കോഴിക്കോട്: ചോദ്യചോർച്ച കേസിൽ പ്രതി എം.എസ് സൊലൂഷൻസ് സി.ഇ.ഒ ഷുഹൈബിന്റെ മുൻകൂർ ജാമ്യഹരജിയിൽ രണ്ടാം ജില്ല അഡീഷനൽ സെഷൻസ് ജഡ്ജി പി. സെയ്തലവി മുമ്പാകെ ചൊവ്വാഴ്ച വാദം നടന്നു. വിശദ വാദം കേൾക്കൽ ജനുവരി മൂന്നിലേക്ക് മാറ്റി.
പരീക്ഷക്ക് ചില ചോദ്യങ്ങൾ വരുമെന്നത് സംബന്ധിച്ച് സാധാരണ രീതിയിലുള്ള പ്രവചനം മാത്രമാണ് പ്രതി നടത്തിയതെന്നും ഇയാൾ മറ്റാരെങ്കിലുമായി ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്. ഓൺലെൻ പ്ലാറ്റ്ഫോമിൽ ആയിരക്കണക്കിന് പ്രവചനങ്ങൾ വരുന്നുണ്ട്. പ്രവചനം വന്നപ്പോൾ മാധ്യമങ്ങളിലും മറ്റും വാർത്ത വന്ന് സർക്കാർ സംവിധാനത്തിനെതിരെ വിമർശനമുയർന്നതിന് പ്രതിയെ ബലിയാടാക്കുകയാണ്. കൊടുവള്ളിയിലെ 23 വയസ്സുള്ളയാളെ പ്രതിയാക്കി സാധനങ്ങളൊക്കെ പിടിച്ചെടുത്തു. ചോദ്യപേപ്പർ അച്ചടിച്ചവരോ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരോ പ്രതിപ്പട്ടികയിലില്ല. ഗൂഢാലോചന, വഞ്ചന, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ പറയുന്നത്.എന്നാൽ, മറ്റാരെയും പ്രതിയാക്കിയിട്ടില്ല.
അതേസമയം, പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്നും മുൻകൂർ ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥരടക്കം മറ്റു വല്ലവരുമായി പ്രതി ഗൂഢാലോചന നടത്തിയെന്നതിന് ബലം നൽകുന്ന പ്രാഥമിക തെളിവുണ്ടെങ്കിൽ കേസ് പരിഗണിക്കുന്ന അടുത്ത ദിവസം നൽകാൻ കോടതി നിർദേശിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എം. ജയദീപും പ്രതിക്കായി അഡ്വ. പി. കുമാരൻ കുട്ടിയും അഡ്വ. എം. മുഹമ്മദ് ഫിർദൗസും ഹാജരായി. ഷുഹൈബിൽനിന്ന് മൊഴിയെടുക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.