മരുഭൂമി പൂത്തുലയുന്ന മാസം

മരുഭൂമി ഇപ്പോള്‍ വസന്തത്തിന്‍െറ മര്‍മരമുതിര്‍ക്കുകയാണ്. ആത്മവിശുദ്ധിയുടെ പൂക്കാലമായ പുണ്യറമദാന്‍ അരികിലത്തെിക്കഴിഞ്ഞു. ഓരോ റമദാന്‍ മാസവും സമാഗതമാകുമ്പോള്‍ നനവുള്ള ഓര്‍മകളാണ് ഓടിയത്തെുന്നത്. തുള്ളിക്കൊരു കുടമായി പെയ്യുന്ന കര്‍ക്കടകപ്പേമാരിയില്‍ മക്കളെ അത്താഴവിരുന്നിന് വിളിച്ചുണര്‍ത്തി ‘നിയ്യത്ത്’ ചൊല്ലി പഠിപ്പിച്ചിരുന്ന കാരുണ്യത്തിന്‍െറ കടല്‍നിറവായിരുന്ന ഉമ്മമാരും ഇന്നില്ല. കുഞ്ഞിളം വിരലുകള്‍ ചേര്‍ത്തുപിടിച്ച് ആദ്യമായി പള്ളിയിലേക്ക് കൊണ്ടുപോയ ഉപ്പയും. അത്താഴം കഴിച്ച് നിയ്യത്ത് ചൊല്ലിത്തന്ന ഉമ്മയും അരികിലില്ളെന്ന തീരാവ്യഥയിലൂടെയാണ് ഓരോ പ്രവാസിയുടെയും റമദാന്‍ രാപകലുകള്‍ കടന്നുപോകുന്നത്. വ്രതം അതീവ വിശുദ്ധമാകുന്നത് ഇല്ലായ്മയിലൂടെയും വല്ലായ്മയിലൂടെയും കടന്നുപോകുമ്പോഴാണ്.

അതുകൊണ്ടുതന്നെയാണ് ഒന്നും മുളപ്പിക്കാനാകാത്ത മരുഭൂമി വ്രതകാലമത്തെുമ്പോള്‍ ആത്മീയനിറവില്‍ കാനനപ്പച്ച വിരിയിച്ചുകൊണ്ട് സത്യവിശ്വാസിയെ വരവേല്‍ക്കുന്നത്.48 സെല്‍ഷ്യസ് ചൂടില്‍ ജ്വലിക്കുന്ന മാനത്തിനുകീഴെ പൊള്ളുന്ന ഭൂമിക്ക് മുകളില്‍നിന്ന് നീണ്ട നീണ്ട മണിക്കൂറുകള്‍ നോമ്പെടുത്ത് ‘കണ്‍സ്ട്രക്ഷന്‍ വര്‍ക് സൈറ്റില്‍’ പണിയെടുക്കുന്ന തൊഴിലാളിയും- ബാങ്ക് വിളി കേട്ടിട്ടും ഒന്നും കഴിക്കാനില്ലാതെ മക്കള്‍ തെണ്ടിത്തിരിഞ്ഞു കൊണ്ടുവന്ന കപ്പക്കിഴങ്ങും ശര്‍ക്കരക്കാപ്പിയും തയാറാക്കി കഴിക്കാനിരിക്കുമ്പോള്‍ ഇശാ ബാങ്ക് വിളികേട്ട ഉമ്മയുടെ ദൈന്യത... എന്നിട്ടും പരാതികളും പരിഭവങ്ങളുമില്ലാതെ അചഞ്ചലമായ വിശ്വാസംകൊണ്ട് വ്രതത്തെ മഹത്ത്വവത്കരിച്ച ത്യാഗപുണ്യം അവര്‍ക്കുള്ളതാണ്... ഇഫ്താര്‍ സംഗമങ്ങളുടെ തിരക്കിലും ബഹളത്തിലും നാം അവരെ ഓര്‍ക്കുന്നതുതന്നെ വലിയ സുകൃതമാണ്. മലയാളത്തിന്‍െറ വലിയ എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്‍െറ കഥയിലെ മെതിയടി വില്‍ക്കാന്‍പോയ മക്കള്‍ അരികൊണ്ടുവരുന്നതും പ്രതീക്ഷിച്ച് അടുപ്പില്‍ വെള്ളം തിളപ്പിച്ച് കാത്തിരിക്കുന്ന ഒരു അമ്മയുടെ അഗാധമായ ആധി പുതിയകാലത്തിന് അജ്ഞാതമാണ്.

