23 വര്‍ഷംകൊണ്ടാണ് ഖുര്‍ആനിന്‍െറ അവതരണം പൂര്‍ത്തിയായത്. ഒന്നോ രണ്ടോ സൂക്തങ്ങള്‍ ഇറങ്ങുമ്പോള്‍ എല്ലാവരും അത് വായിക്കാന്‍ പഠിക്കുന്നതോടൊപ്പം ആശയം കൃത്യമായി മനസ്സിലാക്കുകയും അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും ചെയ്തു. അവതരണ ദൈര്‍ഘ്യത്തിന് ഇതും ഒരു കാരണമാണ്. ഖുര്‍ആനിന്‍െറ ഭാഷ അറബിയാണെങ്കിലും, ഖുര്‍ആന്‍ ഇറങ്ങുമ്പോള്‍ ഉണ്ടായ സമൂഹം അറബികളാണെങ്കിലും വിശുദ്ധ ഗ്രന്ഥത്തിന്‍െറ ശൈലിയും ഘടനയും അദ്വിതീയമാണ്. അറബ് സാഹിത്യത്തില്‍ അഗ്രേസരായ അന്നത്തെ ജനതയോട് ഖുര്‍ആനിലെ സൂക്തത്തോട് സമാനമായ സൂക്തം കൊണ്ടുവരാന്‍ പറഞ്ഞപ്പോള്‍ സാധിക്കാതെ മുട്ടുമടക്കിയത് ചരിത്രത്തില്‍ വായിക്കാം.
കേവലം അറബിഭാഷാ പരിജ്ഞാനംകൊണ്ട് മാത്രം ഖുര്‍ആനിന്‍െറ ആഴം മനസ്സിലാക്കാന്‍ സാധിക്കില്ല. അതിന്‍െറ ശൈലി, ഘടന, അവതരണകാലം തുടങ്ങിയവയും മനസ്സിലാക്കണം. അതിനു കൃത്യമായ വഴികള്‍ സ്വീകരിക്കണം. പ്രവാചകന്‍ മുതലുള്ള പാരമ്പര്യം വഴി ഖുര്‍ആനിനെ മനസ്സിലാക്കണം. ഖുര്‍ആനിനെ കുറിച്ചുള്ള ചിലരുടെ അല്‍പജ്ഞാനമാണ് ഇസ്ലാമിക സമൂഹത്തെ തെറ്റിദ്ധരിക്കാനുള്ള പ്രധാന കാരണം.
ഖുര്‍ആനിന്‍െറ സ്വരമാധുരി അപാരമാണ്. ഖുര്‍ആന്‍ പാരായണ നിയമ ശാസ്ത്രങ്ങള്‍ കൃത്യമായി പാലിച്ചുള്ള പാരായണം ആരെയും ആകര്‍ഷിക്കുന്നതാണ്. ആരോഹണ അവരോഹണങ്ങളും താളലയങ്ങളും സ്വരസ്ഥായീഭേദങ്ങളും നിറഞ്ഞ ഖുര്‍ആനിന്‍െറ പാരായണരീതി സംഗീതാത്മകം കൂടിയാണ്. പ്രഥമ ഖലീഫ അബൂബക്കര്‍ സിദ്ദീഖ് ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ കേള്‍ക്കാന്‍ ആള്‍ക്കാര്‍ തടിച്ചുകൂടുമായിരുന്നു. അബൂബക്കര്‍ സിദ്ദീഖ് ആള്‍ക്കൂട്ടത്തില്‍വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യരുതെന്നായിരുന്നു പലപ്പോഴും ഖുറൈശികളുമായുള്ള സന്ധിസംഭാഷണങ്ങളില്‍ അവര്‍ വെക്കാറുണ്ടായിരുന്ന വ്യവസ്ഥ. പക്ഷേ, അബൂബക്കര്‍ സിദ്ദീഖ് ഇത് സ്വീകരിക്കാറില്ല.
കഠിന ശത്രുത കാരണം പ്രവാചകന്‍െറ തലയെടുക്കാന്‍ പുറപ്പെട്ട ഉമറുല്‍ ഫാറൂഖ്, വഴിമധ്യേ സഹോദരിയുടെ ഇസ്ലാമികാശ്ളേഷം മനസ്സിലാക്കി അങ്ങോട്ട് പുറപ്പെട്ടു. സഹോദരിയുടെയും തലയെടുക്കലായിരുന്നു ലക്ഷ്യം. പക്ഷേ, സഹോദരിയുടെ ഖുര്‍ആന്‍ പാരായണത്തിന്‍െറ വശ്യതയില്‍ ലയിച്ച ഉമര്‍ ഖുര്‍ആന്‍ പുണര്‍ന്ന് ഇസ്ലാമിലേക്ക് വരുകയും പിന്നീട് ഇസ്ലാമിക് റിപ്പബ്ളിക്കിന്‍െറ രണ്ടാം ഖലീഫയെന്ന പദവിയില്‍ ഭരണം നടത്തുകയും ചെയ്തു. ആധുനിക സമൂഹത്തിലെ വിവിധ കോണുകളിലെ പ്രമുഖര്‍ ഇസ്ലാമിക സരണിയിലേക്ക് കടന്നുവരുന്നതിന്‍െറ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ വിശുദ്ധ ഖുര്‍ആനിലേക്കാണ് എത്തിച്ചേരുന്നത്. വിശുദ്ധ ഖുര്‍ആനിന്‍െറ അധ്യാപനങ്ങള്‍ സ്വമേധയാ വരിക്കാനും പ്രചരിപ്പിക്കാനും തെറ്റിദ്ധരിക്കപ്പെടുന്നവരുടെ സംശയങ്ങള്‍ തീര്‍ക്കാനുമുള്ള പ്രതിബദ്ധത നമുക്കുണ്ടാവണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.