മാതം കണ്ടിനിയോ... ബിളിബിളി ഇട്ടിണിയോ...

ഒാരോരോ കടല്‍തീരത്തും ഞങ്ങള്‍ ഒത്തുകൂടും. വെള്ളംകുറഞ്ഞ സമയമാണെങ്കില്‍ കടലിലേക്ക് ഇറങ്ങിനില്‍ക്കും. മാസപ്പിറവി കാണുന്നോ എന്നറിയാന്‍.
‘മാതം കണ്ടിനിയോ
ബിളിബിളി ഇട്ടിണിയോ
അത്താളത്തെ ശട്ടിവടിപ്പാന്‍
ഫാര്‍ല ഫസ്കി ബന്നിനിയോ’ (മാസം കണ്ടോ, വിളിയാളം മുഴക്കിയോ, അത്താഴപ്പാത്രം വൃത്തിയാക്കാന്‍ പക്ഷി പറന്നത്തെിയോ) എന്ന പാട്ടുംപാടിയാണ് പണ്ടൊക്കെ ഇരിക്കുക.

കരയിലേതുപോലെ ഹിലാല്‍ കമ്മിറ്റികളും അവരുമായി ബന്ധപ്പെട്ട ആളുകളും മാത്രമല്ല. ദ്വീപിലെ മനുഷ്യര്‍ മുക്കാലേ മുന്താണിയും അവിടെ ഉണ്ടാവും. കോഴിക്കോട്ട് കണ്ടാല്‍ മലപ്പുറത്തും കണ്ണൂരുമൊക്കെ നോമ്പാവുന്നതുപോലെ അല്ല. ലക്ഷദ്വീപിലെ ഓരോ ദ്വീപിലും മാസം കണ്ടതനുസരിച്ച് അവിടത്തെ ഖാദിമാര്‍ നോമ്പ് പ്രഖ്യാപിക്കുകയാണ് ചെയ്യുക. മിക്കപ്പോഴും ഒരേ ദിവസം തന്നെയാണ് നോമ്പ് തുടങ്ങുക. മാസം ഉറപ്പിച്ചാല്‍ സ്വലാത്ത് ചൊല്ലി പരസ്പരം ആലിംഗനം ചെയ്ത് , വീഴ്ചകള്‍ പൊരുത്തപ്പെടീച്ച് റമദാനിലേക്ക് പ്രവേശിക്കാന്‍ തയാറെടുക്കും. തറാവീഹിന് പള്ളി നിറയെ ആളായിരിക്കും. നമസ്കാരശേഷം പള്ളിമുറ്റത്ത് വിത്റിയ എന്ന ഒത്തുചേരല്‍. പ്രാര്‍ഥനകളും സ്വലാത്തും നടത്തുന്നവര്‍ക്കായി വീടുകളില്‍നിന്ന് ഭക്ഷണവും മധുരപാനീയങ്ങളും കൊണ്ടുവരും. സ്ത്രീകള്‍ വീടുകളില്‍ ഒത്തുചേര്‍ന്നാണ് നമസ്കരിക്കുക. തെളിമയാര്‍ന്ന കടല്‍പോലെയാണ് നോമ്പുകാലത്തെ പകലുകള്‍.

നോമ്പുതുറക്കാന്‍ പള്ളിയില്‍പോകുന്ന പതിവ് കുറവാണ്. വീടുകളിലാണ് നോമ്പുതുറ. കൂട്ടുകാരും കുടുംബങ്ങളും ഒത്തുകൂടി കടലോരത്ത് പോയിരുന്ന് ഇഫ്താര്‍ നടത്തും. സമൂഹ നോമ്പുതുറകളും നടക്കാറുണ്ട്. ഇളനീരുകൊണ്ടാണ് നോമ്പ് തുറക്കുക. അത് ദ്വീപില്‍ പണ്ടേക്കുപണ്ടേ ഉള്ള ശീലം. ചെറുപലഹാരങ്ങള്‍ കഴിഞ്ഞാല്‍ ഒറട്ടിയും മാസ് കറിയും. കേരളത്തില്‍ പത്തിരിയും ഇറച്ചിയും വിളമ്പുന്ന അതൃപ്പത്തില്‍ ഞങ്ങളവിടെ കഴിക്കുന്നത് അതാണ്. ഉണക്ക മാസ് കുതിര്‍ത്തി തേങ്ങാപ്പാലില്‍ വെക്കുന്ന ആ കറി ഒരു സംഭവം തന്നെയാണ്. മീനുകൊണ്ടുള്ള വിഭവങ്ങളാണ് കൂടുതലും ഉണ്ടാക്കുക. ചരിത്രപരമായി കണ്ണൂരുമായുള്ള അടുപ്പംമൂലം കണ്ണൂരിലെ വിശേഷ പലഹാരങ്ങളും യാത്രാസൗഹൃദങ്ങള്‍മൂലം കൊച്ചിയിലെയും കോഴിക്കോട്ടെയും രുചികളും ഇപ്പോള്‍ കടല്‍കടന്ന് എത്തുന്നുണ്ട്.