അകാരണമായ ഇത്തരം തീക്ഷ്ണ പരീക്ഷണഘട്ടങ്ങള്‍ അതിജീവിച്ച് വ്രതനാളുകള്‍ പൂര്‍ത്തീകരിക്കുമ്പോഴാണ് വിശ്വാസം കേവലം അനുഷ്ഠാനത്തിനപ്പുറത്തെ ആഴത്തിലുള്ള വൈകാരിക അനുഭവംകൂടിയായി മാറുന്നത്. അതുകൊണ്ടുതന്നെയാണ് ജലസ്രോതസ്സുകളില്ലാത്ത, പച്ചപ്പിന്‍െറ മര്‍മരങ്ങളില്ലാത്ത ശുദ്ധ മണല്‍ഭൂമി വ്രതമാസത്തിന്‍െറ തിരുപ്പിറവിക്ക് ആരൂഢമായത്. കഠിനകാലം മാത്രം കണികണ്ടുണരുന്ന ഈ വന്ധ്യഭൂമിയില്‍തന്നെ എന്തിന് നോമ്പുകാലം പിറന്നു എന്ന് വിശ്വാസഗരിമ പാകപ്പെടാത്ത ഞാനടക്കമുള്ള കേവല മനുഷ്യര്‍ ആശങ്കപ്പെട്ടിരുന്നു. ആത്മാര്‍ഥമായ ദൈവബോധം ധൈഷണികമായ ചിന്തയും നിരീക്ഷണവുമായി വളരുമ്പോള്‍ ഉള്ളില്‍ തെളിയുന്ന സത്യസന്ധമായ ചില ബോധ്യങ്ങള്‍ നമ്മുടെ ആശങ്കകള്‍ക്കുള്ള ഉത്തരമായി ഭവിക്കും.

‘ഉത്തമമായ ഒരു മാനവസമൂഹം ഭൂമുഖത്ത് സുസ്ഥിരമാകണമെങ്കില്‍ എല്ലാ മാലിന്യങ്ങളെയും വിമലീകരിക്കുന്ന ഉഷ്ണഭൂമിതന്നെയാണ് അഭികാമ്യം. സാമ്രാജ്യങ്ങളുടെ അധിനിവേശങ്ങളുടെയും പടയോട്ടങ്ങളുടെയും യുദ്ധങ്ങളുടെയും ചോരപ്പാടിന്‍െറ ചരിത്രം മരുഭൂമിക്കില്ല. ദൈവനിഷേധികള്‍ക്കെതിരെ ചെറുത്തുനില്‍പും പ്രതിരോധവും ഉണ്ടായതൊഴിച്ചാല്‍ ശുദ്ധശൂന്യമായ മണലാരണ്യംതന്നെയാണ് സത്യം. വിശ്വാസിയുടെ അകം തണുപ്പിക്കുന്ന തീര്‍ഥമായി ‘റമദാന്‍ പിറ’ മാറിയത് വിശ്വാസത്തിന്‍െറ പവിത്രത നിത്യമായി കാത്തുസൂക്ഷിക്കാന്‍ കല്‍പിക്കപ്പെട്ട മരുഭൂമിയില്‍തന്നെ.

കന്യാമനസ്സുള്ള മരുഭൂമിക്ക് മനോഹരമായ മാനുഷിക ഭാഷയുണ്ടെന്ന് ലോകത്തെ പഠിപ്പിച്ചത് പ്രവാചകന്‍ മുഹമ്മദ് നബി(സ)യാണ്. അദ്ദേഹം വിദ്യാസമ്പന്നനോ ഭാഷാ പണ്ഡിതനോ ഒന്നുമായിരുന്നില്ല! എന്നിട്ടും, വിശ്വമാകെ പൂത്ത് പരിമളം പരത്തുന്ന ഒരു ജൈവഭാഷ അദ്ദേഹം സ്വായത്തമാക്കി. ആ ജൈവഭാഷയുടെ പുണ്യപൂരണമായി വിശുദ്ധ ഖുര്‍ആന്‍ മരുഭൂമിയിലേക്ക് അവതീര്‍ണമായി. ക്രമേണ ദൈവവചനം ഉല്‍പാദിപ്പിച്ച കാന്തികപ്രഭയില്‍ സര്‍വ ചരാചരവും സുന്ദര സുരഭിലമായിത്തീരുകയായിരുന്നു.

