക്കുന്ന ശ്രീജിത്ത് ഒരാഴ്ച മുമ്പാണ് പരോളിലിറങ്ങിയത്. സി.പി.എം തള്ളിപ്പറഞ്ഞ കൊലപാതക കേസ് പ്രതിയുടെ ഗൃഹപ്രവേശത്തിന് നേതാക്കള്‍ എത്തിയത് വിവാദമായി. അതേസമയം, ചടങ്ങുകൾക്ക് ക്ഷണിച്ചാൽ പോവുകയെന്നത് ഔചിത്യപൂർണമായ കാര്യമാണെന്നും പൊതുപ്രവർത്തകരുടെ കടമയാണെന്നും ജില്ല സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.