ദ്വീപില്‍ പരമദരിദ്രര്‍ ഇല്ല, അതി സമ്പന്നരും ഇല്ല. നോമ്പുകാലത്ത് സകാത്തിനായി വീടുകള്‍ കയറിയിറങ്ങുന്ന പതിവ് ഇവിടെ ഇല്ല. കുടുംബത്തിലെ ആളുകളുടെ ഇല്ലായ്മകളും അവശതകളും മനസ്സിലാക്കി അവരെ ഉയര്‍ത്തിയെടുക്കാന്‍ വേണ്ട പ്രവൃത്തികള്‍ മറുകൈ അറിയാതെ ചെയ്യാനാണ് ഓരോരുത്തരും ശ്രദ്ധിക്കാറ്. മറ്റു റിലീഫ് പ്രവര്‍ത്തനങ്ങളും ദാനധര്‍മങ്ങളും പള്ളികള്‍ കേന്ദ്രീകരിച്ചാണ് അധികവും നടക്കുക. പാര്‍ലമെന്‍റ് സമ്മേളനം ഇല്ലാത്ത ദിവസങ്ങളില്‍ നാട്ടില്‍തന്നെ നില്‍ക്കണമെന്ന് ഭാര്യ റഹ്മത്ത് ബീഗം ഇപ്പോഴേ പറഞ്ഞുവെച്ചിട്ടുണ്ട്. മക്കള്‍ ഫസ്ന, ലിയാന, നവീദ എന്നിവര്‍ ഇത്തവണ മുഴുവന്‍ നോമ്പും പിടിക്കണമെന്നുപറഞ്ഞ് നടക്കുകയാണ്. ഇളയ മകന്‍ ഖുത്ബുദ്ദീന്‍ ഭക്തിയാറിനോടും അവര്‍ പിടിക്കാന്‍പോകുന്ന നോമ്പിനെക്കുറിച്ച് ഇത്താത്തമാര്‍ പറഞ്ഞുകൊടുക്കുന്നുണ്ട്.

സര്‍ സയ്യിദില്‍ പഠിക്കുമ്പോള്‍ കണ്ണൂരും തലശ്ശേരിയിലും കുറ്റ്യാടിയിലും മറ്റുമുള്ള കൂട്ടുകാരുടെ വീട്ടില്‍ നോമ്പുതുറ സല്‍ക്കാരത്തിന് പോയത് ഇന്നലെ എന്നപോലെ കണ്ണില്‍വരും. എണ്ണിയാല്‍ തീരാത്ത വിഭവങ്ങളാണ് നിരത്തിവെച്ചിട്ടുണ്ടാവുക. നോമ്പുതുറയും തറാവീഹും അത്താഴവും സുബ്ഹിയും കഴിഞ്ഞ് തളര്‍ന്നുറങ്ങി പിറ്റേന്ന് നോമ്പുതുറക്കാനടുപ്പിച്ചാണ് പലപ്പോഴും ഹോസ്റ്റലില്‍ തിരിച്ചത്തെിയിരുന്നത്. അവിടെ ഹോസ്റ്റല്‍ കാന്‍റീനിലും നോമ്പുതുറ സുഭിക്ഷമായിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ എം.ബി.എക്ക് പഠിക്കുമ്പോള്‍ ചേളാരി പള്ളിയില്‍ നോമ്പുതുറക്കാന്‍ പോവുമായിരുന്നു. ഇടയത്താഴം കിട്ടാന്‍ വഴിയില്ലല്ളോ എന്നോര്‍ത്ത് സങ്കടം വരുമായിരുന്നു. പക്ഷേ, സഹകരണ ബാങ്കിന്‍െറ അടുത്ത് തട്ടുകട നടത്തിയിരുന്ന മാസൂം വീട്ടില്‍നിന്ന് ഭക്ഷണം ഉണ്ടാക്കി ഞങ്ങളെ വിളിച്ചുണര്‍ത്തി അത്താഴം വിളമ്പും. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി രാജ്യമൊട്ടുക്ക് സഞ്ചരിക്കാനും അവിടത്തെ പല വിഭവങ്ങളും രുചിക്കാനും പടച്ചവന്‍െറ അനുഗ്രഹത്താല്‍ അവസരം ലഭിക്കുന്നുണ്ട്. ദ്വീപിലെ മാസ് കറി കൂട്ടിയുള്ള ഭക്ഷണം കഴിഞ്ഞാല്‍ ഇന്നും എന്‍െറ പ്രിയപ്പെട്ട രുചി മാസൂം ആ പാതിരാവില്‍ വിളമ്പിത്തന്ന ഭക്ഷണമാണ്.

തയാറാക്കിയത്: സവാദ് റഹ്മാന്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.