റബീഅ് (വസന്തം) എന്ന അറബി വാക്കിന്‍െറ അര്‍ഥവ്യാപ്തി അനുഭവപ്പെടുന്നത് ചുട്ടുപൊള്ളുന്ന മണലാരണ്യത്തിലല്ല! പുലര്‍കാലവേളയില്‍ പെയ്തിറങ്ങുന്ന നേര്‍ത്ത മണ്ണിന്‍െറ പുടവമാറ്റി പൂക്കളും ശലഭങ്ങളും ഉന്മാദിയാകുന്ന യഥാര്‍ഥ വസന്തം വന്നണയുന്നത് സത്യവിശ്വാസിയുടെ ഹൃദയതടത്തിലാണ്. ഇസ്ലാമിന്‍െറ ആരാധനാകര്‍മങ്ങള്‍ ഒക്കെയും പ്രണാമതുല്യമായ സമര്‍പ്പണമാണ്. പ്രാപ്യമായതൊ ക്കെ ത്യജിച്ചുകൊണ്ടുള്ള ഒരു ആത്മബലി. വ്രതം അതിനുള്ള മികച്ച ഉദാഹരണമാണ്. സ്രഷ്ടാവും തന്‍െറ സൃഷ്ടിയും തമ്മിലെ ഒരു സ്വകാര്യ ഉടമ്പടി. അത് എപ്പോഴും എവിടെവെച്ചും ലംഘിക്കപ്പെടാം. ഒരു കവിള്‍ ജലപാനത്തിലൂടെയോ, അല്ളെങ്കില്‍ ഒരു മാത്രയില്‍ അല്‍പം രുചിസായൂജ്യത്തിലൂടെയോ. ആരും അറിയാന്‍ പോകുന്നില്ല! പക്ഷേ, സത്യവിശ്വാസിയുടെ പ്രതിജ്ഞാ വാചകം സുഭദ്രമാണ്. അതുകൊണ്ടാണ് അല്ലാഹു പറഞ്ഞത് ‘നോമ്പ് എനിക്കുള്ളതാണ്, അതിന്‍െറ പ്രതിഫലം ഞാന്‍ നല്‍കുമെന്ന്’.

മനുഷ്യമനസ്സ് തൊട്ടാല്‍ പൊട്ടുന്ന അപകടകരമായ സ്ഫോടക വസ്തുക്കള്‍ നിറച്ച ഒരു ഇരുള്‍ ഖനിക്ക് തുല്യമാണ്. ആ ഖനിയറക്കുള്ളിലേക്കാണ് സാന്ത്വനത്തിന്‍െറയും സഹനത്തിന്‍െറയും നിത്യശാന്തിയുടെയും സൂക്തങ്ങളുമായി പരിശുദ്ധ ഖുര്‍ആന്‍ പ്രഭചൊരിഞ്ഞുകൊണ്ടിരിക്കുന്നത്.  മനുഷ്യമനസ്സിനെ മഞ്ഞുപോലെ മാര്‍ദവമുള്ളതാക്കി മാനവരാശിക്ക് പിന്‍പറ്റാവുന്ന മാതൃകായോഗ്യരായ ജനതയെ ഭൂമിയില്‍ സൃഷ്ടിക്കുക എന്നതാണ് വ്രതം എന്ന ആരാധനാകര്‍മത്തിന്‍െറ മഹത്തായ ലക്ഷ്യം. ‘നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകാന്‍വേണ്ടി നോമ്പ് നിര്‍ബന്ധമാക്കി’ എന്ന പ്രപഞ്ചനാഥന്‍െറ കല്‍പനതന്നെയാണ് മുറുകെപ്പിടിക്കേണ്ടത്. ‘സൂക്ഷ്മത’ സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏകതാനഭാവത്തിലുള്ള അര്‍ഥമല്ല പകര്‍ന്നുനല്‍കുന്നത്. അതിന് നാനാര്‍ഥമാണ്. ‘ജീവിതം പോലെ ആഴവും പരപ്പുമുള്ള നാനാര്‍ഥം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.